തിരുവനന്തപുരം: ആമകൾ വലിയ വരുമാനം കൊണ്ടുവരുമെന്നും എന്തുകൊണ്ടാണ് കേരളത്തിന് ഇത് പ്രയോജനപ്പെടുത്താൻ സാധിക്കാത്തതെന്നും ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഡി. പുരന്ദേശ്വരി. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ആമയുമായി ബന്ധപ്പെട്ട് ടൂറിസമുണ്ടെന്നും അവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം ബജറ്റിൽ കേരളത്തിന് ഒന്നും ലഭിച്ചില്ലെന്ന വ്യാപക പ്രചാരണം ചെറുക്കാൻ പാർട്ടി തന്നെ ചുമതലപ്പെടുത്തിയെന്നും പുരന്ദേശ്വരി പറഞ്ഞു.
നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ആമ സംരക്ഷണത്തെ പറ്റി പരാമർശിക്കുന്നുണ്ട്. കേരളത്തെയും ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഒഡിഷ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവയ്‌ക്കൊപ്പം കേരളവുമുണ്ട്. ആമകൾ വലിയ വരുമാനം കൊണ്ടുവരും. ലാറ്റിൻ അമേരിക്കയിലും കരീബിയൻ ദ്വീപുകളിലും കോസ്റ്ററിക്കയിലുമെല്ലാം ആമകളുമായി ബന്ധപ്പെട്ട് ടൂറിസമുണ്ട്. ഒഡിഷയിൽ ആമകളുടെ ഫെസ്റ്റിവലുണ്ട്. ആമകൾ കടൽതീരത്തുനിന്ന് മുട്ടയിട്ട് തിരിച്ചുപോകുന്നു. ഇതൊരു നല്ല കാഴ്ചയാണ്. ഇത് എന്തുകൊണ്ട് കേരളത്തിന് പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല. മികച്ച അവസരമാണിത്.
മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ് ആമകൾ. കാരണം ആമകൾ കടലിലെആൽഗകകളെ ഭക്ഷിക്കുന്നു. ആൽഗകൾ ഇല്ലാതാകുമ്പോൾ മികച്ച കടൽ ചെമ്മീനുകൾ ലഭിക്കുന്നു. അതോടെ മത്സ്യത്തൊഴിലാളികൾക്ക് ഇരട്ടിത്തുക കിട്ടുന്നു. അതിനാൽ ആമ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. - പുരന്ദേശ്വരി പറഞ്ഞു.
രാജ്യത്തെ നിലവിലെ സാഹചര്യത്തിന് പര്യാപ്തമായ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു. എയിംസുമായി ബന്ധപ്പെട്ട വിഷയത്തിലും പുരന്ദേശ്വരി മറുപടി പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായാൽ മാത്രമേ നിർമാണം തുടങ്ങാനാവൂ. ചെറിയ കെട്ടിടങ്ങളിൽ എയിംസ് കെട്ടിപ്പടുക്കാനാവില്ല. നിങ്ങൾ പിണറായി വിജയനോട് 200 ഏക്കർ തരാൻ പറയൂവെന്നും എയിംസ് യാഥാർഥ്യമാക്കിത്തരാമെന്നും അവർ വ്യക്തമാക്കി.
Content Highlights: purandeswari about turtle trail budget
Published: 14 Feb 2026, 10:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented