തിരുവനന്തപുരം: 2002 നവംബർ 14 - ന് സംസ്ഥാന ശിശുഷേമ സമിതി, സർക്കാരിൻ്റെ സഹായത്തോടെ തലസ്ഥാനത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ കരുതലിനായി ഒരു നവാഗത കൂടി എത്തിയിരിക്കുകയാണ്. ചെവ്വാഴ്ച രാത്രി 11.45 നാണ് 3.97 കി.ഗ്രാം ഭാരവും രണ്ടര മാസത്തിലധികം പ്രായവും തോന്നിക്കുന്ന പെൺകുരുന്ന് സമിതിയുടെ പരിചരണാർത്ഥം എത്തിയത്. കഴിഞ്ഞ തിങ്കൾ മുതൽ 10 ദിവസത്തിനിടയിൽ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന മൂന്നാമത്തെ പെൺകുട്ടിയാണിത്.
തുലാവർഷത്തിന് മുന്നോടിയായി ഉമ്മറത്തേക്ക് കാറ്റിൽ പാറിവരുന്ന ചാറ്റൽ മഴയുടെ കുളിരും മഴതുള്ളികളുടെ കൊഞ്ചലും കിലുക്കവും വഹിച്ചു കൊണ്ട് " അമ്മ കരുതലിലേക്ക് " പറന്നിറങ്ങിയ പെൺ കരുത്തിനെ " തൂവാന " എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി പത്രകുറിപ്പിൽ അറിയിച്ചു. അമ്മത്തൊട്ടിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്ത് ആണ്.
സർക്കാരിൻ്റെയും വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെയും സമിതിയുടെയും തീവ്രമായ ബോധവൽക്കരണങ്ങളിലൂടെ അമ്മത്തൊട്ടിലിനെ ജനപ്രിയമാക്കിയതു കൊണ്ടാണ് മുൻ കാലങ്ങളിൽ നിന്ന് വത്യസ്ഥമായി ചിലയിടങ്ങളിലേങ്കിലും നിർഭാഗ്യവശാൽ കുരുന്നു ജീവനുകൾ നശിപ്പിക്കപ്പെടുന്ന പ്രവണത മാറി സുരക്ഷിതമായി അമ്മത്തൊട്ടിലിൻ്റെ സംരക്ഷണാർത്ഥം എത്തിക്കുന്നതെന്ന് ജി.എൽ. അരുൺ ഗോപി പറഞ്ഞു. ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങൾക്ക് മതിയായ പരിചരണം നൽകി സുതാര്യമായ ദത്തെടുക്കൽ നടപടിക്രമങ്ങളിലൂടെ ദത്ത് നൽകാൻ സമിതിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ സമിതി ഇപ്രകാരം 108 കുട്ടികളെയാണ് നിയമപരമായ മാർഗ്ഗങ്ങളിലൂടെ ദത്ത് നൽകിയത്. അമ്മത്തൊട്ടിലിൽ നിന്നും സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ കുരുന്നിനെ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ പരിശോധനനടത്തി. പൂർണ്ണ ആരോഗ്യവതിയാണ് കുരുന്ന്. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 610 -ാമത്തെ കുട്ടിയും 2024-ൽ ലഭിക്കുന്ന 16-ാമത്തെ കുഞ്ഞുമാണ് നവാഗത. "തൂവാനയുടെ " ദത്തെടുക്കൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ കുട്ടിക്ക് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ തൈക്കാട് സമിതി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
Content Highlights: Baby Girl Found in Thiruvananthapuram ammathottil
Published: 16 Oct 2024, 09:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented