നെടുങ്കണ്ടം: രാവിലെ ഏലത്തോട്ടത്തിലെ ജോലിക്കായി ശോഭന ഇരുകാലുകളും കൈയും നിലത്തുകുത്തി വേച്ചുവേച്ച് പോകും. പോളിയോവന്ന് തളർന്ന കാലുകളുമായി ഈ 51-ാം വയസ്സിലും എന്തിനാണ് ജോലിക്ക് പോകുന്നതെന്ന ചോദ്യത്തിന് മറുപടിയായി, ഇഷ്ടികകൊണ്ട് നിർമിച്ച, തേയ്ക്കാത്ത, ശൗചാലയമില്ലാത്ത തന്റെ വീട്ടിലേക്ക് അവർ കൈ ചൂണ്ടി.

To advertise here,

അവിടെ അമ്മ ഭക്ഷണവും മരുന്നുമായി വരുന്നത് കാത്തിരിക്കുന്ന 31 വയസ്സുള്ള വൃക്കരോഗിയായ മകൻ ഉണ്ട്. ശോഭന ജോലിക്ക് പോകുന്നദിവസം മാത്രം പുകയുന്ന അടുപ്പുമുണ്ട്. പോളിയോ ബാധിച്ച കാലുകളിൽ ശരീരത്തിന്റെ ഭാരം മാത്രമല്ല ജീവിതം ഏൽപ്പിച്ച ആഘാതങ്ങളുടെ ഭാരവും വഹിക്കുകയാണ് ഈ അമ്മ.

രണ്ടര വയസ്സിലാണ് പോളിയോ ബാധിച്ച്, പുഷ്പകണ്ടം രത്തിനകുടി ചിറയ്ക്കൽ ശോഭന(51)യുടെ ഇരുകാലും തളർന്നത്. മകൻ സാജന് എഴ് മാസം പ്രായമുള്ളപ്പോൾ ഭർത്താവ് സാബു മരിച്ചു. മകനെ വളർത്താനാണ് ഇവർ സമീപത്തെ ഏലത്തോട്ടങ്ങളിൽ ജോലിക്കിറങ്ങിയത്. അമ്മയുടെ കഷ്ടപ്പാട് കണ്ട് പഠനം ഉപേക്ഷിച്ച് സാജൻ 14-ാം വയസ്സിൽ കൂലിവേലയ്ക്കിറങ്ങി.

കൂട്ടുകാർ പേന പിടിക്കുമ്പോൾ സാജൻ തന്നോളം പൊക്കമുള്ള തൂമ്പയെടുത്ത് കിളച്ചു. കല്ലും മണ്ണും ചുമന്നു. പരസ്പരം താങ്ങായി അമ്മയും മകനും ജീവിച്ചു. ഇതിനിടെ 20-ാം വയസ്സിൽ സാജൻ വൃക്കരോഗിയായി. ജോലിക്ക് പോകാനാകാത്ത അവസ്ഥ. മാസം 16000 രൂപയോളം മരുന്നിന് വേണം. ശോഭന മാത്രമായിരുന്നു ആശ്രയം. 2021-ൽ മൃതസഞ്ജീവനി പദ്ധതിയിലൂടെ വൃക്ക മാറ്റിവെച്ചു.

കുറച്ചുകാലം വീട്ടിൽ തന്നെ ഇരിപ്പായി. അൽപ്പം ഭേദമായപ്പോൾ ടിപ്പർ ലോറിയിൽ ജോലിക്കുപോയി. പക്ഷേ, നിവർന്നുനിൽക്കാൻ വിധി സമ്മതിച്ചില്ല. ജൂൺ രണ്ടിന് തിങ്കൾക്കാട്ടിൽ, ടിപ്പറിൽനിന്ന് ഇറക്കുന്നതിനിടെ മണ്ണുമാന്തിയന്ത്രം തെന്നിമാറി നിലത്തുവീണു. ഇതിന്റെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം എടുത്തടിച്ചു. ഡ്രൈവിങ് സീറ്റിലിരുന്ന സാജൻ കാബിനിൽനിന്ന് രണ്ടുതവണ ഉയർന്നുപൊങ്ങി വീണു.

നട്ടെല്ല് പൊട്ടി. മാറ്റിവെച്ച വൃക്കയേയും വീഴ്ചയുടെ ആഘാതം ബാധിച്ചു. ഒരിക്കൽ നിർത്തിയ ഡയാലിസിസും ചികിത്സയും വീണ്ടും തുടങ്ങി. ഒരാഴ്ച വീട്ടിലാണെങ്കിൽ, രണ്ടാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇപ്പോൾ ജീവിതം. “മരുന്നിനും പരിശോധനകൾക്കും വണ്ടിക്കൂലിക്കും പണം വേണം. അവൻ ഒന്ന് കാലിടറി വീണാൽപോലും എനിക്ക് പിടിച്ചെഴുന്നേൽപ്പിക്കാനാകില്ലല്ലോ, എന്നാലും ജീവിച്ചല്ലേ പറ്റൂ” -കണ്ണുനീർ തുടച്ച്, തളരാത്ത മനസ്സുമായി ശോഭന ഏലത്തോട്ടത്തിലേക്ക് നീങ്ങി.