തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്കും മിക്ക ബോർഡ് കോർപ്പറേഷനുകളിനെ ജീവനക്കാർക്കും ഓണം ആഘോഷിക്കാൻ നല്ലൊരു തുക ബോണസ് ലഭിച്ചിട്ടും കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ഇത്തവണയും കണ്ണീരോണം. ആശ്വാസമായി ഇത്തവണ ഒറ്റഗഡുവായി ശമ്പളം നൽകിയെങ്കിലും വൻതുക ബോണസ് ലഭിച്ച ബെവ്കോ ഉൾപ്പെടെയുള്ള മറ്റ് കോർപ്പറേഷനിലെ ജീവനക്കാരെ കണ്ട് നെടുവീർപ്പിടാൻ മാത്രമാണ് കെ.എസ്.ആർ.ടി.സിക്കാർക്ക് യോഗം. ഓണത്തിന് ഉത്സവ ബത്തയും ബോണസും നൽകണമെങ്കിൽ 28.5 കോടിരൂപയാണ് കെ.എസ്.ആർ.ടി.സി കണ്ടെത്തേണ്ടത്. ഇതിന് ധനവകുപ്പ് കനിഞ്ഞാൽ മാത്രമേ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മനം നിറഞ്ഞ് ഓണമുണ്ണാനാകു. ഇതിനായി കത്ത് നൽകിയിരിക്കുകയാണ് കോർപ്പറേഷൻ.
ബെവ്കോ ജീവനക്കാർക്ക് ഇത്തവണ 95000 രൂപയാണ് ബോണസ് ആയി ലഭിച്ചത്. സർക്കാർ ജീവനക്കാർക്കും നല്ലൊരു തുകയാണ് ഇത്തവണയും ലഭിക്കുക. ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയുമാണ് നൽകിയത്. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നൽകി. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിച്ചു. പാർട്ട് ടൈം കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവബത്ത നൽകിയിട്ടുമുണ്ട്. അതേസമയം പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി ജീവനക്കാരോട് ചിറ്റമ്മ നയമാണ്.
ഇത്തവണ ഒന്നിച്ച് ശമ്പളം നൽകാൻ പാടുപെട്ടാണ് കെ.എസ്.ആർ.ടി.സി പണം കണ്ടെത്തിയത്. ഓവർ ഡ്രാഫ്റ്റായി 50 കോടി എടുക്കുകയും ഇന്ധന കമ്പനികൾക്ക് നൽകാതെ മാറ്റിവെച്ച തുകയും ചേർത്താണ് ഇത്തവണ ശമ്പളം ഒറ്റത്തവണയായി നൽകിയത്. 74.8 കോടി രൂപയാണ് ഇങ്ങനെ കണ്ടെത്തിയത്. ഓണത്തിന് ഒറ്റത്തവണയായി ശമ്പളം നൽകുമെന്ന ഉറപ്പ് പാലിക്കാനാണ് മാനേജ്മെന്റ് ഈ കടുംകൈ ചെയ്തത്. ഒന്നര വർഷത്തിന് ശേഷമാണ് കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ഒറ്റത്തവണയായി മുഴുവൻ ശമ്പളവും ലഭിക്കുന്നത്. 2023 ഫെബ്രുവരി മുതൽ രണ്ടു ഗഡുക്കളായാണ് ശമ്പളം നൽകുന്നത്. ഇതുപോലും മുടക്കമില്ലാതെ നൽകാൻ കെ.എസ്.ആർ.ടി.സിക്ക് സാധിച്ചിരുന്നില്ല.
ഇത്തവണ ശമ്പളം മുടങ്ങിയാൽ പണിമുടക്ക് അടക്കം നടത്താൻ ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചിരുന്നു. ഏതായാലും ആ പ്രതിസന്ധി ഒഴിവായി. പൂർണ ശമ്പളം നൽകാൻ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് ഒറ്റത്തവണയായി 450 കോടി കടമെടുത്ത് പ്രതിസന്ധി പരിഹരിക്കാൻ നീക്കം നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. പിന്നാലെ കേരള ബാങ്കിൽ നിന്ന് പണം കടമെടുക്കാൻ ശ്രമിച്ചെങ്കിലും വ്യവസ്ഥകൾ വെല്ലുവിളിയായി. അധിക ധനസഹായത്തിനായി സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. പക്ഷെ പെൻഷൻകാർക്ക് കൊടുക്കാനുള്ള തുക മാത്രമാണ് കിട്ടിയത്. ഇതോടെയാണ് ഓവർഡ്രാഫ്റ്റെടുക്കാനും ഇന്ധന കമ്പനികൾക്ക് നൽകാനുള്ള പണമെടുക്കാനും കോർപ്പറേഷൻ നിർബന്ധിതമായത്. അടുത്തമാസം മുതൽ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കരുതുന്നത്.
ഇരുട്ടടിയായി ദുരിതാശ്വാസനിധിയും
ബോണസും ഉത്സവബത്തയുമില്ലാതെ വലയുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇരുട്ടടിയായി ശമ്പളത്തിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണംപിടിക്കാനും നീക്കം. കെഎസ്ആർടിസി ജീവനക്കാരുടെ അഞ്ചുദിവസത്തിൽ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ നിർദേശം. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ടാണ് പണം നൽകാനുള്ള നിർദേശം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത് നിർബന്ധമല്ലെന്നാണ് ഇതിനായി പുറത്തിറങ്ങിയ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറുടെ ഉത്തരവിൽ പറയുന്നത്. തുക ഈടാക്കാനായി സമ്മതപത്രം ജീവനക്കാരിൽ നിന്നും സ്വീകരിക്കും. അഞ്ചുദിവസത്തെ വേതനം സംഭാവന ചെയ്യുന്നവർക്ക് 3 ഗഡുക്കളായി തുക നൽകാമെന്നാണ് ഉത്തരവിൽ പറയുന്നത്. സിഎംഡിആർഎഫിലേക്ക് സംഭാവന നൽകുന്ന തുക സെപ്റ്റംബർ മാസത്തെ ശമ്പളം മുതൽ കുറവ് ചെയ്യും. ജീവനക്കാർക്ക് പിഎഫിൽ നിന്നും തുക അടയ്ക്കാമെന്നും നിർദേശമുണ്ട്.
സെപ്റ്റംബറിലെ ശമ്പളം അടുത്തമാസമാണ് ലഭിക്കുക. ഈ ശമ്പളത്തിൽ നിന്നാണ് പണം അടയ്ക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഒന്നര വർഷത്തിന് ശേഷം ആദ്യമായാണ് ഓണത്തിന് ജീവനക്കാർക്ക് ഒറ്റ ഗഡുവായി മുഴുവൻ ശമ്പളം ലഭിച്ചത്. മറ്റ് സർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓണത്തിന് ബോണസും ഉത്തവബത്തയുമൊക്കെ ലഭിച്ചപ്പോഴും ശമ്പളമെങ്കിലും ലഭിക്കുന്നുണ്ടല്ലോ എന്ന ആശ്വാസത്തിലിരിക്കുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പോക്കറ്റടിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ.
സമ്മതപത്രം നൽകിയവരിൽ നിന്ന് മാത്രമേ ശമ്പളം പിടിക്കുവെന്ന് പറയുന്നുണ്ടെങ്കിലും ഇത് പറഞ്ഞ മറ്റ് സർക്കാർ- അർധസർക്കാർ ജീവനക്കാർക്ക് അനൗദ്യോഗിക നിർബന്ധിത പിരിവാണ് ഫലത്തിൽ വന്നത്. ഇത് തന്നെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും നേരിടേണ്ടി വരുമെന്നാണ് കരുതുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുദിവസത്തെ വേതനത്തിന് പകരം ഇഷ്ടമുള്ള തുക സംഭാവന ചെയ്യാൻ അവസരമില്ല. ഇത് തന്നെയാണ് മറ്റ് വകുപ്പ് ജീവനക്കാരും നേരിടേണ്ടി വന്നത്.
'നഗ്നമായ തൊഴിൽ നിയമ ലംഘനം'
ഒരു പൊതുമേഖലാ സ്ഥാപനം അത് നഷ്ടത്തിലായാലും ലാഭത്തിലായാലും അതിലെ തൊഴിലാളി സംഘടനകളും മാനേജ്മെന്റും ചേർന്ന് ചർച്ച നടത്തി അതിലെ തീരുമാനപ്രകാരം ഫെസ്റ്റിവൽ ആനുകൂല്യങ്ങൾ നൽകുക എന്നത് മര്യാദയാണ്. നിർഭാഗ്യവശാൽ കെ.സ്.ആർ.ടി.സി മാനേജ്മെന്റ് ജീവനക്കാരുമായി അത്തരമൊരു ചർച്ചയ്ക്ക് തയ്യാറായില്ല. കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് തയ്യാറായില്ലെങ്കിൽ പിന്നെ ഇടപെടേണ്ടത് ഗതാഗത വകുപ്പാണ്. മന്ത്രിയും ഇക്കാര്യത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ല. പിന്നെ ജീവനക്കാർക്ക് ആശ്രയം തൊഴിൽ വകുപ്പും ലേബർ കമ്മീഷണറുമാണ്. തൊഴിൽ വകുപ്പ് മന്ത്രിയുടെ തീരുമാനമെന്നത് എല്ലാ പൊതുമേഖലാ സ്ഥാപനവും അതാതിന്റെ സ്വഭാവമനുസരിച്ച് ബോണസും മറ്റും നൽകണമെന്നാണ്. ഇതുപോലും പാലിക്കപ്പെട്ടിട്ടില്ല. ഇവിടെ തൊഴിൽ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. -
-എം.ജി രാഹുൽ,
ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ
Content Highlights: bevco onam bonus ksrtc workers still crisis
Published: 13 Sept 2024, 12:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented