കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദർ കുഞ്ജ് ആർമി ടവേഴ്സ് ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കുന്നതിനുള്ള കരാർ ഒപ്പിടാൻ ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷന് (എ.ഡബ്ല്യു.എച്ച്.ഒ.) ഒരാഴ്ചത്തെ സമയംനൽകി ജില്ലാ ഭരണകൂടം.

To advertise here,

ഫ്ലാറ്റ് പൊളിക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ഒരാഴ്ചയ്ക്കകം അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ എ.ഡബ്ല്യു.എച്ച്.ഒ.യ്ക്ക് എതിരെ കോടതി അലക്ഷ്യത്തിന് നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. ഘടനാപരമായ തകരാറുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഫ്ലാറ്റ് സമുച്ചയം പൊളിച്ച് നീക്കാനും പുനർനിർമിക്കാനുമുള്ള ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് നടപടി.

ജില്ലാ ഭരണകൂടം തയ്യാറാക്കിയ കരാറിന്റെ കരട് ഇതിനോടകം എ.ഡബ്ല്യു.എച്ച്.ഒ.യ്ക്ക് കൈമാറിയിട്ടുണ്ട്. നിശ്ചിത സമയത്തിനകം കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഫ്ലാറ്റ് പൊളിക്കുന്നതിനുള്ള മുഴുവൻ തുകയും ജി.എസ്.ടി. സഹിതം എ.ഡബ്ല്യു.എച്ച്.ഒ. മുൻകൂറായി ഒടുക്കേണ്ടിവരും. ഈ തുക ഉപയോഗിച്ച് ജില്ലാ ഭരണകൂടം നേരിട്ടായിരിക്കും പൊളിക്കൽ നടപടികൾ സ്വീകരിക്കുക.

ഇതുമായി ബന്ധപ്പെട്ട് കളക്ടർ അധ്യക്ഷയായ സമിതിയുടെ പേരിലും ദുരന്തനിവാരണ നിയമപ്രകാരവുമുള്ള രണ്ട് ഉത്തരവുകൾ പുറത്തിറക്കും. ഫ്ലാറ്റ് ഉടമകൾക്കുള്ള വാടക തുക മുൻകൂറായി നൽകണമെന്നും നിർദേശമുണ്ട്. രേഖകളുടെ കുറവ് മൂലം വാടക നിഷേധിക്കപ്പെട്ട 24 ഉടമകളുടെ പരാതി പരിഹരിക്കാൻ ജൂൺ 15-ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും.

ഉടമകളിൽനിന്ന് ഫ്ലാറ്റുകളുടെ താക്കോൽ തിരികെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ എ.ഡബ്ല്യു.എച്ച്.ഒയും ഫ്ലാറ്റ് ഉടമകളും 15 ദിവസത്തിനകം സംയുക്ത ചർച്ച നടത്തണം. ഇതിനുശേഷവും പരിഹരിക്കപ്പെടാത്ത കേസുകളിൽ ബന്ധപ്പെട്ട തഹസിൽദാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. കൂടാതെ, ഫ്ലാറ്റ് പൊളിക്കലിനായുള്ള ഏജൻസിയെ തിരഞ്ഞെടുക്കുന്നതിന് പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകുന്നതിനായി അഞ്ച് ലക്ഷം രൂപ ഒരാഴ്ചയ്ക്കകം നൽകാനും നിർദേശമുണ്ട്.