ണ്ണീരുപ്പ് കലർന്ന നൂറിലേറെ ജീവിതങ്ങൾ. വാക്കിലൊതുങ്ങാത്ത അവരുടെ അവിശ്വസനീയമായ അതിജീവനത്തിന്റെ കഥകൾ. ക്യാമറയും സങ്കടങ്ങൾ തൊട്ടറിയുന്ന ഹൃദയവുമായി എ.വി.മുകേഷ് എന്ന ക്യാമറാമാൻ അലഞ്ഞ വഴികൾ സമാനതകളില്ലാത്തതാണ്. അടിച്ചമർത്തപ്പെട്ടവർ, ഒറ്റപ്പെട്ടുപോയവർ, ജീവിതം കൈവിട്ടുപോയവർ, തിരിച്ചുവരവിനായി അവർ നടത്തിയ പോരാട്ടങ്ങൾ.... മാതൃഭൂമി  ഡോട്ട് കോമിൽ അതിജീവനം എന്ന കോളത്തിൽ മുകേഷ് വരച്ചിട്ടത് വേറിട്ട ജീവിതങ്ങളാണ്. വ്യത്യസ്തമായ ജീവിതപാഠങ്ങളാണ്. ഇത്തരം നൂറ്റിപ്പത്ത് ജീവിതകഥകൾ എഴുതിയാണ് തീർത്തും അപ്രതീക്ഷിതമായി, കൃത്യനിർവഹണത്തിനിടെ ദാരുണമായ അന്ത്യം ഏറ്റുവാങ്ങി മുകേഷ് മടങ്ങിയത്. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് എല്ലാ അതിജീവന സാധ്യതകളും മങ്ങിമാഞ്ഞുപോകുമ്പോൾ ഹൃദയവ്യഥയും നോവും കൊണ്ടെഴുതിയ ഈ കഥകളും ജീവിതങ്ങളും കൂടിയാണ് അനാഥമാകുന്നത്. എഴുതാനിരുന്ന എത്രയോ ജീവിതകഥകളാണ് പാതിവഴിയിൽ മുറിഞ്ഞുപോയത്.

To advertise here,

സഹജീവകളോടുള്ള കരുതലായിരുന്നു മുകേഷിന്റെ എഴുത്തിന്റെ മുഖമുദ്ര. എഴുതിയ ഓരോ വരിയിലും ആ കരുതലും എഴുതിയ ജീവതങ്ങളോടുള്ള ബഹുമാനവും തണലിട്ടുനിന്നു. ആ എഴുത്തിന്റെ കരുത്തിൽ നിരവധി ജീവിതങ്ങൾ കരപറ്റി. അവർക്കത് നിറമുള്ള പുതുജീവിതമായി. ക്യാമറയിലൂടെ കണ്ട കാഴ്ചകൾ ആർദ്രതയുള്ള എഴുത്തായി മാറ്റിയ മുകേഷ് അങ്ങനെ വായനക്കാർക്കും പ്രിയങ്കരനായി.

എൻഡോസൾഫാൻ ബാധിതനായ മകന്റെയും കാലിന്റെ എല്ലുകൾ തകർന്ന് കിടപ്പിലായ അമ്മയുടെയും ജീവിതം അതിജീവനം 108 ൽ മുകേഷ് അടയാളപ്പെടുത്തിയപ്പോൾ, മുകേഷിന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ അത്, സ്വപ്നങ്ങൾക്കുപോലും വിഷബാധയേറ്റ ആ അമ്മയുടെയും മകന്റെയും ഉയർത്തെഴുന്നേൽപ്പിന് വഴിതുറന്നു. ഒരു ലക്ഷത്തിൽപ്പരം രൂപ സഹായമായി ലഭിച്ചെന്നും ഒരു ചാരിറ്റബിൾ സൊസൈറ്റി അവരുടെ ജീവിതകാലം മുഴുവനുമുള്ള ചിലവുകൾ ഏറ്റെടുക്കാൻ തയ്യാറാണെന്നും വിളിച്ചറിയിച്ചപ്പോൾ ഇരുട്ടിലായ ജിവിതങ്ങളിൽ മെഴുകുതിരിനാളമാകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമുണ്ടായിരുന്നു മുകേഷിന്.  

ബിന്ദുവിനും മകനും മാത്രമല്ല ഒരുപാട് ജീവിതങ്ങൾക്ക് അതിജീവിതത്തിന്റെ പാത തുറക്കാൻ മുകേഷിനും അതിജീവനത്തിനും കഴിഞ്ഞു. കളക്ട്രേറ്റിനു മുന്നിൽ നിരാഹാരസമരം നടത്തിയിരുന്ന രോഗിയായ ചിദംബരത്തിന്റെ അവസ്ഥ തുറന്നുകാട്ടിയതിലൂടെ ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രമേഷ് ഇടപെടുകയും ലോട്ടറി വിൽപ്പനക്കുള്ള ലൈസൻസും ഒരാഴ്ച്ചത്തേക്കുള്ള ടിക്കറ്റുകളും ഉൾപ്പെടെ നൽകി ചിദംബരത്തിന് ഉപജീവനത്തിലുള്ള മാർ​ഗം തുറന്നുകിട്ടി. ഭക്ഷണകാര്യങ്ങളിലും  പരിഹാരം കാണുകയും ഒരു മൊബെെൽ ഫോൺ സമ്മാനമായി നൽകുകയും ചെയ്തു.

രണ്ടു കൈകളും മുട്ടിനു താഴേക്ക് കാലുമില്ലാത്ത ബിന്ദുവിന്റെയും പ്രായമായ അമ്മയുടെയും ജീവിതവും ഏക വരുമാനമാർഗ്ഗമായ ഫോട്ടോസ്റ്റാറ്റ് മെഷീൻ തകരാറിലായതും അതിജീവിനത്തിലൂടെ വായിച്ച മാതൃഭൂമി ഡോട്ട് കോം വായനക്കാരിലൊരാൾ ഫോട്ടോസ്റ്റാറ്റ് മെഷിൻ സ്‌നേഹസമ്മാനമായി നൽകിയിരുന്നു. ജീവിതത്തിൽ എല്ലാം നഷ്ട്ടപ്പെട്ടു എന്ന് കരുതി ഇരിക്കുമ്പോൾ അപ്രതീക്ഷിതമായി ഒരു കൈ തരാൻ ആരെങ്കിലും ഉണ്ടാകാറുണ്ടെന്ന പലരുടെയും പ്രത്യാശകളിൽ മുകേഷ് വെളിച്ചം പകർന്നു.

placeholder
ബിന്ദു തനിക്കു സമ്മാനമായി ലഭിച്ച ഫോട്ടോസ്റ്റാറ്റ് മെഷിനൊപ്പം

കണ്ണുനീർ തളംകെട്ടി കാഴ്ച മങ്ങിയല്ലാതെ പലപ്പോഴും അതിജീവനം വായിച്ചു അവസാനിപ്പിക്കാൻ കഴിയാറില്ലെന്ന് വായനാക്കാർ വികാരാധീനരായി പറയാറുണ്ട്. നിഴലിന് മുകളിൽ മരണം ഒന്നിലേറെ തവണ വന്നപ്പോഴും മനക്കരുത്തുകൊണ്ട് മുന്നോട്ട് നടന്ന  ഉത്തരാഖണ്ഡുകാരി കൃഷ്ണയും വിവാഹം പോലും വേണ്ടെന്നു വെച്ച് കാടർ എന്ന ആദിവാസി ജനതയ്ക്ക് വേണ്ടി പോരാടുന്ന ​ഗീതയും തിരമാലകൾ വിഴുങ്ങുന്ന പൊഴിയൂർ ഗ്രാമവും അരിപ്പയിലെ ഭൂസമരവും ഹാഥ്‌റസിലെ ക്രൂരതയും ഏറ്റവുമൊടുവിൽ പാലക്കാട് കൊട്ടാമുട്ടിയിലെ തീപടർന്ന മണ്ണിലെ അവശേഷിപ്പുകളും മുകേഷ് അതിജീവനത്തിൽ രേഖപ്പെടുത്തി.

കോളത്തിൻറെ നൂറാം ലക്കം പ്രസിദ്ധീകരണം ഡൽഹി മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആഘോഷിക്കുകയും മുകേഷിന് ആദരവ്‍ നൽകുകയും ചെയ്തിരുന്നു.

placeholder
ഡെൽഹിയിൽ സഹപ്രവർത്തകർ എ.വി മുകേഷിന് ഉപഹാരം സമ്മാനിക്കുന്നു

'മരണത്തിൽനിന്ന് ജീവിതത്തിലേക്കുള്ള ദൂരം,' കൊയിലാണ്ടി പെരുവട്ടൂർ സ്വദേശി  ശരൺ ദേവിന്റെ അപകടവും അതിജീവിതവും വായനക്കാരിലെത്തിച്ചപ്പോൾ  അവന്റെ ചങ്കിൽ മരണത്തിന് കൊടുക്കാതെ വച്ച പ്രതീക്ഷയുടെ മിടിപ്പ് ഉണ്ടായിരുന്നുവെന്ന് മുകേഷ് കുറിച്ചിരുന്നു. അപകട വാർത്തയറിഞ്ഞപ്പോൾ ഒരു പ്രതീക്ഷയുടെ മിടിപ്പും മരണത്തിൽനിന്ന് ജീവിതത്തിലേക്കുള്ള ദൂരം താണ്ടിയെത്തുന്ന മുകേഷുമായിരുന്നു പ്രിയപ്പെട്ടവരുടെ മനസിൽ. എന്നാൽ ആ പ്രതീക്ഷകളെയെല്ലാം വിഫലമാക്കി മുകേഷ് യാത്ര പറയുമ്പോൾ നികത്താനാവാത്ത ഒരു ശൂന്യതയാണ് എങ്ങും നിറയുന്നത്.