കാളികാവ്: ജില്ലയിലെ സെവന്‍സ് മൈതാനങ്ങളെ ഇളക്കിമറിച്ച ബൈജു ഇനി പന്തു തട്ടാനില്ല. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാണ്ടിക്കാട് വളരാട് പുന്നാരത്ത് ബൈജുമോന്‍ യാത്രയായി.

To advertise here,

ഏത് മൈതാനത്തിലിറങ്ങിയാലും ബൈജു കളിക്കമ്പക്കാരുടെ മനംകവരുന്ന സവിശേഷതാരമാണ്. വിശ്വസ്തനായ പ്രതിരോധതാരമായ ബൈജുവിനെ മറ്റു കളിക്കാരില്‍നിന്ന് വേറിട്ടു നിര്‍ത്തുന്നത് സമര്‍പ്പണസന്നദ്ധതയും ആത്മാര്‍ത്ഥതയുമാണ്.

ബൈജുവിന്റെ സാന്നിധ്യം എതിര്‍ടീമുകള്‍ക്ക് കടുത്ത വെല്ലുവിളിയാണ്. ജില്ലാ എ ഡിവിഷന്‍ കളിച്ചിട്ടുള്ള ബൈജു അഖിലേന്ത്യാ സെവന്‍സില്‍ എഫ്.സി. പെരിന്തല്‍മണ്ണ, ജവഹര്‍ മാവൂര്‍, സ്‌കൈ ബ്ലൂ എടപ്പാള്‍, ഫ്രണ്ട്‌സ് മമ്പാട്, കെ.എഫ്.സി. കാളികാവ്, എഫ്.സി. കൊട്ടപ്പുറം, ഫിഫ മഞ്ചേരി തുടങ്ങിയ ടീമുകള്‍ക്കുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. പ്രതിരോധത്തില്‍ പിഴവുവരുത്താതെ ടീമിലെ മുന്നേറ്റക്കാര്‍ക്ക് പന്ത് എത്തിക്കാനുള്ള ബൈജുവിന്റെ മികവാണ് കളിക്കമ്പക്കാരുടെയും ടീം മാനേജ്‌മെന്റുകളുടെയും പ്രിയം നേടിക്കൊടുത്തത്.

വളരാട് യുവധാരക്ലബ്ബിലൂടെ കളിതുടങ്ങിയ ബൈജു പാണ്ടിക്കാട്ടെയും പരിസരപ്രദേശങ്ങളിലേയും പ്രാദേശിക ക്ലബ്ബുകള്‍ക്കു വേണ്ടിയും കളിച്ചു.

പ്രഭാതസവാരിക്കിടെ മേയ് 15-ന് ബൈക്ക് പിറകില്‍വന്നിടിച്ച് ചികിത്സയിലായിരുന്ന ബൈജു വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടശേഷമാണ് ബൈജുവിന് കുഞ്ഞ് ജനിച്ചത്. കുഞ്ഞിനെ ഒരുനോക്ക് കാണാന്‍ കഴിയാതെയാണ് ബൈജുവിന്റെ മടക്കയാത്ര. പ്രിയതാരത്തിന് അന്ത്യോപചാരം അര്‍പ്പിക്കാനും വന്‍ ജനാവലിയെത്തി.

വളരാട് യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പരിസരത്ത് പൊതുദര്‍ശനത്തിനുവെച്ച ശേഷം ബൈജുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച മൂന്നരയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.