തിരുവനന്തപുരം: ബാർ ലൈസൻസുമായി ബന്ധപ്പെട്ട് മുൻമന്ത്രി എംബി രാജേഷിന്റെ പരിഹാസത്തിന് മറുപടിയുമായി എക്‌സൈസ് മന്ത്രി എം ലിജു. ലൈസൻസ് നൽകുന്നത് മന്ത്രി അറിയുന്ന ഒരു സിസ്റ്റം നിലവിൽ ഇല്ല. അതിന് കാരണക്കാർ നിയമമുണ്ടാക്കിയ രാജേഷിനെ പോലെയുള്ള ആളുകൾ, അല്ലെങ്കിൽ എൽഡിഎഫ് സർക്കാരാണ്. അത് തിരുത്താനാണ് എക്‌സൈസ് മന്ത്രിയെന്ന നിലയിൽ താനും യുഡിഎഫ് സർക്കാരും ശ്രമിക്കുന്നതെന്ന് എം ലിജു പ്രതികരിച്ചു.

To advertise here,

എൽഡിഎഫ് ഉണ്ടാക്കായി സിസ്റ്റത്തോട് അതൃപ്തിയുണ്ട്. നിലവിലുള്ള സംവിധാനത്തിൽ ബാർ ലൈസൻസ് കൊടുക്കുന്നുണ്ടെങ്കിൽ അത് സർക്കാരിനെ അറിയിക്കണമെന്ന നിയമം നിലവിൽ ഇല്ല. എക്‌സൈസ് കമ്മീഷണർ വരെയുള്ള തലത്തിൽ മാത്രമേ അത് എത്തുകയുള്ളൂ. അത് നിയമത്തിലെ പഴുതാണ്.

നിലവിലെ ചട്ടങ്ങൾ തിരുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. വെബ്‌സൈറ്റിലുൾപ്പെടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാനുള്ള നടപടിയിലേക്കാണ് എക്‌സൈസ് വകുപ്പ് നീങ്ങുന്നത്. എൽഡിഎഫിലെ ഒരു മുൻമന്ത്രിക്ക് ഇപ്പോൾ എന്നെ വിമർശിക്കുക എന്നല്ലാതെ മറ്റൊരു വഴിയില്ല. അതുകൊണ്ട് അദ്ദേഹം തൃപ്തി മന്ത്രിയായി ഇരുന്നോട്ടെ, ഞാൻ അതൃപ്തി വകുപ്പ് മന്ത്രിയായി തുടരാം. ഞങ്ങളാരും അസഹിഷ്ണുതയുടെ വക്താക്കളല്ല, ആരോടും കടക്കുപുറത്ത് എന്ന് പറയില്ല. ഞങ്ങൾ ജനസേവകരാണ്. തീരുമാനങ്ങളെടുക്കും, അത് തെറ്റുകയാണെങ്കിൽ തിരുത്തും. അതാണ് എക്‌സൈസ് മന്ത്രിയെന്ന നിലയിൽ എന്റെ നിലപാട്. ഇപ്പോൾ നൽകിയിട്ടുള്ള ലൈസൻസുകൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടും. അതിൽ ക്രമക്കേടുകളുണ്ടോ എന്ന് പരിശോധിക്കുകയാണ്. വിമർശനങ്ങളെ പോസിറ്റീവായാണ് ഞാൻ സമീപിക്കുന്നത്. നമ്മളാരും ഭരണാധികാരികളായി ജനിച്ചുവീഴുന്നവരല്ല. വിമർശനങ്ങളുണ്ടാകുമ്പോൾ മാത്രമേ തെറ്റുകൾ തിരുത്താൻ കഴിയുകയുള്ളൂ. അത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.