
കൊല്ലം: ബി.ജെ.പി.യുടെ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനം നീളുന്നു. ഡൽഹി തിരഞ്ഞെടുപ്പിനു പിന്നാലെ പ്രഖ്യാപനം നടക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. 17-ന് പ്രഖ്യാപിക്കുമെന്ന് പിന്നീട് പറഞ്ഞു. അതുസംബന്ധിച്ച് കേരളത്തിലെ നേതാക്കൾക്ക് ഒരറിവുമില്ല. ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളോട് അഭിപ്രായംചോദിച്ച് റിപ്പോർട്ട് തയ്യാറാക്കിനൽകിയിട്ടുണ്ട്. എം.ടി.രമേശ്, വി.മുരളീധരൻ, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് ഈ റിപ്പോർട്ടിലുള്ളത്. അതിനുശേഷം ദേശീയ നേതൃത്വം കേരള നേതാക്കളോട് ചർച്ചയൊന്നും നടത്തിയിട്ടില്ല.
ഇനി പന്ത് ദേശീയ നേതൃത്വത്തിന്റെ കോർട്ടിലാണ്. തീരുമാനമെടുക്കുംമുൻപ് ആർ.എസ്.എസ്. സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം തേടാറുണ്ട്. സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വരണാധികാരി പ്രഹ്ളാദ് ജോഷിയാണ്. അടുത്ത ദിവസങ്ങളിലൊന്നും ജോഷി കേരളത്തിലേക്ക് യാത്ര നിശ്ചയിച്ചിട്ടില്ല. തീരുമാനമെടുത്തുകഴിഞ്ഞാൽ നാമനിർദേശപത്രിക സ്വീകരിച്ച് സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ യോഗത്തിൽ തിരഞ്ഞെടുപ്പുനടപടി പൂർത്തിയാക്കി പ്രഖ്യാപനം നടത്തുകയാണ് പതിവ്. അത്തരമൊരു യോഗത്തിനുള്ള വിളി പ്രതീക്ഷിച്ചിരിക്കുകയാണ് കേരളത്തിലെ നേതാക്കൾ.
സമീപകാല സംഘടനാതിരഞ്ഞെടുപ്പുകളിൽ സംസ്ഥാന പ്രസിഡന്റുസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയും ഒടുവിൽ ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുള്ള എം.ടി.രമേശിന് അവസരം നൽകണമെന്ന് കൃഷ്ണദാസ് പക്ഷം കേന്ദ്ര നേതൃത്വത്തിനു മുന്നിൽ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും പരിഗണിക്കാതിരിക്കുന്നത് അനീതിയാകുമെന്നാണ് അവരുടെ വാദം. ദക്ഷിണേന്ത്യയിൽനിന്ന് ഒരു വനിതാ പ്രസിഡന്റ് വേണമെന്ന് തീരുമാനിച്ചാൽ ശോഭാ സുരേന്ദ്രന് നറുക്ക് വീഴും. വി.മുരളീധരനുവേണ്ടിയും ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ മുരളീധരന് ദേശീയ നേതൃത്വത്തിൽ നിർണായകചുമതല ഇക്കുറി ലഭിക്കുമെന്നാണ് അറിയുന്നത്.
പ്രഖ്യാപനം വൈകുംതോറും സംസ്ഥാന പ്രസിഡൻറുസ്ഥാനത്തേക്ക് കെ.സുരേന്ദ്രന് തുടരാൻ അവസരമൊരുങ്ങുമെന്ന് സുരേന്ദ്രൻ പക്ഷത്തെ നേതാക്കൾ പറയുന്നു. സംസ്ഥാന മുഖ്യമന്ത്രിമാരെ തീരുമാനിക്കുമ്പോൾ ചെയ്യാറുള്ളതുപോലെ ദേശീയനേതൃത്വം അപ്രതീക്ഷിത മുഖങ്ങളെ അവതരിപ്പിക്കുമെന്ന് കരുതുന്നവരുമുണ്ട്.
Content Highlights: BJP Kerala president announcement delayed. State leaders know nothing
Published: 27 Feb 2025, 12:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented