
ആലപ്പുഴ: പോലീസിനെതിരേ വിമർശം ഉന്നയിക്കുന്നതിനുപിന്നിൽ ആഭ്യന്തരവകുപ്പിന്റെ ശോഭകെടുത്താനുള്ള നീക്കമെന്ന് രമേശ് ചെന്നിത്തല വിഭാഗം. യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് ആക്രമിച്ചെന്നത് കള്ളമാണെന്നും ഇതു സംബന്ധിച്ച ദൃശ്യങ്ങൾ പരിശോധിച്ചാൽ അതുവ്യക്തമാകുമെന്നും പോലീസിന്റെയല്ല, യൂത്ത് കോൺഗ്രസിന്റെ ഹാങ്ങോവറാണ് മാറേണ്ടതെന്നും രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവർ പറഞ്ഞു.
കഴിഞ്ഞദിവസം ജന്തർമന്ദിറിലെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ചിനെ ചുറ്റിപ്പറ്റിയാണ് വിവാദം. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാബാബു പോലീസ് തന്റെ കോളറിൽ പിടിച്ച് അപമാനിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു പരാതി നൽകിയിരുന്നു. എന്നാൽ, ഇൻസ്പെക്ടർ കോളറിൽ പിടിക്കുന്നത് ദൃശ്യങ്ങളിലില്ല. മറിച്ച് അരിത പോലീസിനോടു തട്ടിക്കയറി ആക്രമിക്കാൻ പ്രേരിപ്പിക്കുകയായിരുന്നെന്നാണ് രമേശിനെ അനുകൂലിക്കുന്നവർ പറയുന്നത്. മാത്രമല്ല, ജില്ല പ്രസിഡന്റ് എം.പി. പ്രവീൺ ഇൻസ്പെക്ടറെ ചീത്തവിളിച്ചു. ഇതെല്ലാം മനഃപൂർവം പ്രകോപനമുണ്ടാക്കി പോലീസിനെ മോശക്കാരാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് രമേശ് ചെന്നിത്തലവിഭാഗത്തിന്റെ ആരോപണം.
യൂത്ത് കോൺഗ്രസ് ഭരണപക്ഷത്തിന്റെ ഉത്തരവാദിത്വം കാണിക്കണമെന്ന് ഒരു സംസ്ഥാന നേതാവ് പറഞ്ഞു. ‘രക്ഷാപ്രവർത്തന’കേസിൽ എ.ഡി.ജി.പി. അജിത് കുമാറിനെ സസ്പെൻഡു ചെയ്തു. എം.പി. പ്രവീൺ ഉൾപ്പെടെയുള്ളവരെ ആക്രമിച്ച സംഭവത്തിൽ കൊല്ലം റൂറൽ എസ്.പി.ക്ക് അന്വേഷണച്ചുമതല നൽകി. ഇങ്ങനെ നല്ല നീക്കങ്ങൾ രമേശ് ചെന്നിത്തല സ്വീകരിച്ചു. ഇതിനെല്ലാമുപരി തൂഫാൻ കാംപെയ്‌നും നടപ്പാക്കി. ഇതൊന്നും കാണാതെയാണ് ഗൂഢലക്ഷ്യത്തോടെ കെ.സി. വിഭാഗം പോലീസിനെതിരേ നീങ്ങുന്നതെന്നാണ് ചെന്നിത്തല വിഭാഗത്തിന്റെ ആരോപണം.
പോലീസ് എൽ.ഡി.എഫ്. ഭരണത്തിന്റെ ഹാങ്ങോവറിലാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തിയിരുന്നു. അരിതയുടെയും പ്രവീണിന്റെയും പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
സമരം ശരിയല്ലെന്നു പറയാത്തതു ഭാഗ്യം
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് ആലപ്പുഴയിലും പോസ്റ്റ് ഓഫീസ് മാർച്ച് നടത്തിയത്. അതിൽ പങ്കെടുക്കാതെ മാറിനിന്നവരാണ് മറഞ്ഞിരുന്ന് അരോപണമുന്നയിക്കുന്നത്. ഇൻസ്പെക്ടറുടെ ചരിത്രം പരിശോധിച്ചാൽ അദ്ദേഹത്തിന്റെ പെരുമാറ്റം ബോധ്യപ്പെടും. സമരത്തിന്റെ മുഴുവൻ വീഡിയോയും പരിശോധിച്ചാൽ സത്യം പുറത്തുവരുമെന്നിരിക്കെ എന്തിനാണ് മന്ത്രിയെച്ചാരി ആരോപണമുന്നയിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്കെതിരേ ആരും മുദ്രാവക്യം വിളിച്ചിട്ടുമില്ല
-എം.പി. പ്രവീൺ,
ജില്ല പ്രസിഡന്റ്, യൂത്ത് കോൺഗ്രസ്.
Content Highlights: Ramesh Chennithala faction alleges the Youth Congress protest is a ploy to weaken the Home Department., Contradictory claims regarding the physical altercation between Youth Congress leaders and police., Defense of police actions citing video evidence and professional conduct., Internal party conflict between Chennithala and KC Venugopal factions highlighted., Reference to recent administrative actions like the ADGP Ajith Kumar suspension.
Published: 28 Jul 2026, 08:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented