
കൊച്ചി: ഫ്‌ളാറ്റ് പുനര്‍നിര്‍മിച്ച് നല്‍കുമ്പോള്‍ ഇനിയും പണംനല്‍കേണ്ടിവരുമോയെന്ന ആശങ്കയിലാണ് ചന്ദര്‍ കുഞ്ജ് ഫ്‌ളാറ്റ് നിവാസികളെന്ന് താമസക്കാരനായ കേണല്‍ സിബി ജോര്‍ജ്. വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവിലാണ് വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡില്‍ ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് ഓര്‍ഗനൈസേഷന്‍ 2018-ല്‍ സൈനികര്‍ക്കായി നിര്‍മിച്ചുകൈമാറിയ രണ്ട് വന്‍ കെട്ടിടങ്ങള്‍ പൊളിച്ച് പുനര്‍നിര്‍മിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് ഫ്‌ളാറ്റ് നിവാസികള്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചത്.
ഫ്ലാറ്റ് പൊളിച്ചുപണിയുന്ന സമയത്ത് വാടകയ്ക്ക് താമസിക്കാനായി നൽകണമെന്ന് കോടതി പറഞ്ഞ തുക വളരെ ചെറുതാണ്. കോടതി ഉത്തരവിലെ ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് അപ്പീൽ പോകണമോ എന്നുള്ള കാര്യങ്ങളടക്കം താമസക്കാർ വരുംദിവസങ്ങളിൽ ചർച്ചചെയ്തു തീരുമാനിക്കും.
ഇത്രയും കാലം ദുരിതങ്ങൾ അനുഭവിച്ചിട്ട് ഇനി ഫ്ലാറ്റ് പുതുക്കിപ്പണിത് നൽകുമ്പോൾ കൂടുതൽ പണം നൽകേണ്ടിവരുമോ എന്നുള്ള ആശങ്കയിലാണ് ഫ്ലാറ്റിലുള്ള മിക്ക ആൾക്കാരും, കേണൽ സിബി ജോർജ് പറഞ്ഞു.
കെട്ടിടങ്ങള്‍ രണ്ടും അപകടാവസ്ഥയിലാണെന്ന ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ റിപ്പോര്‍ട്ടടക്കം കണക്കിലെടുത്താണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് ഫ്‌ളാറ്റ് പൊളിച്ച് പുനര്‍നിര്‍മിക്കാന്‍ ഉത്തരവിട്ടത്.
വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ 4.28 ഏക്കര്‍ സ്ഥലത്ത് 2013-ലാണ് മൂന്ന് കെട്ടിടങ്ങള്‍ നിര്‍മിച്ചത്. 264 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. സൈനികരും റിട്ട. സൈനികരുമാണിവര്‍. മൂന്ന് കെട്ടിടങ്ങളില്‍ ആദ്യത്തെ കെട്ടിടം 14 നിലകള്‍ ഉള്ളതും മറ്റ് രണ്ട് കെട്ടിടങ്ങള്‍ 26 നിലകള്‍ വീതം ഉള്ളതുമാണ്. 2018 അവസാനം കെട്ടിടങ്ങള്‍ ഉടമസ്ഥര്‍ക്ക് കൈമാറി. 124.95 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
രണ്ട് ടവറുകളില്‍ 2019 നവംബര്‍ മുതല്‍ ചോര്‍ച്ച തുടങ്ങി. അറ്റകുറ്റപ്പണി നടത്തിയെങ്കിലും പരിഹാരമായില്ല. തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടി., ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ എത്തി പരിശോധന നടത്തി. അപകടകരമായ ടവറില്‍നിന്ന് ഉടന്‍ താമസക്കാരെ മാറ്റണമെന്നാണ് 2023-ല്‍ മദ്രാസ് ഐ.ഐ.ടി. റിപ്പോര്‍ട്ട് നല്‍കിയത്.
സിമന്റില്‍ കലര്‍ന്ന ക്ലോറൈഡ് അടക്കമുള്ളവയാണ് കെട്ടിടത്തിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ട്. അറ്റകുറ്റപ്പണിയാണ് നടത്തുന്നതെങ്കില്‍ പോലും 70 മുതല്‍ 80 കോടി രൂപവരെ ചെലവുവരും. കൂടാതെ അഞ്ചുവര്‍ഷത്തെ ഉറപ്പേ ഇതിനുണ്ടാകൂ എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയാണ് ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ വിദഗ്ധരെ പഠത്തിനായി നിയോഗിച്ചത്.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റിക്കാണ് കെട്ടിടം പൊളിക്കാനും പുനര്‍ നിര്‍മിക്കാനുമുള്ള ചുമതല നല്‍കിയിരിക്കുന്നത്. കെട്ടിടം പൊളിച്ച് പുനര്‍ നിര്‍മിക്കുന്നതിനുള്ള ചെലവായ 175 കോടി രൂപ ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് ഓര്‍ഗനൈസേഷന്‍ (എ.ഡബ്ല്യു.എച്ച്.ഒ.) നല്‍കണം. അധികച്ചെലവുണ്ടായാല്‍ അതും വഹിക്കണം. നിര്‍മാണ പിഴവിന് എ.ഡബ്ല്യു.എച്ച്.ഒ.യ്ക്കും ആര്‍ക്കിടെക്ടിനും കരാറുകാര്‍ക്കും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും വീഴ്ചയുണ്ടായി എന്നും കോടതി കുറ്റപ്പെടുത്തി.
ചന്ദര്‍കുഞ്ജ് ആര്‍മി ടവേഴ്സ് അപ്പാര്‍ട്ട്മെന്റ് ഓണേഴ്സ് അടക്കം ഫയല്‍ചെയ്ത ഒരുകൂട്ടം ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
Content Highlights: Kochi Army Towers Demolition & Reconstruction latest news
Published: 04 Feb 2025, 09:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented