തിരുവനന്തപുരം: ഒരിടളവേളയ്ക്കുശേഷം പരസ്പരം പോരിനിറങ്ങി സി.പി.എമ്മും സി.പി.ഐ.യും. പി.എം-ശ്രീ പദ്ധതിയിൽ ഇടതുസർക്കാർ അബദ്ധവശാൽ ഒപ്പിട്ടുപോയതാണെന്ന എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണന്റെ പരാമർശമാണ് പുതിയ തർക്കത്തിന് വഴിവെച്ചത്.
രാമകൃഷ്ണൻ പറഞ്ഞതിനെ സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം പിന്തുണച്ചതാണ് ഇടതുസർക്കാരിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന വി. ശിവൻകുട്ടിയെ പ്രകോപ്പിച്ചത്. വെള്ളിയാഴ്ച പത്രസമ്മേളനം വിളിച്ച് ശിവൻകുട്ടി സി.പി.ഐ.ക്കും ബിനോയ് വിശ്വത്തിനുമെതിരേ കടുത്ത വിമർശനം ഉയർത്തി. അതിന് പിന്നാലെ, ശിവൻകുട്ടിക്ക് മറുപടിയുമായി ബിനോയ് വിശ്വവും രംഗത്തുവന്നു.
സർക്കാരിന്റെ ഭാഗമായിരുന്നില്ലേ സി.പി.ഐ.- ശിവൻകുട്ടി
രണ്ടാം പിണറായി സർക്കാരിൽ നാലു മന്ത്രിമാരും ഒരു ഡെപ്യൂട്ടി സ്പീക്കറും സി.പി.ഐക്കുണ്ടായിരുന്നുവെന്ന് വി. ശിവൻകുട്ടി പറഞ്ഞു. സർക്കാരിന്റെ നേട്ടങ്ങളെല്ലാം സ്വന്തമാക്കുകയും വിമർശനങ്ങളെല്ലാം സി.പി.എമ്മിന്റെ കുറ്റവുമെന്ന സി.പി.ഐ. നിലപാട് അംഗീകരിക്കാനാകില്ല. പി.എം-ശ്രീയിൽ ഞങ്ങൾ തിരുത്തിച്ചതുകൊണ്ടാണ് എൽ.ഡി.എഫിന്റെ അന്തസ്സ് രക്ഷിച്ചത് എന്നുള്ള സി.പി.ഐ. വാദവും അംഗീകരിക്കില്ല.
പി.എം-ശ്രീ നടപ്പാക്കേണ്ടതില്ലെന്നാണ് എൽ.ഡി.എഫിന്റെ നിലപാട്. എസ്.എസ്.കെ. ഫണ്ട് ലഭിക്കുമെന്ന് കരുതിയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. അത് ലഭിക്കില്ലെന്ന് മനസ്സിലായപ്പോഴാണ് പിന്മാറുന്നതായി കേന്ദ്രത്തെ അറിയിച്ചത്. അത് ദുർബലനിമിഷത്തിൽ സംഭവിച്ചതാണെന്നൊന്നും പറയാനാവില്ല.
ടി.പി. രാമകൃഷ്ണൻ ഏത് മാനസികാവസ്ഥയിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. കേന്ദ്രത്തിൽനിന്ന് ലഭിക്കാനുള്ള 1500 കോടി വാങ്ങണമെന്ന് താൻ പറഞ്ഞതാണോ ദുർബലനിമിഷമായി ടി.പി. കണക്കാക്കിയതെന്ന് അറിയില്ല -ശിവൻകുട്ടി പറഞ്ഞു.
ആർക്കുവേണ്ടിയാണ് ഈ കുത്തിപ്പൊക്കൽ- ബിനോയ് വിശ്വം
ശിവൻകുട്ടി എന്തിന് വേണ്ടിയാണ് ഇപ്പോൾ ഒരുകാര്യവുമില്ലാതെ പ്രകോപനം കുത്തിപ്പൊക്കാൻ ശ്രമിച്ചതെന്നറിയില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. പി.എം-ശ്രീയെക്കുറിച്ച് പറയാനുള്ളതെല്ലാം എൽ.ഡി.എഫ്. കൺവീനർ പറഞ്ഞിട്ടുണ്ട്. ശിവൻകുട്ടി ഓർക്കേണ്ടത് യു.ഡി.എഫിലെ തമ്മിലടിയാണ്. യു.ഡി.എഫ്. ആകെ അടിയുടെയും ഇടിയുടെയും വേദിയാകുമ്പോൾ എൽ.ഡി.എഫിലും ആകെ പ്രശ്‌നമാണെന്ന് വരുത്തിത്തീർക്കാനാണെങ്കിൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതു മുന്നണിയിൽ തർക്കങ്ങളുണ്ട്. പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച കാര്യം തർക്കത്തിൽ തന്നെയാണ്. അതൊന്നും പരസ്യമായ തർക്കവിഷയമാക്കി മാറ്റാത്തത് രാഷ്ട്രീയബോധം കൊണ്ടാണ്. ആ രാഷ്ട്രീയബോധം ശിവൻകുട്ടി മറുന്നുപോയോയെന്ന് സംശയമുണ്ട്- ബിനോയ് വിശ്വം പറഞ്ഞു.
Content Highlights: LDF Convenor TP Ramakrishnan stated that the LDF government accidentally signed the PM-SHRI scheme., CPI State Secretary Binoy Viswam supported Ramakrishnan's remarks, triggering a strong reaction from CPM leader V. Sivankutty., Sivankutty criticized CPI for distancing themselves from government decisions while enjoying power., Binoy Viswam questioned Sivankutty's motives behind stirring up an unnecessary public controversy.
Published: 21 Nov 2026, 07:54 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented