കണ്ണൂര്‍: കോണ്‍ഗ്രസില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയ മമ്പറം ദിവാകരനെതിരെ ആക്രമണം നടന്നതായി പരാതി. ബുധനാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെ കസേര കൊണ്ട് അടിച്ചതായാണ് പരാതി.

To advertise here,

സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. ബുധനാഴ്ച വൈകീട്ട് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ അഞ്ചാം നിലയിലുള്ള മമ്പറം ദിവാകരന്റെ മുറിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്.

ഇന്ദിരാഗാന്ധി ആശുപത്രിയുടെ ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് നടപടികള്‍ നടന്നുവരികയാണ്. ഇതിനിടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാന്‍ വന്ന അഞ്ചുപേരാണ് മമ്പറം ദിവാകരനെ അക്രമിച്ചത്.

സാജിദ്, ഫൈസല്‍, സന്ദീപ് തുടങ്ങിയ അഞ്ചുപേര്‍ക്കെതിരെയാണ് കേസുള്ളത്. ഇവര്‍ കോണ്‍ഗ്രസുകരാണോ എന്നത് അന്വേഷണത്തിന് ശേഷമേ പറയാന്‍ സാധിക്കൂവെന്നാണ് പോലീസ് പറയുന്നത്.

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനുമായി നിരന്തരം കൊമ്പുകോര്‍ത്തിരുന്ന മമ്പറം ദിവാകരനെ പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരില്‍ രണ്ടു ദിവസം മുമ്പാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നിലവിലെ ചെയര്‍മാനാണ് മമ്പറം ദിവാകരന്‍.