പ്രതിസന്ധികള്‍ക്കപ്പുറത്തെ പ്രത്യാശയാണ് ബിന്ദു | അതിജീവനം 63


എ.വി. മുകേഷ്‌

4 min read
Read later
Print
Share

കൂട്ടിനായി നാല് അനിയത്തിമാര്‍ കൂടെ വന്നെങ്കിലും ബിന്ദുവിന്റെ ബാല്യം ചുവരുകള്‍ക്കുള്ളിലായിരുന്നു. മുറ്റത്തും പറമ്പിലും അവര്‍ ഓടിക്കളിക്കുന്നത് ദൂരെ ഇരുന്ന് മാത്രം കാണാനായിരുന്നു അനുവാദമുണ്ടായിരുന്നത്.

ബിന്ദു | ഫോട്ടോ: ആദിത്യൻ ലിജേഷ്‌

കാലങ്ങളായി അവര്‍ കണ്ട സ്വപ്നമാണ് ഒടുവില്‍ അന്ന് യാഥാര്‍ഥ്യമായത്. ആശുപത്രി വരാന്തയിലേക്ക് ടര്‍ക്കിയില്‍ പൊതിഞ്ഞ് കുഞ്ഞിനെ കൊണ്ടുവന്നപ്പോള്‍ രവിയുടെ ഉള്ള് സന്തോഷംകൊണ്ട് നിറഞ്ഞിരുന്നു. അമ്മ രുഗ്മിണിക്ക് ഏറെ കാലത്തെ പ്രാര്‍ഥനയുടെ ഫലമായിരുന്നു അവള്‍. എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസ്സില്ലായിരുന്നു. കുഞ്ഞിന് രണ്ടു കൈകളും മുട്ടിനു താഴേക്ക് കാലുമില്ലായിരുന്നു. നെഞ്ച് നീറുന്ന വേദനയാണ് ഇന്നും അമ്മക്ക് ആ ഓര്‍മ്മകള്‍. എന്നാല്‍, സങ്കടങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് അമ്മ മകളെ മാറോട് ചേര്‍ക്കുകയായിരുന്നു.

ഇടുക്കിയിലെ മലയോരഗ്രാമമായ മുട്ടുകാട്ടെ കര്‍ഷക കുടുംബത്തിലാണ് ബിന്ദു ജനിച്ചത്. പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാന്‍ പോലും കുഞ്ഞ് ബിന്ദുവിന് സാധിക്കില്ലായിരുന്നു. അമ്മയുടെ ഒക്കത്തിരുന്നാണ് ഓരോ കാഴ്ചയും അവര്‍ കണ്ടത്. ഷീറ്റുമേഞ്ഞ ഒറ്റമുറി വീട്ടിലായിരുന്നു ബാല്യം. ജനലിനോട് ചേര്‍ന്ന് കിടക്കുന്ന കട്ടിലില്‍ മുട്ടുകുത്തിനിന്നാണ് പുറം കാഴ്ചകള്‍ കണ്ടിരുന്നത്.

Bindu
ബിന്ദു | ഫോട്ടോ: ആദിത്യന്‍ ലിജേഷ്‌

ദൂരെ മലകളില്‍ നിറഞ്ഞ് പൂക്കുന്ന പല നിറത്തിലുള്ള പൂക്കളും മലമുഴക്കി വേഴാമ്പലിന്റെ ശബ്ദവുമായിരുന്നു ബിന്ദുവില്‍ ആഹ്ലാദം നിറച്ചിരുന്നത്. സന്ധ്യയാകുമ്പോഴേക്കും കോടമഞ്ഞ് വന്ന് മലകളെ മൂടുന്നത് കണ്ണെടുക്കാതെ നോക്കിനിന്നിട്ടുണ്ട്. പുലരുമ്പോള്‍ വെയില്‍വന്ന് കോടമഞ്ഞിനെ വിഴുങ്ങുന്നത് കണി കണ്ടാണ് ഉണരാറ്. ആ കാഴ്ചകളിലേക്ക് ഓടിക്കയറണമെന്ന ആഗ്രഹത്തിന്റെ ബാക്കിയായിരുന്നു ഓരോ സ്വപ്നങ്ങളും.

കാലത്തിനൊപ്പം തന്റെ ശാരീരിക പരിമിതികള്‍ ബിന്ദു ഉള്‍കൊള്ളുകയായിരുന്നു. ഇപ്പോള്‍ ഏറെക്കുറെ എല്ലാ കാര്യങ്ങളും സ്വയം ചെയ്യാവുന്ന അവസ്ഥയിലേക്ക് അവര്‍ മനസ്സിനെ പാകപ്പെടുത്തിയിട്ടുണ്ട്. മണ്ണില്‍ ഉരഞ്ഞ് കാലുകള്‍ പൊട്ടുന്നത് പതിവാണെങ്കിലും മുന്നോട്ട് പോകാന്‍ ഉറപ്പിച്ച ഒരു യാത്രയും ഇതുവരെ ഉപേക്ഷിച്ചിട്ടില്ല. ദൃഢനിശ്ചയം കൊണ്ട് പരിമിതികളുടെ മഞ്ഞ് മൂടിയ ജീവിതത്തെ സ്വയം പ്രകാശിപ്പിക്കുകയാണ് ഇന്നവര്‍. കടുത്ത പ്രതിസന്ധികളിലും ആ പ്രകാശമാണ് ബിന്ദുവിനെ മുന്നോട്ട് നയിക്കുന്നത്.

Bindu
ബിന്ദു | ഫോട്ടോ: ആദിത്യന്‍ ലിജേഷ്‌

വേദനയും അക്ഷരങ്ങളും

പ്രതിസന്ധികളുടെ ഒടുക്കമില്ലാത്ത പരമ്പരയായിരുന്നു ജീവിതത്തില്‍ ഉടനീളം. വിദ്യാലയത്തില്‍ പോകാനുള്ള പ്രായമായപ്പോഴേക്കും കൂട്ടിനായി അനിയത്തിമാര്‍ വന്നു. എന്നാല്‍, അവര്‍ക്കൊപ്പം ക്ലാസ്സില്‍ പോകുന്നത് അസാധ്യമായിരുന്നു. ഒടുവില്‍ കുറച്ച് വൈകിയാണെങ്കിലും വേണാട് സര്‍ക്കാര്‍ യു.പി. സ്‌കൂളില്‍ ചേര്‍ന്നു.

അമ്മ രുഗ്മിണി എടുത്തുകൊണ്ടാണ് നാലാം ക്ലാസ്സുവരെ വിദ്യാലയത്തില്‍ കൊണ്ടുപോയത്. അക്ഷരങ്ങളും കൂട്ടുകാരും ബിന്ദുബിന് പുതുജീവനാണ് നല്‍കിയത്. ഓരോ ഇടവേളകളിലും അമ്മ വന്ന് കാര്യങ്ങള്‍ തിരക്കി പോകും. മലയും കുന്നും കടന്ന് അങ്ങാടിയിലൂടെ അമ്മയുടെ ഒക്കത്തിരുന്നുള്ള യാത്ര അത്ര പ്രിയപ്പെട്ടതായിരുന്നു. ഓരോ രാവും പിന്നീട് ആ യാത്രക്കുള്ള കാത്തിരിപ്പായിരുന്നു.

കൂട്ടിനായി നാല് അനിയത്തിമാര്‍ കൂടെ വന്നെങ്കിലും ബിന്ദുവിന്റെ ബാല്യം ചുവരുകള്‍ക്കുള്ളിലായിരുന്നു. മുറ്റത്തും പറമ്പിലും അവര്‍ ഓടിക്കളിക്കുന്നത് ദൂരെ ഇരുന്ന് മാത്രം കാണാനായിരുന്നു അനുവാദമുണ്ടായിരുന്നത്. മണ്ണില്‍ കാലു കുത്തിയാല്‍ ഉണങ്ങാത്ത വ്രണങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതു കൊണ്ടാണത്. എല്ലാ സ്വപ്നങ്ങളും ഓര്‍മ്മവെച്ച കാലം മുതല്‍ ദൂരെ നിന്ന് മാത്രമുള്ള കാഴ്ചകളാണ്.

കൂലിപ്പണിക്കാരന്‍ ആയിരുന്ന അച്ഛന് പലപ്പോഴും പണി ഉണ്ടാകാറില്ല. അപ്പോഴൊക്കെ ഒറ്റമുറി വീട്ടില്‍ ആറുപേരും മുഴു പട്ടിണിയിലാകും. ഉച്ചഭക്ഷണത്തിനായി മാത്രം വിദ്യാലയത്തില്‍ പോയ ഓര്‍മ്മകളും അവര്‍ക്കുണ്ട്. അടുത്ത വീടുകളില്‍നിന്ന് അമ്മ കൊണ്ടുവരുന്നത് കഴിച്ച് പല തവണ അരവയര്‍ നിറക്കേണ്ടിയും വന്നിട്ടുണ്ട്. മഴക്കാലമായിരുന്നു ദുരിതകാലം.
മഴ തുടങ്ങുമ്പോഴെ ഓല മേഞ്ഞ വീട് ചോര്‍ന്നൊലിക്കും. മഴയേക്കാള്‍ വേഗത്തില്‍ ഓലച്ചീന്തിനുള്ളിലൂടെ വെള്ളം അകത്തേക്ക് എത്തും. ഓരോ മഴയും ദുരിതകാലത്തിന്റെ ഓര്‍മ്മകള്‍ കൂടെയാണ്.

മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചം മാത്രമാണ് അന്നൊക്കെ ഉണ്ടായിരുന്നത്. ആ മങ്ങിയ കാഴ്ചകളില്‍നിന്നാണ് അക്ഷരങ്ങള്‍ മനഃപാഠമാക്കിയത്. കാഴ്ചകളുടെ മങ്ങല്‍ എന്നാല്‍ മനസ്സിലെ അക്ഷരങ്ങള്‍ക്ക് ഇല്ലായിരുന്നു. ഓരോ ക്ലാസ്സിലും മികച്ച മാര്‍ക്കോടെയാണ് ബിന്ദു ജയിച്ചു വന്നത്. വേദന നിറഞ്ഞ ജീവിത വഴികളിലെ ഓരോ വിജയവും അവര്‍ക്ക് നല്‍കിയ ആത്മവിശ്വാസം ഏറെ വലുതായിരുന്നു.

Bindu
ബിന്ദു | ഫോട്ടോ: ആദിത്യന്‍ ലിജേഷ്‌

പ്രതിസന്ധിയും പ്രതീക്ഷകളും

അഞ്ചാം ക്ലാസ്സു മുതല്‍ ആനിക്കാട് സെന്റ് സെബാസ്റ്റിന്‍ വിമല ഭവനിലായിരുന്നു പഠനം. അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ചതും കഥകളും കവിതകളും ഹൃദയത്തോട് ചേര്‍ത്തതും അവിടെനിന്നായിരുന്നു. പത്താം ക്ലാസ്സുവരെ താമസിച്ച് പഠനം തുടര്‍ന്നു. അമ്മയെ വിട്ട് ആദ്യമായിട്ടായിരുന്നു പുറത്തു പോയത്. എന്നാല്‍ ആ സങ്കടം മാറാന്‍ അധികം സമയം വേണ്ടിയിരുന്നില്ല. അമ്മയോളം സ്‌നേഹം കൊണ്ട് പൊതിയാന്‍ വെളുത്ത മാലാഖമാര്‍ ബിന്ദുവിന് ചുറ്റും ഉണ്ടായിരുന്നു. സമാനമായ ശാരീരിക വിഷമതകള്‍ ഉള്ള കുട്ടികളും ബിന്ദുവിനെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തി. ജീവിതത്തിന്റെ പുതിയ പാഠങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു.

ചെറിയ വിഷമങ്ങള്‍ പോലും വരാതെ നോക്കിയ ഡൊമനിക് മരിയ സിസ്റ്റര്‍ ബിന്ദുവിന് സ്വപ്നങ്ങളിലെ മാലാഖയായിരുന്നു. പഠനത്തോടൊപ്പം ചിത്രരചനയും അഭ്യസിച്ചു. വീടോളം പ്രിയപ്പെട്ട മറ്റൊരു ഇടമാണ് ഇന്നും ബിന്ദുവിന് വിമല ഭവന്‍. മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിച്ചതും അവിടുത്തെ പഠന രീതികൊണ്ടാണ്.

ആ ഇടക്കാണ് അച്ഛന്‍ കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നത്. പ്രായം കൂടി വരുന്ന പെണ്‍കുട്ടികള്‍ അദ്ദേത്തിന് ബാധ്യതയായിരുന്നു. ഒരിക്കല്‍ ആരോടും പറയാതെ അദ്ദേഹം ഇറങ്ങിപ്പോവുകയായിരുന്നു. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് അദ്ദേഹം മറ്റൊരു കുടുംബമായി ജീവിക്കുന്നു എന്നറിയാന്‍ സാധിച്ചത്.

പ്രതിസന്ധിയുടെ കാലങ്ങളായിരുന്നു പിന്നീട്. പ്രാണനോളം സ്‌നേഹിച്ച മക്കളെ കാണാന്‍ അറിയാതെ പോലും അദ്ദേഹം ആ വഴി വന്നിട്ടില്ല. എല്ലാ ബാധ്യതകളും അമ്മ സ്വയം ഏറ്റെടുത്തു. അഞ്ചു വയര്‍ പട്ടിണിയാവാതിരിക്കാന്‍ രാപ്പകല്‍ അധ്വാനിച്ചു. കൂലിപ്പണിക്കും വീട്ടുജോലികള്‍ക്കും മാറി മാറി പോയി.

പ്രതിസന്ധികള്‍ക്കിടയിലും പലരുടെയും സഹായം കൊണ്ട് പഠനം മുന്നോട്ട് പോയിരുന്നു. ബൈസണ്‍ വാലി എസ്.എന്‍. കോളേജിലാണ് പ്ലസ് ടു പൂര്‍ത്തിയാക്കിയത്. അധ്യാപകനായ സുഭാഷ് ചന്ദ്രന്‍ ജീവിതപ്രയാസങ്ങള്‍ മനസ്സിലാക്കി കൂടെനിന്നു. ആനിശ്ചിതത്വത്തിലേക്ക് ജീവിതം വീഴുമ്പോഴൊക്കെയും കൈ തരാന്‍ മനുഷ്യര്‍ ഉണ്ടാവും. ആ ശുഭാപ്തി വിശ്വാസമാണ് ഓരോ പ്രതിസന്ധി വരുമ്പോഴും മുന്നോട്ട് പോകാനുള്ള പ്രതീക്ഷ നല്‍കുന്നത്.

Bindu
ബിന്ദു | ഫോട്ടോ: ആദിത്യന്‍ ലിജേഷ്‌

പ്രത്യാശയും ജീവിതവും

അനിയത്തിമാരുടെ കല്യാണങ്ങള്‍ അമ്മയുടെ രാപ്പകല്‍ അധ്വാനത്തിന്റെ ഫലമായി നടന്നു. പ്രായം ഏറെ തളര്‍ത്തിയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും അമ്മ വിശ്രമിച്ചു കണ്ടിട്ടില്ല. ഇപ്പോള്‍ പണ്ടത്തെപ്പോലെ ജോലി ചെയ്യാന്‍ പറ്റുന്ന ആരോഗ്യസ്ഥിതിയല്ല. എങ്കിലും സാധ്യമായ ജോലികള്‍ക്ക് എല്ലാം പോകും.

മൂന്നു വര്‍ഷത്തോളം കയറിയിറങ്ങിയിട്ടാണ് പഞ്ചായത്തില്‍നിന്നു വീടിനുള്ള പണം അനുവദിച്ചു കിട്ടിയത്. അന്നു കിട്ടിയ തുക വീടുപണി പൂര്‍ത്തിയാക്കാന്‍ പര്യാപ്തമല്ലായിരുന്നു. കയ്യില്‍ ഉണ്ടായിരുന്നതെല്ലാം കൂടെ കൂട്ടിയാണ് മേല്‍ക്കൂര ഷീറ്റിട്ടുകൊണ്ട് താമസം തുടങ്ങിയത്. ഇപ്പോഴും കനത്ത മഴ പെയ്താല്‍ ഷീറ്റിന് ഉള്ളിലൂടെ വെള്ളം അകത്തെത്തും.

ജീവിതാവസ്ഥ കണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ ഫോട്ടോസ്റ്റാറ്റ് മിഷീന്‍ സമ്മാനമായി കൊടുത്തു. പരമാവധി 50 രൂപ വരെയൊണ് ഒരു ദിവസം കിട്ടാറുണ്ടായിരുന്നത്. എന്നാല്‍ കാലപ്പഴക്കം കാരണം തകരാറിലായ അവസ്ഥയാണ്. ഇനി ശരിയാക്കാന്‍ ആകത്താവിധം അതിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതോടെയാണ് ആകെയുണ്ടായിരുന്ന വരുമാനം കൂടെ നിലച്ചു പോയത്. ഇപ്പോള്‍ കാര്യങ്ങള്‍ മുച്ചൂടും പ്രതിസന്ധിയിലാണ്. മാസം തോറും മുടങ്ങാതെ കിട്ടുന്ന പെന്‍ഷന്‍ തുകയായ 1400 രൂപയാണ് ആകെയുള്ള കുടുംബത്തിന്റെ വരുമാനം. രണ്ടു വയര്‍ നിറയുന്നത് ആ തുക കൊണ്ടാണ്.

അസാധ്യമായ പ്രതിസന്ധികളുടെ കയത്തില്‍ തന്നെയാണ് ഇപ്പോഴും ബിന്ദു. അവിടെനിന്നും ജീവിതത്തിന്റെ കരയിലേക്ക് തുഴഞ്ഞെത്താനുള്ള പരിശ്രമത്തിലാണ് ഇന്നവര്‍. അതിനായി ഒരു തുഴ സഹായമാണ് വേണ്ടത്. പുതിയ ഫോട്ടോസ്റ്റാറ്റ് മിഷീന്‍. എല്ലാ പ്രയാസങ്ങളെയും അതിജീവിച്ച് മുന്നോട്ട് പോകാന്‍ സാധിക്കുമെന്നാണ് ആത്മവിശ്വാസത്തോടെ ബിന്ദു പറയുന്നത്. അതിജീവനം എന്നാല്‍ പ്രത്യാശ കൂടിയാണ്.

Content Highlights: Bindu, a fighter within her limits | Athijeevanam 63

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
.

4 min

വഴിയുണ്ട് പൂട്ടാന്‍; ലോണ്‍ ആപ്പുകളുടെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ചെയ്യേണ്ടത്

Sep 22, 2023


.
Premium

6 min

ബോംബിട്ടും തീയിട്ടും സ്ത്രീകൾ നേടിയെടുത്ത അവകാശം, രാജാവിന്റെ കുതിരയുടെ ഇടിയിൽ രക്തസാക്ഷിയായ എമിലി

Sep 22, 2023


.മാന്ദന ചിത്രങ്ങള്‍

2 min

നാടോടിപ്പാട്ടുകള്‍ പാടിക്കൊണ്ട് ചിത്രരചന, കൂട്ടായ്മയുടെ അഴകാണ് മാന്ദന ചിത്രങ്ങള്‍

Sep 22, 2023


Most Commented