തിരുവനന്തപുരം: നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന കൂട്ടക്കൊലപാതകങ്ങള്‍ക്കും കലാലയങ്ങളിലും സ്‌കൂളിലും നടക്കുന്ന അക്രമങ്ങള്‍ക്കുമെല്ലാം കാരണം ലഹരിയാണെന്നും കേരളം ലഹരിമാഫിയയുടെ നീരാളിപ്പിടിത്തത്തില്‍ ആഴ്‌ന്ന് പോവുകയാണെന്നും രാസലഹരിയില്‍ മൂല്യബോധം നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് ഏത് ക്രൂരതയ്ക്കും മടിയില്ലെന്ന സ്ഥിതി വരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അടുത്തിടെ കേരളത്തിലുണ്ടായ കൊലപാതക സംഭവങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. 

To advertise here,

കേരളം ഒരു കൊളംബിയയായി മാറുകയാണോ? കേരളം ഇന്ന് ലഹരിക്കടിമയായിക്കൊണ്ടിരിക്കുന്നു. സമൂഹം ഒന്നാകെ ചിന്തിക്കേണ്ടവിഷയമായി ഇത് മാറുകയാണ്. വിവിധ തരം കെമിക്കലുകള്‍ ഉപയോഗിച്ചുള്ള ലഹരിരുന്നുകള്‍ കുട്ടികളുടെ ജീവിതം തകര്‍ക്കുകയാണ്, പുകഞ്ഞില്ലാതാവുകയാണ്. ഇതിന് കാരണം കണ്ടെത്തേണ്ടതുണ്ട്. 

'മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍, അങ്ങ് ഒമ്പത് വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായി. ഈ ഒമ്പത് വര്‍ഷത്തിനിടയില്‍ ലഹരിയെ നിയന്ത്രിക്കാനോ ലഹരിക്കെതിരെ ഒരു പോരാട്ടം നടത്താനോ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടല്ല. 2016-ല്‍ യു.ഡി.എഫ്. അധികാരം വിടുമ്പോള്‍ എട്ട് ഫൈവ് സ്റ്റാര്‍ ബാറുകളാണ് ഉണ്ടായിരുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 705 ആയി. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തി 836 ആയി. പുതിയ എക്‌സൈസ് നയത്തില്‍ ഐ.ടി. പാര്‍ക്കുകളില്‍ മദ്യം വിളമ്പാം, ഡ്രൈ ഡേ വേണ്ട, ടൂറിസ്റ്റ് സെന്ററുകളില്‍ യഥേഷ്ടം മദ്യം നല്‍കാം എന്നെല്ലാം പറയുന്നു. കള്ളുഷാപ്പുകളുടെ ദൂരപരിധി 400-ല്‍നിന്ന് 250 ആക്കി കുറയ്ക്കാം. ഇതെല്ലാം ആര്‍ക്ക് വേണ്ടിയാണ്?' രമേശ് ചെന്നിത്തല ചോദിച്ചു. 

കൊലപാതകം തെറ്റല്ലെന്ന ചിന്താഗതി വളരുകയാണ്.  മനുഷ്യജീവനും മനുഷ്യമാംസത്തിനും വിലയില്ല. എന്നും അറവുമാടുകളെ പോലെ വെട്ടിനുറുക്കാനും വലിച്ചുകീറാനും കുത്തിക്കീറാനുമുള്ളതാണെന്നും അത് തെറ്റല്ലെന്നുമുള്ള സന്ദേശം ഇന്ന് പ്രചരിക്കുന്നു. 

കേരളത്തിലെ ക്യാമ്പസുകളില്‍ റാഗിങ് വ്യാപകമാണ്. അതിന് നേതൃത്വം നല്‍കുന്നത് എസ്എഫ്‌ഐ എന്ന വിദ്യാര്‍ഥി പ്രസ്ഥാനമാണ്.  വയനാട് പൂക്കോട് വെറ്റിനറി കോളേജില്‍ സിദ്ധാര്‍ത്ഥന്‍ എന്ന ചെറുപ്പക്കാരനെ കൊന്നത് ആരാണ്.? എസ്എഫ്‌ഐയുടെ സമ്മേളനത്തിന് പോയപ്പോള്‍ അങ്ങ് പറഞ്ഞു, ഇതുപോലെ തന്നെ തുടര്‍ന്ന് പോയാല്‍ മതിയെന്ന്. അങ്ങയില്‍നിന്ന് അത് ഞാന്‍ പ്രതീക്ഷിച്ചില്ല. അവരെ ഒന്ന് നിയന്ത്രിക്കാമായിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ അങ്ങേയ്ക്ക്‌ ഒരു വാക്ക് പറയാമായിരുന്നു."

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കിയതും. ആയിരത്തിലേറെ ഏറെ ദിവസം അവര്‍ക്ക് പരോള്‍ അനുവദിച്ചതും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് പരോള്‍ കൊടുത്തപ്പോള്‍ കൊലപാതകം നടത്തിക്കൊള്ളുക, സര്‍ക്കാരില്‍ സ്വാധീനമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും ലഭിക്കും എന്ന സന്ദേശമാണ് സര്‍ക്കാര്‍ സമൂഹത്തിന് നല്‍കിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.