
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ(എസ്.സി.ഒ.) സാംസ്കാരിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പാകിസ്താൻ കാലാവസ്ഥാവ്യതിയാന മന്ത്രി മുസാദിഖ് മാലിക് എത്തിയത് വിവാദത്തിന് ഇടയാക്കി. സിന്ധുനദീജലക്കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിക്കെതിരേ മുൻപ് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിട്ടുള്ളയാളാണ് മാലിക്.
ഭീകരവാദവിരുദ്ധ നടപടികൾ, നയതന്ത്രനടപടികൾ എന്നിവയിൽ കേന്ദ്രത്തിന് സ്ഥിരതയില്ലെന്നും ഇരട്ടത്താപ്പാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് മാലിക് ഉപയോഗിച്ച ഭാഷ ഭീകരവാദികളുടേതിന് സമാനമായിരുന്നെന്ന് കോൺഗ്രസ് രാജ്യസഭാംഗം പ്രമോദ് തിവാരി വിമർശിച്ചു. ചർച്ചയും ഭീകരവാദവും ഒരേ സമയം സാധ്യമല്ലെന്ന് വാദിച്ചവർ, പാകിസ്താൻ മന്ത്രിയെ അതിഥിയായി സ്വീകരിച്ചിരിക്കയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് ഫഖ്രുൽ ഹസ്സൻ ചന്ദ് പരിഹസിച്ചു. എന്നാൽ, പാക് മന്ത്രിയുടെ സന്ദർശനം ആഗോളകൂട്ടായ്മയുടെ ഭാഗമായുള്ള നടപടിയാണെന്നും ഇതുമായി ഉഭയകക്ഷി ബന്ധങ്ങൾക്ക് ബന്ധമില്ലെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു.
സംസ്കാരങ്ങളും നാഗരികതകളും ദേശീയ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിച്ചു കിടക്കുന്നതാണെന്നും ദേശീയ അതിരുകൾക്കപ്പുറമുള്ള പൊതുവായ പൈതൃകത്തെക്കുറിച്ച് രാജ്യങ്ങൾ തമ്മിൽ സംവദിക്കാനുള്ള വലിയൊരു അവസരമാണ് ഈ സമ്മേളനമെന്നും മാലിക് ഉച്ചകോടിയിൽ അഭിപ്രായപ്പെട്ടു.
മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും, ഇത്തരം സാംസ്കാരിക സംവാദങ്ങളിലൂടെ ഇന്ത്യയും പാകിസ്താനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ, പാകിസ്താൻ, റഷ്യ, ചൈന, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവയുടെ സംസ്കാരങ്ങളും പാരമ്പര്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം ചർച്ച ചെയ്യുന്നതിനാണ് എസ്.സി.ഒ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനുംശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യത്തെ പാക് മന്ത്രിയാണ് മാലിക്. സിന്ധുനദീജലക്കരാർ ഇന്ത്യ റദ്ദാക്കിയപ്പോൾ, പാകിസ്താന്റെ വെള്ളത്തിൽ തൊടുന്നവരുടെ കൈകൾ വെട്ടിമാറ്റും എന്ന് വിവാദപ്രസ്താവന നടത്തിയിരുന്നു. 2023-ൽ ഗോവയിൽനടന്ന എസ്.സി.ഒ. യോഗത്തിൽ അന്നത്തെ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പങ്കെടുത്തതിനുശേഷം ആദ്യമായാണ് ഒരു പാക് മന്ത്രി ഇന്ത്യയിലെത്തുന്നത്.
താജ്മഹൽ സന്ദർശനം വിലക്കി കേന്ദ്രം
: ഡൽഹിയിലെത്തിയ മുസാദിഖ് മാലിക് താജ്മഹലും ഹസ്രത് നിസാമുദ്ദീൻ ദർഗയും സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കേന്ദ്രം അവയ്ക്കുള്ള അനുമതി നിഷേധിച്ചു. എസ്.സി.ഒ. ഉച്ചകോടിയിൽ പങ്കെടുക്കാൻ മാത്രമാണ് വിസ നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണിതെന്നാണ് റിപ്പോർട്ട്.
Content Highlights: Pakistan climate change minister Musadik Malik attended the SCO cultural summit in Delhi, sparking political controversy., The opposition criticized the central government for inviting the Pakistani minister, citing his past aggressive rhetoric., The central government clarified that the visit is part of a multilateral global grouping and not bilateral engagement., Malik's requests to visit the Taj Mahal and Hazrat Nizamuddin Dargah were denied by the central government.
Published: 21 Nov 2026, 07:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented