തിരുവനന്തപുരം: അനുഗ്രഹവരദായിനിയായ ആറ്റുകാലമ്മയുടെ കാല്‍ക്കല്‍ സ്വയംസമര്‍പ്പിച്ച്, പൊങ്കാലയടുപ്പില്‍നിന്ന് മനസ്സുകളിലേയ്ക്ക് ഭക്തിയുടെ അഗ്നിപകര്‍ന്ന് ആറ്റുകാല്‍ പൊങ്കാല. രാവിലെ 10.15-ന് ക്ഷേത്രത്തിനുമുന്നിലെ പണ്ടാരയടുപ്പില്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.  

To advertise here,

തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. മുരളീധരന്‍ നമ്പൂതിരിയാണ് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ അഗ്നിപകര്‍ന്നത്. തുടര്‍ന്ന് ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും അവിടെനിന്ന് ഭക്തര്‍ ഒരുക്കിയ അടുപ്പുകളിലേയ്ക്കും പകര്‍ന്നു. ആധികളെ അഗ്നിനാളങ്ങള്‍ക്ക് വിട്ടുകൊടുത്ത്, ഭക്തിയുടെ പൊങ്കാല നിവേദിക്കുന്നതിന് ആയിരങ്ങളാണ് കടുത്ത ചൂടിനെയും അവഗണിച്ച് കാത്തിരിക്കുന്നത്.

ഉച്ചയ്ക്ക് 1.15-നാണ് പൊങ്കാല നിവേദ്യം. വൈകീട്ട് 7.45-ന് കുത്തിയോട്ട നേര്‍ച്ചക്കാര്‍ക്കുള്ള ചൂരല്‍കുത്ത്. 582 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ടത്തിനുള്ളത്. രാത്രി 11.15-ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. വെള്ളിയാഴ്ച രാവിലെ എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തും. രാത്രി 10-ന് കാപ്പഴിച്ച് കുടിയിളക്കിയശേഷം ഒരു മണിക്ക് നടക്കുന്ന കുരുതി സമര്‍പ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.

പതിവുപോലെ ബുധനാഴ്ചതന്നെ നഗരം മുഴുവന്‍ പൊങ്കാലക്കളങ്ങളായിരുന്നു. മറ്റു ജില്ലകളില്‍നിന്നുള്ള ഭക്തരാണ് ആദ്യമെത്തിയത്. അവരെല്ലാം പതിവുള്ള സ്ഥലങ്ങളില്‍ ഇടംകണ്ടെത്തി ചുടുകല്ലുകളുടെ അടുപ്പുകള്‍ വെച്ച് സ്ഥാനമുറപ്പിച്ചു. പിന്നീട് ക്ഷേത്രദര്‍ശനത്തിനുള്ള തിരക്കായിരുന്നു. വിവിധ സംഘടനകള്‍ ഒരുക്കിയ പൊങ്കാലമണ്ഡപങ്ങളില്‍നിന്ന് ദേവീസ്തുതികള്‍ ഉച്ചഭാഷിണികളില്‍ നിറഞ്ഞു.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ക്കു പുറമേ വിവിധ സംഘടനകളും പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനായി തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. റെസിഡെന്‍സ് അസോസിയേഷനുകളും മറ്റു ഭക്തസംഘടനകളും എല്ലായിടത്തും ഭക്ഷണവും ദാഹജലവും നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പുറംദേശക്കാര്‍ക്കു നിര്‍ദേശം നല്‍കാനും ആവശ്യങ്ങള്‍ കേട്ടറിയാനും നാടും നാട്ടുകാരും സന്നദ്ധമായിരുന്നു. എല്ലാ വീട്ടുമുറ്റങ്ങളും ഭക്തര്‍ക്കായി തുറന്നുനല്‍കിയിരുന്നു. എല്ലാവര്‍ക്കും ദര്‍ശനത്തിന് അവസരം ഒരുക്കിയതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

പൊങ്കാലയോടനുബന്ധിച്ച് ഭക്തര്‍ക്ക് സുരക്ഷയൊരുക്കാന്‍ 4,511 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നാല് എസ്പി, 21 ഡിവൈഎസ്പി, 48 സിഐ, 10 വനിതാ സിഐ, 143 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 2387 സിവില്‍ പോലീസ് ഓഫീസര്‍മാരുള്‍പ്പെടെ 3815 പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ രണ്ടു ഡിസിപിമാരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാസംവിധാനം വിലയിരുത്തുന്നത്. ടാഗോര്‍ തിയേറ്റര്‍, വെള്ളയമ്പലം ജിമ്മി ജോര്‍ജ് സ്റ്റേഡിയം, വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി, തൈക്കാട് വിമെന്‍സ് കോളേജ്, സംഗീത കോളേജ്, കേരള സര്‍വകലാശാല, പിടിസി ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, മഞ്ഞാലിക്കുളം സ്‌കൂള്‍, കൈമനം ബിഎസ്എന്‍എല്‍ ട്രെയിനിങ് സെന്റര്‍, എസ്സിടി കോളേജ് തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിട്ടുണ്ട്.