
മാനന്തവാടി: മേലേ തലപ്പുഴ കൊടക്കാട് മേഖലയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിൽ മാവോവാദികൾ ഛത്തീസ്ഗഢ് മാതൃകയിൽ തണ്ടർബോൾട്ട് സേനാംഗങ്ങളെ ആക്രമിക്കാനൊരുങ്ങിയെന്ന് പോലീസ് നിഗമനം.
ഛത്തീസ്ഗഢിലെ മാവോവാദി മേഖലകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന മാതൃകയിലുള്ള ഐ.ഇ.ഡി. (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആണ് മക്കിമല കൊടക്കാടും കണ്ടെത്തിയത്. കുഴിബോംബ് സ്ഥാപിച്ച് ഇലക്‌ട്രിക് വയറുകൾ മീറ്ററുകളോളം ഘടിപ്പിച്ച് ദൂരെനിന്ന് നിയന്ത്രിക്കുന്നതാണ് മാവോവാദി ശക്തിമേഖലകളിൽ പതിവ്. കഴിഞ്ഞദിവസം ഛത്തീസ്ഗഢിൽ മലയാളിജവാൻ തിരുവനന്തപുരം സ്വദേശി ആർ. വിഷ്ണുവിന്റെ മരണത്തിനിടയാക്കിയതും ഐ.ഇ.ഡി. സ്ഫോടനമായിരുന്നു. സമാനരീതിയിലുള്ള ആക്രമണത്തിന് മാവോവാദികൾ തയ്യാറെടുത്തുവെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
ആന്ധ്രയിൽ പിടിയിലായ മാവോവാദി നേതാവിനെ ചോദ്യംചെയ്തതിൽ കബനീദളത്തിന്റെ നേതൃത്വത്തിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ചതായി സൂചനയുണ്ടായിരുന്നു. വലിയ ഇരുമ്പുപൈപ്പുകൾ, ഇലക്‌ട്രിക് വയറുകൾ, സ്ഫോടനവസ്തുക്കൾ നിർമിക്കുന്നതിനാവശ്യമായ വെടിമരുന്ന്, ആക്രമണത്തിൽ കൂടുതൽ പരിക്കേൽക്കണമെന്ന് ഉദ്ദേശിച്ചുകൊണ്ട് ഇരുമ്പാണികൾ ഉൾപ്പെടെയുള്ളവ വലിയതോതിൽ സംഭരിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇത് ശരിവെക്കുന്നതരത്തിലുള്ള കുഴിബോംബാണ് കൊടക്കാട് കണ്ടെത്തിയതും. തീവ്രപ്രഹരശേഷിയുള്ളതായിരുന്നു ബോംബെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
2014 മുതലുള്ള മാവോവാദികളുടെ രാഷ്ട്രീയതീരുമാനത്തിന്റെ ഭാഗമായാണ് ആക്രമണത്തിനൊരുങ്ങിയത്. കബനീദളത്തിലെ സ്ഫോടകവസ്തുനിർമാണത്തിൽ വിദഗ്ധനായ ചന്തുവിന്റെ നേതൃത്വത്തിൽ ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും ഇതിനിടെ അദ്ദേഹം ചപ്പാരത്ത് പോലീസുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് പിടിയിലാവുകയായിരുന്നു. ഇതോടെ നിലച്ച പദ്ധതി പുതുതായി സന്തോഷ് കൂടി കബനീദളത്തിൽ ചേർന്നതോടെ സജീവമാക്കിയെന്നാണ് പോലീസിന്റെ നിഗമനം.
കുഴിബോബ് പരിശോധിച്ചതിൽ തമിഴിൽ ഡിറ്റണേറ്റര് എന്നെഴുതിയിട്ടുണ്ട്. ഇത് തിരുച്ചിറപ്പള്ളിയിലെ (ട്രിച്ചി) വെട്രിവേൽ എക്സ്പ്ലോസീവ് എന്ന കടയിൽനിന്ന് വാങ്ങിയതാണ് ഡിറ്റനേറ്ററെന്നാണ് സംശയിക്കുന്നത്. ജനവാസമേഖലയിൽനിന്ന് വനത്തിലേക്ക് ആദിവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തണ്ടർബോൾട്ട് സേനാംഗങ്ങളും കയറുന്ന ഭാഗത്തുതന്നെയാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിട്ടുള്ളത്. ഈ പശ്ചാത്തലമെല്ലാം പരിഗണിച്ചുകൊണ്ടാണ് ആക്രമണത്തിനൊരുങ്ങിയത് മാവോവാദികളാണെന്ന് പോലീസ് പറയുന്നത്. എന്നാൽ, മാവോവാദികളുടെ ഭാഗത്തുനിന്നും തങ്ങളാണ് ആക്രമണത്തിന് ഒരുങ്ങിയതെന്ന സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
പ്രദേശവാസികള്‍ ആശങ്കയില്‍
“മാവോവാദികൾ അവിടെ വന്നു, ഇവിടെ വന്നു എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഞങ്ങൾക്ക് പ്രയാസവും ഉണ്ടാക്കിയിട്ടില്ല. എന്നുവെച്ച് അവരെ പേടിക്കാതിരിക്കാൻ പറ്റില്ല. എല്ലാ നേരവും ആയുധവുമായി സഞ്ചരിക്കുന്നവരെ പേടിക്കാതിരിക്കാനൊക്കുമോ?” -പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മക്കിമലയിലെ വയോധികന്റെ വാക്കുകളാണിത്. അടിക്കടിയുണ്ടാകുന്ന മാവോവാദിസാന്നിധ്യം മക്കിമല, കമ്പമല നിവാസികൾക്കുണ്ടാക്കുന്ന ആശങ്കയും ഇതുതന്നെ.
മുമ്പൊക്കെ വീടുകളിൽ കയറിയിറങ്ങി ഫോൺ ചാർജ് ചെയ്ത് ഭക്ഷണസാമഗ്രികളുമായി മടങ്ങുകയും ലഘുലേഖ വിതരണംചെയ്യുകയുമായിരുന്നു മാവോവാദികളുടെ രീതി. മാവോവാദികളിൽനിന്നുള്ള ആക്രമണം ഭയന്ന് പുറമേ കാര്യങ്ങൾ പറയാൻ എല്ലാവർക്കും പേടിയാണുതാനും. പക്ഷേ, ബോംബ് സ്ഫോടനത്തിനൊരുങ്ങിയെന്ന വിവരം ഗ്രാമത്തെയാകെ ആശങ്കയിലാക്കി. കർഷകരും കർഷകത്തൊഴിലാളികളുമാണ് പ്രദേശവാസികളിൽ ഭൂരിഭാഗവും. കന്നുകാലികളെ വളർത്തി ഉപജീവനം കഴിക്കുന്നവർക്ക് പുല്ലരിയാനും മറ്റും പോകുന്ന ഇടങ്ങളിൽ സ്ഫോടകവസ്തുക്കളുണ്ടാകുമോ എന്ന ആശങ്കയുണ്ട്. മാവോവാദികൾ ആക്രമണം ആസൂത്രണംചെയ്ത വനമേഖലയ്ക്കു സമീപം ആറോളം വീടുകൾമാത്രമാണുള്ളത്.
എല്ലാ ടെലികോം കമ്പനികൾക്കും റെയ്ഞ്ചില്ലാത്ത മേഖലയാണിത്. മൊബൈൽഫോണുകൾ റെയ്ഞ്ചില്ലാത്ത പ്രദേശങ്ങളാണ് മാവോവാദികൾ ക്യാമ്പ് ചെയ്യാൻ തിരഞ്ഞെടുക്കുന്നതെന്നാണ് വിവരം. അതിനാൽ, അപരിചിതരെ കണ്ടാലും പ്രദേശവാസികൾക്ക് യഥാസമയം പോലീസിനെ അറിയിക്കാനാവില്ല. ആ ആശങ്കയും നാട്ടുകാർ പങ്കുവെക്കുന്നു. വനംവകുപ്പിന്റെ ഫെൻസിങ് ലൈനിനു സമീപത്താണ് ബോംബ് കുഴിച്ചിട്ടിരുന്നത്. കുഴിച്ചിട്ടത് ബോംബാണെന്നു മനസ്സിലായതിനാലാണ് വലിയ അപകടം ഒഴിവായത്.
മറ്റെന്തെങ്കിലും വസ്തുക്കളാണെന്നു കരുതി പരിശോധിച്ചിരുന്നെങ്കിൽ ഒരുപക്ഷേ പൊട്ടിത്തെറിച്ച് ആളപായംവരെ ഉണ്ടായേനെ. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തലപ്പുഴ അഡീഷണൽ എസ്.ഐ. എസ്.പി. ഷിബുവിന്റെ ജാഗ്രതയാണ് ഒരുപരിധിവരെ വലിയ അപകടമൊഴിവാക്കിയത്. ഏറെക്കാലം ബോംബ് സ്ക്വാഡിൽ ജോലിചെയ്ത ഇദ്ദേഹം, കണ്ടമാത്രയിൽ ബോംബാണെന്നു തിരിച്ചറിഞ്ഞതിനാൽ ജാഗ്രതയോടെ പ്രവർത്തിക്കാനായി. ബുധനാഴ്ച ബോംബ് നിർവീര്യമാക്കുന്നതുവരെയും തലപ്പുഴ പോലീസ് സേനാംഗങ്ങളെയും 15-ഓളംവരുന്ന തണ്ടർബോൾട്ട്, നക്സൽവിരുദ്ധ സേനാംഗങ്ങളെയും പ്രദേശത്ത് വിന്യസിച്ചിരുന്നു.
‘പുല്ലരിയാൻ പോയപ്പോ കണ്ടതാണ്, ബോംബാണെന്നറിഞ്ഞില്ല’
നാലുദിവസംമുൻപ് കൂൺനോക്കി കാട്ടിൽപ്പോയപ്പോൾക്കണ്ട അഴുകിയ കവർ കത്തികൊണ്ട് വകഞ്ഞുമാറ്റി പരിശോധിച്ചിരുന്നു വീട്ടമ്മയായ ലക്ഷ്മി ചന്ദ്രൻ. നന്നായി അടുക്കി വരിഞ്ഞുകെട്ടിയ ഇരുമ്പാണികൾ. വാച്ചർമാർ മറന്നുവെച്ചതാകുമെന്ന ധാരണയിൽ തിരികെയുംവന്നു.

ആരോടുമൊന്നും പറഞ്ഞുമില്ല. എന്നാൽ ചൊവ്വാഴ്ച വൈകീട്ടായപ്പോഴേക്കും കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. താൻകണ്ടത് കുഴിബോംബാണെന്ന് ഇപ്പോഴും വിശ്വസിക്കാനാവാതെ ഭയപ്പാടിലാണ് വീട്ടമ്മയായ ലക്ഷ്മി.
കൊടക്കാടിലെ തോടിനുകുറുകെയുള്ള പാലം കടന്നാൽ ആറുകുടുംബങ്ങൾ മാത്രമാണ് താമസം. ഇവരുടെ കുടുംബപ്പേരുകൂടിയാണ് കൊടക്കാട്. വേനൽക്കാലത്ത് മാത്രമാണ് ഇവരുടെ വീടുകളിലേക്ക് വാഹനമെത്തുക.
നെൽക്കൃഷിയും പശുവളർത്തലുംതന്നെയാണ് ഉപജീവനമാർഗം. കാടിന്റെ അതിർത്തിയോടുചേർന്ന കേളുവിന്റെ വീടിനുപുറകിൽ 200 മീറ്റർ പടിഞ്ഞാറുഭാഗത്തേക്ക് മാറിയാണ് കുഴിബോംബ് കണ്ടെത്തിയത്.
‘പശുവിനുള്ള പുല്ലരിഞ്ഞതിനുശേഷം അനിയത്തി സന്ധ്യക്കൊപ്പം കൂൺനോക്കിയാണ് വൈദ്യുതവേലിക്കടുത്തേക്ക് പോയത്.
‘ ഇത്രയുംകാലം പരിചിതമായ സ്ഥലത്താണ് ബോംബ് കണ്ടത്. പേടി ഇനിയുംമാറിയില്ല. പുല്ലരിയാൻ ഇനി പോവുകയുമില്ല’
-ലക്ഷ്മി ഭയത്തോടെ പറഞ്ഞു. മാവോവാദി സാന്നിധ്യം മുമ്പും പറഞ്ഞ പ്രദേശമാണിത്. എന്നാൽ ബോംബുകൂടി കണ്ടെത്തിയതോടെ ദിവസവും കാണുന്ന കാട് തനിക്ക് അന്യമായതുപോലയാണെന്ന് ലക്ഷ്മി പറഞ്ഞു.
Content Highlights: chhattisgarh-style maoist attack was targeted in Wayanad-police
Published: 27 Jun 2024, 08:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented