നെടുമ്പാശ്ശേരി: ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ സംസ്ഥാന കൃഷിവകുപ്പ് മുഖേന ഇസ്രയേലില്‍പ്പോയ കര്‍ഷക പ്രതിനിധിസംഘം തിരിച്ചെത്തി. 26 അംഗ സംഘം കൊച്ചിയിലാണ് വന്നിറങ്ങിയത്. സംഘത്തിലുണ്ടായിരുന്ന കണ്ണൂര്‍ തൊട്ടിപ്പാലം സ്വദേശി ബിജു കുര്യന്‍ അപ്രത്യക്ഷനായത് നാട്ടിലേക്ക് മടങ്ങുന്നതിനു തലേന്ന് രാത്രിയാണെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു.

To advertise here,

രാത്രി ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയശേഷം പെട്ടെന്ന് ബിജുവിനെ കാണാതാവുകയായിരുന്നു. പോലീസെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. യാത്ര ഏറെ ഗുണകരമായിരുന്നെന്നും പുതിയ കൃഷിമാതൃകകള്‍ പഠിക്കാനായെന്നും കര്‍ഷകര്‍ പറഞ്ഞു. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകിന്റെ നേതൃത്വത്തിലായിരുന്നു യാത്ര.

യാത്രക്കൊരുങ്ങിയത് ഇസ്രയേലിലേക്ക് കടക്കാനെന്ന് നിഗമനം

ഇരിട്ടി: ബിജു കുര്യന്‍ കൃഷിവകുപ്പിന്റെ കര്‍ഷക പഠനസംഘത്തിനൊപ്പം പോയത് ഇസ്രയേലില്‍ തങ്ങുകയെന്ന ലക്ഷ്യത്തോടെയാണെന്ന നിഗമനത്തില്‍ അധികൃതര്‍. പായം കൃഷി ഓഫീസര്‍ ഇതുസംബന്ധിച്ച് കൃഷിവകുപ്പിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ബിജു കുര്യന്റെ അപേക്ഷ പരിഗണിച്ച് കൃഷിയിട പരിശോധനയും മറ്റു പരിശോധനകളുംകഴിഞ്ഞ് യോഗ്യതയുണ്ടെന്ന് കണ്ടശേഷമാണ് അപേക്ഷ അംഗീകരിച്ചതെന്ന് കൃഷി ഓഫീസര്‍ കെ.ജെ. രേഖ പറഞ്ഞു.

അവിടെ ദിവസം 15,000 രൂപകിട്ടും -സഹയാത്രികന്‍

''ഇസ്രയേലില്‍ ശുചീകരണജോലി ചെയ്താല്‍ത്തന്നെ ദിവസം 15,000 രൂപകിട്ടും. കൃഷിമേഖലയിലും ഇരട്ടിയാണ് വേതനം. ഇതെല്ലാമറിഞ്ഞ് കൃത്യമായി ആസൂത്രണംചെയ്ത് ബിജു കുര്യന്‍ പോയതാണ്'' -സഹയാത്രികന്‍ സുജിത് പറഞ്ഞു.