
തൊടുപുഴ (ഇടുക്കി): എം.എം.മണി എം.എൽ.എ.യുടെ ഭീഷണി പ്രസംഗത്തിന് മറുപടിയുമായി ദേവികുളം മുൻ എം.എൽ.എ. എസ്.രാജേന്ദ്രൻ. ബി.ജെ.പി.യിൽ ചേർന്ന എസ്.രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നായിരുന്നു എം.എം.മണിയുടെ പ്രസ്താവന.
തന്നെ തല്ലിക്കൊല്ലണമെന്ന് പറയാൻ എം.എം.മണിക്ക് അവകാശമുള്ള പോലെ ആ ഭീഷണി കേട്ട് പേടിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ തനിക്കും അവകാശമുണ്ടെന്ന് എസ്. രാജേന്ദ്രൻ പറഞ്ഞു. സി.പി.എം. അവസരം നൽകിയെന്ന കാര്യം നിഷേധിക്കുന്നില്ല. അതിന് നന്ദിപൂർവം ജീവൻ നൽകിയാണ് പാർട്ടിയിൽ പ്രവർത്തിച്ചത്. മൂന്ന് പ്രാവശ്യം എം.എൽ.എ. ആക്കിയെന്ന് പറയുമ്പോൾ എല്ലാ വോട്ടും ഒരുസ്ഥലത്തുനിന്ന് വന്നെന്നാണോ കരുതുന്നത്. മുമ്പും ദേവികുളത്ത് പാർട്ടി സ്ഥാനാർഥി മത്സരിച്ചിരുന്നല്ലോ. എല്ലാവരേയും ജയിപ്പിക്കാനായില്ലല്ലോ. പാർട്ടിയിലെ മുൻകാല നേതാക്കൻമാർ അനുഭവിക്കേണ്ടിവന്ന കാര്യങ്ങൾ പറഞ്ഞാൽ അത് പാർട്ടിക്ക് തന്നെ ദോഷം ചെയ്യും. സി.പി.എമ്മിൽ പ്രവർത്തിക്കുമ്പോൾ തന്നെ ഇത്തരം ഭീഷണിസ്വരങ്ങൾ പലയിടത്തുനിന്ന് വന്നിട്ടുണ്ട്. അന്ന് ഭയന്നിട്ടില്ല -രാജേന്ദ്രൻ പറഞ്ഞു.
മണിയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തു -സി.വി.വർഗീസ്
എം.എം.മണിയുടേത് വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തെന്ന ന്യായീകരണവുമായി സി.പി.എം. ജില്ലാസെക്രട്ടറി സി.വി.വർഗീസ് രംഗത്തെത്തി. രാജേന്ദ്രൻ പാർട്ടിയെ വഞ്ചിച്ച് പോയതിനേക്കുറിച്ച് മാത്രമാണ് പറഞ്ഞത്. എം.എം.മണിയുടെ ശൈലി കേരളീയസമൂഹം പൊതുവെ അംഗീകരിച്ചിട്ടുണ്ട്. എസ്.രാജേന്ദ്രനെ പ്രധാനപ്പെട്ട രാഷ്ട്രീയ ശത്രുവായി കാണുന്നില്ലെന്നും സി.വി.വർഗീസ് പറഞ്ഞു.
ദിവസങ്ങൾക്കുമുമ്പാണ് എസ്.രാജേന്ദ്രൻ ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്. പിന്നാലെ മൂന്നാർ ടൗണിൽ സി.പി.എം. സംഘടിപ്പിച്ച പൊതുയോഗത്തിലാണ് വിവാദ പരാമർശം ഉണ്ടായത്.
Content Highlights: bjp leader s rajendran reply to mm mani
Published: 28 Jan 2026, 08:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented