കോഴിക്കോട്: നിയമസഭാ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ തലമുറ മാറ്റമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചതിന് പിന്നാലെ മത്സരിക്കാനുള്ള ആഗ്രഹം മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്ന് പറഞ്ഞത് കോൺഗ്രസ്സിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും എന്ന് തുറന്നു പറഞ്ഞതിലൂടെ അത് കണ്ടില്ലെന്ന് നടിക്കാൻ കോൺഗ്രസ് നേതൃത്വത്തിനും കഴിയില്ല.

To advertise here,

മികച്ച വിജയ റെക്കോഡുള്ള സീനിയർ നേതാവും മുൻ കെപിസിസി പ്രസിഡന്റും കൂടിയാണ് മുല്ലപ്പള്ളി. നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളിൽ ഒന്നിൽ മത്സരിക്കാനാണ് അദ്ദേഹത്തിന് താത്പര്യം എന്നാണ് സൂചനകൾ. ഈ രണ്ട് സീറ്റും നോട്ടമിട്ട് കോൺഗ്രസിൽ തന്നെ ഒന്നിലേറെ നേതാക്കൾ രംഗത്തുള്ളപ്പോഴാണ് മുല്ലപ്പള്ളിയുടെ പേര് കൂടി ഉയർന്നുവരുന്നത്.

നാദാപുരത്ത് യൂത്ത് കോൺഗ്രസ് നേതാവ് കെ.എം. അഭിജിത്ത്, കൊയിലാണ്ടിയിൽ ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ, കോഴിക്കോട് നോർത്തിൽ കെപിസിസി അംഗം അഡ്വ. ജയന്ത്, ബാലുശ്ശേരിയിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ്, തുടങ്ങിയവരുടെ പേരുകളാണ് ചർച്ചകളിൽ ഇടംപിടിച്ചിട്ടുള്ളത്. ഇതിനിടെയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർഥി മോഹം പരസ്യമായി പ്രഖ്യാപിച്ചത്. മുസ്‌ലിം ലീഗിന്റെ സ്വാധീന മേഖല കൂടിയാണ് നാദാപുരം. കൊയിലാണ്ടിയിലാവട്ടെ സീറ്റ് ഉറപ്പിച്ച് പ്രാരംഭ പ്രവർത്തനങ്ങളുമായി ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറുമുണ്ട്.

കാൽനൂറ്റാണ്ടായി ഒരു കോൺഗ്രസ് എംഎൽഎ പോലുമില്ലാത്ത ജില്ലയാണ് കോഴിക്കോട്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തോടെ മികച്ച സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് കോൺഗ്രസ് നേതാക്കളുടെ നീക്കം. തന്നോട് ആലോചിക്കുക പോലും ചെയ്യാതെ കോഴിക്കോട് ജില്ലയിൽ നേതാക്കൾ സ്ഥാനാർത്ഥിത്വം സ്വയം തീരുമാനിച്ചതിലുള്ള അമർഷ പ്രകടനവും മുല്ലപ്പള്ളിയുടെ പരസ്യനിലപാട് പ്രഖ്യാപനത്തിലുണ്ടെന്നാണ് സൂചന.

ഇതിനിടെ സീനിയർ നേതാക്കൾ മത്സര രംഗത്തുണ്ടാകുമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനയെ അനുകൂലിച്ചും എതിർത്തും സൈബർ ഇടങ്ങളിലും ചർച്ചതുടങ്ങിയിട്ടുണ്ട്. സംസ്ഥാന, കേന്ദ്രമന്ത്രി പദം ഉൾപ്പെടെ സ്ഥാനമാനങ്ങൾ ലഭിച്ച മുല്ലപ്പള്ളി വീണ്ടും മത്സര രംഗത്തേക്കുവരരുതെന്നും പുതുതലമുറയ്ക്ക് അവസരം നൽകണമെന്നുമാണ് കോൺഗ്രസിന്റെ സൈബർ ഇടങ്ങളിൽ അടക്കം ഉയരുന്ന പ്രതികരണങ്ങൾ.

കോൺഗ്രസിനും യുഡിഎഫിനും നിലനിൽപിന്റെ പോരാട്ടമായതിനാൽ വിജയസാധ്യത മാത്രം നോക്കിയാൽ മതിയെന്നും മുല്ലപ്പള്ളിയും സുധീരനും അടക്കമുള്ള മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് വിജയസാധ്യത കൂട്ടുമെന്നും വാദിക്കുന്നവരുമുണ്ട്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രഖ്യാപനമെങ്കിലും കെപിസിസി നേതൃത്വത്തിന്റെ ഭാഗത്തുനിന്നും അങ്ങനെയൊരു നീക്കം ഉണ്ടാവില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ വരുന്ന സൂചന. പക്ഷേ മുല്ലപ്പള്ളിയുടെ കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ അഭിപ്രായവും പ്രധാനമാകും. ഇതിന് പുറമെ മുല്ലപ്പള്ളി ജയിച്ചാൽ യുഡിഎഫിന് ഭരണം കിട്ടുന്ന സാഹചര്യമുണ്ടായാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ക്ലെയിം ഉയരാൻ സാധ്യതയുണ്ട്. ഇത് മുഖ്യമന്ത്രി സ്ഥാനം മോഹിച്ചിരിക്കുന്ന സംസ്ഥാന നേതാക്കൾക്കും തലവേദനയുണ്ടാക്കും.