
മൂന്നാർ: മൂന്ന് വർഷം മുൻപ് ചിന്നക്കനാലിൽ നടന്ന് ഏറെ ശ്രദ്ധനേടിയ അരിക്കൊമ്പൻ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച ചക്കക്കൊമ്പൻ ഇന്ന് വനംവകുപ്പിന്റെ പ്രധാന നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ്. അന്നത്തെ ദൗത്യത്തിൽ വനംവകുപ്പിന് അരിക്കൊമ്പനെ മയക്കുവെടി വെക്കാൻ പറ്റിയ അനുയോജ്യമായ ഒരിടത്തേക്ക് ഓടിച്ചെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് അന്ന് മദപ്പാടിലായിരുന്ന ചക്കക്കൊമ്പനായിരുന്നു. അന്ന് അരിക്കൊമ്പനും ചക്കക്കൊമ്പനും തമ്മിൽ ഉണ്ടായ ശക്തമായ ഏറ്റുമുട്ടലാണ് അരിക്കൊമ്പനെ തേടി നടന്ന വനംവകുപ്പിന് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുത്തത്. അന്ന് വനംവകുപ്പിനെ സഹായിച്ച് 'ഹീറോ' ആയ ചക്കക്കൊമ്പൻ ഇന്ന് വില്ലനായി മാറുമ്പോൾ ചരിത്രം ആവർത്തിക്കുമോ എന്നാണ് വനംവകുപ്പ് ഉറ്റുനോക്കുന്നത്.
അരിക്കൊമ്പൻ ദൗത്യത്തിന് നേതൃത്വം നൽകിയ ഡോക്ടർ അരുൺ സക്കറിയ ചക്കക്കൊമ്പന്റെ അന്നത്തെ പങ്കിനെക്കുറിച്ച് തുറന്നു സമ്മതിച്ചിരുന്നു. അരിക്കൊമ്പനെ കൃത്യമായ റൂട്ടിലൂടെ തള്ളി മാറ്റിക്കൊണ്ടുപോയി വനംവകുപ്പ് ഉദ്ദേശിച്ച ഫൈനൽ ഡെസ്റ്റിനേഷനിൽ എത്തിക്കാൻ സഹായിച്ചത് ചക്കക്കൊമ്പനാണെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എന്നാൽ കടുത്ത ആക്രമണ സ്വഭാവത്തിലായിരുന്ന ചക്കക്കൊമ്പൻ വലിയൊരു സുരക്ഷാ ഭീഷണിയുമായിരുന്നു. ഇതിനിടയിൽ വനംവകുപ്പിന്റെ ട്രാക്കേഴ്സ് പെട്ടുപോവുകയും അവരുടെ ജീവന് തന്നെ വലിയ അപകടസാധ്യത ഉണ്ടാകുകയും ചെയ്തിരുന്നു.
അന്ന് അരിക്കൊമ്പനെ പിടികൂടാൻ സഹായിച്ച അതേ ചക്കക്കൊമ്പനെ പിടികൂടാനായി വനംവകുപ്പിന്റെ ആർആർടി സംഘം ഇപ്പോൾ ചിന്നക്കനാലും പരിസര പ്രദേശങ്ങളും അരിച്ചുപെറുക്കുകയാണ്. നിലവിൽ ഈട്ടിത്തേരിയിലാണ് ചക്കക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. എന്നാൽ ഈട്ടിത്തേരി ആനയ്ക്ക് മയക്കുവെടി വെക്കാൻ ഒട്ടും അനുയോജ്യമായ ഒരു സ്ഥലമല്ലെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ മയക്കുവെടി വെക്കാൻ അനുയോജ്യമായ മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് ആനയെ മാറ്റുക എന്നതാണ് വനംവകുപ്പിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ചക്കക്കൊമ്പനെ മയക്കുവെടി വെക്കാൻ സൗകര്യപ്രദമായ 301 കോളനിയിലോ അതിന്റെ പരിസരത്തോ എത്തിക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ് നിലവിൽ ആർആർടി സംഘം മുന്നോട്ടുപോകുന്നത്. നിലവിൽ മയക്കുവെടി വെക്കാനുള്ള ദൗത്യം പ്രതിസന്ധികളെ തുടർന്ന് ഉച്ചവരെ നിർത്തി വെച്ചിരിക്കുകയാണ്.
Published: 25 Nov 2026, 09:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented