കൊച്ചി: കേരളത്തിൽ എയിംസ് അനുവദിക്കുന്നതിൽ കേന്ദ്രസർക്കാർ അനുകൂല തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ആറാഴ്ചയ്ക്കുള്ളിൽ നിലപാട് അറിയിക്കാൻ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. ആരോഗ്യരംഗത്ത് കേരളം കൈവരിച്ച മികച്ചനേട്ടം എങ്ങനെയാണ് എയിംസ് അനുവദിക്കുന്നതിന് തടസ്സമായി മാറുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു. കേരളത്തിന്റെ ഈ മികവ് കാരണമാണ് എയിംസിന് ആദ്യ പരിഗണന ലഭിക്കാത്തതെന്ന കേന്ദ്രസർക്കാർ നിലപാടിനെയാണ് ഹൈക്കോടതി ചോദ്യംചെയ്തത്.

To advertise here,

എയിംസിനായി കോഴിക്കോട് കിനാലൂരിൽ 200 ഏക്കർ കണ്ടെത്തിയത് കോടതി ചൂണ്ടിക്കാട്ടി. ഡൽഹിയിൽ എങ്ങനെയാണ് എയിംസ് അനുവദിച്ചത്? അവിടെ എല്ലാവരും സ്വാധീനമുള്ളവരാണ്. എത്രപേർക്ക് സ്വകാര്യമേഖലയിലെ വലിയ ആശുപത്രികളിൽ പോകാൻ കഴിയും. വിഷയം നാലുവർഷമായി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കാത്തിരിക്കുകയല്ലേ- കോടതി ചോദിച്ചു.

മികച്ച നേട്ടം തടസ്സമല്ലെന്നും മുൻഗണന നിർണയിക്കുമ്പോൾ അക്കാര്യം പരിഗണിക്കുന്നു എന്നേയുള്ളൂവെന്നുമായിരുന്നു കേന്ദ്രത്തിനായി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഒ.എം. ശാലീനയുടെ വിശദീകരണം. എല്ലാ സംസ്ഥാനത്തും എയിംസ് എന്നതാണ് കേന്ദ്രനിലപാട്. കേരളത്തിൽ എയിംസ്‌ അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര മന്ത്രിസഭ ഇതുവരെ തത്ത്വത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അറിയിച്ചു. കേന്ദ്രനിലപാട് അറിയിക്കാൻ സമയം വേണമെന്നും ആവശ്യപ്പെട്ടു.

പരിഗണിക്കുന്ന സ്ഥലപ്പട്ടികയിൽ കാസർകോടിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ നൽകിയ ഹർജിയാണ് പരിഗണിച്ചത്.

ഇത് ചിറ്റമ്മ നയം -ജസ്റ്റിസ് കെമാൽ പാഷ

ആരോഗ്യമേഖലയിൽ മികച്ചനേട്ടം കൈവരിച്ചതിന്റെ പേരിൽ എയിംസ് അനുവദിക്കാതിരിക്കുന്നത് കേരളത്തോടുള്ള ചിറ്റമ്മ നയമാണെന്ന് റിട്ട. ജഡ്ജ് ജസ്റ്റിസ് കെമാൽ പാഷ. മികവ് കൈവരിച്ചിട്ടുണ്ടെങ്കിൽ അഭിനന്ദിക്കുന്നതിനു പകരം തിരിച്ചടിക്കാനായി ഉപയോഗിക്കുന്നത് സാമാന്യ ബുദ്ധിക്കോ യുക്തിക്കോ നിരക്കുന്നതല്ല. വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും മികച്ചനേട്ടം കൈവരിച്ചതിന്റെ പേരിൽ ഐ.ഐ.ടി.യോ എയിംസോ ഒന്നും വേണ്ടെന്ന് പറയുന്നതു ശരിയല്ല.

ഇവിടെ ബി.ജെ.പി.ക്ക് ഭരണമില്ലെന്ന ഒറ്റക്കാര്യംകൊണ്ടാണ് ഇതൊന്നും കൊടുക്കാത്തത്. ഭരണത്തിൽ വരണമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സഹായിക്കണം. കുറേ വർഷങ്ങളായി കേരളത്തെ കബളിപ്പിക്കുകയാണ്. ഇവിടുന്ന് ജയിച്ചുപോയ കേന്ദ്രമന്ത്രി ഉടൻ എയിംസ് കൊണ്ടുവരുമെന്നൊക്കെ പറഞ്ഞതാണ്.’- ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.