ആലപ്പുഴ: ആഗോള കത്തോലിക്കാസഭയുടെ തലവനായ മാർപാപ്പയെ ആത്മീയ-ഭരണകാര്യങ്ങളിൽ സഹായിക്കാനും ഉപദേശിക്കാനും മാർപാപ്പ നിയോഗിക്കുന്നവരാണ് കർദിനാൾമാർ. സഭയുടെ രാജകുമാരൻ എന്നും കർദിനാൾമാർ വിശേഷിപ്പിക്കപ്പെടുന്നു.

To advertise here,

ബിഷപ്പുമാരിൽ (മെത്രാൻ) നിന്നാണ് കർദിനാൾമാരെ തിരഞ്ഞെടുക്കുന്നതെങ്കിലും വൈദികരെ നേരിട്ട് കർദിനാളാക്കുന്നതിനും തടസ്സമില്ല. മാർ ജോർജ് ജേക്കബ് കൂവക്കാട് വൈദികനായിരിക്കെയാണ് കർദിനാളായത്. അത്തരം സാഹചര്യത്തിൽ കർദിനാൾസ്ഥാനാരോഹണത്തിനു മുൻപ്‌ അദ്ദേഹം ബിഷപ്പാകേണ്ടതുണ്ട്. മാർ കൂവക്കാടിനെ സിറോ മലബാർസഭ മെത്രാപ്പൊലീത്തയായി കഴിഞ്ഞമാസം വാഴിച്ചു.

മരണംമൂലമോ സ്ഥാനത്യാഗം മൂലമോ മാർപാപ്പയുടെസ്ഥാനം ഒഴിവുവരുമ്പോൾ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നത് കർദിനാൾമാരുടെ യോഗമാണ് (കോൺക്ലേവ്). കർദിനാൾമാരിൽ ഒരാളാകും പുതിയ മാർപാപ്പ. വത്തിക്കാൻ ഒരു രാജ്യംകൂടിയായതിനാൽ നയതന്ത്രകാര്യങ്ങൾ നോക്കുന്നത് സ്റ്റേറ്റ് സെക്രട്ടറിയായ കർദിനാളാകും. സമൻമാരിൽ മുമ്പൻ എന്നുവേണമെങ്കിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാം. കർദിനാൾ പെട്രോ പരോളിനാണ് ഇപ്പോൾ സ്റ്റേറ്റ് സെക്രട്ടറി.

ഡീക്കൻ പദവിയിൽ തുടക്കം

സെമിനാരിയിൽ ചേരുന്നതോടെയാണ് ഒരാളുടെ പൗരോഹിത്യത്തിലേക്കുള്ള തുടക്കം. വൈദികനാകുന്നതിനു തൊട്ടുമുൻപ്‌ ഡീക്കൻപദവി കിട്ടും. തുടർന്ന് ആറുമാസം കഴിയുമ്പോൾ വൈദികപട്ടം നൽകണമെന്നാണ് ചട്ടം. 10-13 വർഷം നീളുന്നതാണ് സെമിനാരിപഠനം. വൈദികരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരാണ് ബിഷപ്പും (രൂപത) ആർച്ച്ബിഷപ്പും (അതിരൂപത) കർദിനാളുമാകുന്നത്.

ആകെ 232 കർദിനാൾമാർ

കഴിഞ്ഞ നവംബർ 30 വരെയുള്ള കണക്കനുസരിച്ച് ലോകത്ത് 89 രാജ്യങ്ങളിൽനിന്നായി 232 കർദിനാൾമാരാണുള്ളത്. കർദിനാൾ പദവി ആജീവനാന്തമാണെങ്കിലും ഇതിൽ 120 പേർക്കാണ് വോട്ടവകാശം. 80 വയസ്സുകഴിഞ്ഞവർക്ക് വോട്ടവകാശമില്ലാത്തതാണ് കാരണം. വോട്ടവകാശമുള്ള കർദിനാൾമാർ ഏറ്റവുമുള്ളത് യൂറോപ്പിലാണ്, 48 പേർ. ആഫ്രിക്ക(16), നോർത്ത് അമേരിക്ക(15), സെൻട്രൽ അമേരിക്ക(4), സൗത്ത് അമേരിക്ക(13), ഏഷ്യ(21), ഓഷ്യാനിയ(3) എന്നിങ്ങനെയാണ് ബാക്കിയുള്ളവർ. ലത്തീൻസഭയും 23 പൗരസ്ത്യസഭകളും ചേർന്നതാണ് ആഗോള കത്തോലിക്കാസഭ. വത്തിക്കാനാണ് ആസ്ഥാനം. വത്തിക്കാന്റെ കീഴിലാണെങ്കിലും പൗരസ്ത്യസഭകൾക്ക് സ്വയംഭരണാധികാരമുണ്ട്. ബിഷപ്പുമാരുടെ കൂട്ടായ്മ(സിനഡ്) ആണ് സഭകളുടെ ആത്മീയ-ഭരണകാര്യങ്ങൾക്കു നേതൃത്വം നൽകുക. ഇന്ത്യയിൽ മൂന്നു കത്തോലിക്കാസഭകളാണുള്ളത്. ലത്തീൻ, സിറോ മലബാർ, സിറോ മലങ്കര. വിശ്വാസികളുടെ എണ്ണത്തിൽ ഇന്ത്യയിൽ സിറോ മലബാർസഭയാണ് വലുത്. അൻപതുലക്ഷത്തോളം പേരുണ്ടെന്നാണ് സഭ പറയുന്നത്.

  • ലോകത്താകെ 137.5 കോടി കത്തോലിക്കാ വിശ്വാസികൾ. ബിഷപ്പുമാർ -5340, വൈദികർ -4,07,872