
വൈറ്റില: തൈക്കൂടം സിൽവർ സാൻഡ് ഐലൻഡിലെ ബലക്ഷയം സംഭവിച്ച ചന്ദർകുഞ്ജ് ഫ്ലാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കും. ചന്ദർകുഞ്ജ് ഇരട്ട ടവറുകൾ പൊളിക്കുന്നതിന് മുന്നോടിയായി പരിശോധനകളും സാങ്കേതിക പരീക്ഷണങ്ങളും നടത്താൻ റെസിഡെൻസ് വെൽഫെയർ അസോസിയേഷന്റെ അനുമതിയോടെ മുംബൈ ആസ്ഥാനമായ എഡിഫൈസ് എൻജിനിയറിങ്ങിന്റെയും ദക്ഷിണാഫ്രിക്കൻ കമ്പനിയായ ജെറ്റ് ഡിമോളിഷന്റെയും പ്രതിനിധികൾ കൊച്ചിയിലെത്തി. എഡിഫൈസ് എൻജിനിയറിങ് പാർട്ണർ ഉത്കർഷ് മെഹ്ത, ജെറ്റ് ഡിമോളിഷൻ ഓപ്പറേഷൻസ് മാനേജർ കെവിൻ സ്മിത്, ടെക്നീഷ്യൻ റോബർട്ട് ബ്രിങ്ക്മാൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനകൾക്കായി എത്തിയത്. മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കിയതും എഡിഫൈസ് എൻജിനിയറിങ്ങാണ്. അന്ന് ജെറ്റ് ഡിമോളിഷൻ സാങ്കേതിക സഹകരണം നൽകിയിരുന്നു.
കെട്ടിടങ്ങളുടെ ഘടനാപരമായ ദൃഢത, ഭാരം താങ്ങാനുള്ള ശേഷി, കോൺക്രീറ്റിന്റെ ഗുണനിലവാരം, ഇരുമ്പ് കമ്പികളുടെ അവസ്ഥ, കെട്ടിടങ്ങളുടെ മൊത്തത്തിലുള്ള സ്വഭാവം എന്നിവയാണ് ഇപ്പോൾ പരിശോധിക്കുന്നതെന്ന് ഉത്കർഷ് മെഹ്ത പറഞ്ഞു. കരാർ പ്രകാരം ആറുമാസത്തിനകം ടവറുകൾ പൊളിച്ചുനീക്കണം. നിലവിലെ പരിശോധനയിലൂടെ ടവറുകളുടെ ഘടനാപരമായ ഭാഗങ്ങൾക്ക് സംഭവിച്ചിട്ടുള്ള കേടുപാടുകളുടെ വ്യാപ്തി നിർണയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നിർമാണരീതിയിലും ഘടനാപരമായ രൂപകല്പനയിലും മരടിലെ കെട്ടിടങ്ങളിൽ നിന്ന് ചന്ദർകുഞ്ജ് ടവറുകൾ വ്യത്യസ്തമാണെങ്കിലും സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള 'ഇംപ്ലോഷൻ' സാങ്കേതിക വിദ്യയിലൂടെയായിരിക്കും പൊളിക്കൽ നടത്തുകയെന്ന് ഉത്കർഷ് മെഹ്ത വ്യക്തമാക്കി. സമീപത്തെ ഫ്ളാറ്റ് സമുച്ചയങ്ങൾക്കും കൊച്ചി മെട്രോ റെയിൽപ്പാതയ്ക്കും ഒരു ഭീഷണിയും ഉണ്ടാകില്ലെന്നും അവ ടവറുകളിൽ നിന്ന് 50 മീറ്ററിലേറെ അകലെയാണെന്നും അദ്ദേഹം പറഞ്ഞു.
ഒൻപത് മീറ്റർ മാത്രം അകലെയുള്ള കെട്ടിടങ്ങൾക്കു പോലും കേടുപാടുകൾ സംഭവിക്കാതെ സമാന പദ്ധതികൾ വിജയകരമായി നടപ്പാക്കിയ അനുഭവം കമ്പനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
26 നിലകൾ വീതമുള്ള ചന്ദർകുഞ്ജ് ഇരട്ട ടവറുകൾ ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷനാണ് നിർമിച്ചത്. 204 ഫ്ളാറ്റുകളുള്ള സമുച്ചയത്തിൽ വിരമിച്ച സൈനികരുടെ 152 കുടുംബങ്ങളാണ് താമസിച്ചിരുന്നത്.
മൂന്ന് ടവറുകളിലായി ആകെ 264 ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ എന്നിവർക്കായി 2018-ലാണ് ഈ ഫ്ളാറ്റുകൾ നിർമിച്ചത്. ഫ്ളാറ്റുകൾ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനെ തുടർന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. രണ്ട് ടവറുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും അവിടെ താമസിക്കുന്നത് സുരക്ഷിതമല്ലെന്നും കോടതി നിരീക്ഷിച്ചു. പൊളിക്കാനും പുതിയത് നിർമിക്കാനും ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപവത്കരിക്കണമെന്നും നിലവിലെ ഫ്ളാറ്റുകളുടെ അതേ സൗകര്യവും വലുപ്പവും പുതിയതിനും ഉണ്ടാകണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.
Content Highlights: Experts from Edifice Engineering and Jet Demolition arrive in Kochi to assess the controlled implosion of the unsafe Chanderkunj twin towers.
Published: 22 Jun 2026, 08:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented