നിലമ്പൂര്‍: മൂന്നരപ്പതിറ്റാണ്ട് എംഎല്‍എയായിരുന്ന നിലമ്പൂര്‍ മണ്ഡലം കൈവിട്ടതിലെ പിതാവിന്റെ വിഷമം കഴിഞ്ഞ തിരഞ്ഞെടുപ്പിലൂടെ തിരിച്ചുപിടിച്ച ചാരിതാര്‍ഥ്യത്തിലാണ് മകനും നിലമ്പൂര്‍ എംഎല്‍എ യുമായ ആര്യാടന്‍ ഷൗക്കത്ത്. പിതാവ് വിടപറഞ്ഞിട്ട് മൂന്നുവര്‍ഷമായി. ഇപ്പോഴും ഒപ്പമുണ്ടെന്ന വിശ്വാസമാണ് മനസ്സിന് കരുത്തു പകരുന്നത്. അവസാന നാളുകളിലും നിലമ്പൂര്‍ തിരിച്ചുപിടിക്കേണ്ടതിനെക്കുറിച്ചാണ് ഏറെയും സംസാരിച്ചിരുന്നത്. കോണ്‍ഗ്രസ് നേതാക്കന്‍മാരും പ്രവര്‍ത്തകരും അതൊരു വികാരമായി ഏറ്റെടുത്തു.

To advertise here,

ഉപതിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാനായപ്പോള്‍ കുഞ്ഞാക്കയുടെ സ്വപ്നം നിറവേറ്റാനായെന്ന സന്തോഷമായിരുന്നു. ആ വിജയംകാണാന്‍ കുഞ്ഞാക്കയില്ലെന്ന വേദനയും. കുഞ്ഞാക്ക ആത്മബന്ധം പുലര്‍ത്തിയിരുന്ന എ.കെ. ആന്റണിയെ കണ്ടപ്പോള്‍ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് നിറകണ്ണുകളോടെ 'ആര്യാടന്‍ വരുന്നപോലെ' എന്നാണ് പറഞ്ഞത്. ആര്യാടനെപ്പോലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും നിയമസഭയില്‍ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കണമെന്ന ഉപദേശവും നല്‍കി.

കുഞ്ഞാക്കയുടെ ഓഫീസ് മുറിതന്നെയാണ് ഞാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ കുഞ്ഞാക്ക ഇരുന്ന കസേരയും വായിച്ച പുസ്തകങ്ങളും മേശയുമെല്ലാം അതുപോലെ സൂക്ഷിച്ചിരിക്കുകയാണ്. 2016-ല്‍ കുഞ്ഞാക്ക തുടക്കമിട്ട വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ള നിയോഗം ലഭിച്ചതാണ് വലിയ പുണ്യം. കുഞ്ഞാക്ക മന്ത്രിയായിരിക്കേ പ്രവൃത്തി ഉദ്ഘാടനം നടത്തിയ നിലമ്പൂര്‍ ബൈപ്പാസ് ആരംഭിക്കാന്‍ കഴിഞ്ഞ ഒമ്പതു വര്‍ഷവും ഒരു തുടര്‍നടപടിയും ഉണ്ടായിരുന്നില്ല. ആദ്യഘട്ട പ്രവൃത്തിക്കായി 35 കോടി രൂപയുടെ സാങ്കേതികാനുമതി നേടിയെടുക്കാനായത് വലിയ നേട്ടമായി.

പിതാവ് എനിക്ക് പാഠശാലയായിരുന്നു. മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബിന്റെ ജീവചരിത്രം ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ വായിക്കാന്‍ തന്നതാണ് ആദ്യ പാഠം. ഒന്നാം ക്ലാസില്‍ െവച്ചുതന്നെ പത്രവായന തുടങ്ങിയിരുന്നെങ്കിലും പുസ്തകവായനയിലേക്ക് ഗൗരവമായി കടക്കുന്നത് മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബിന്റെ ജീവിതകഥയിലൂടെയാണ്. തനിക്ക് ശരിയെന്ന കാര്യങ്ങള്‍ ചിലര്‍ക്ക് അപ്രിയമാണെന്നു തോന്നിയാലും വിളിച്ചുപറയുന്ന തന്റേടമാര്‍ന്ന ശൈലി അന്നേ രൂപപ്പെട്ടു തുടങ്ങിയിരുന്നു. പ്രതിസന്ധികളില്‍ പതറാത്ത കരുത്തും സാധാരണക്കാര്‍ക്കുവേണ്ടി ശക്തമായി നിലകൊള്ളുന്ന പ്രവര്‍ത്തനശൈലിയും അടിയുറച്ച മതനിരപേക്ഷ നിലപാടുമാണ് കുഞ്ഞാക്കയുടെ പ്രവര്‍ത്തനശൈലി. ആ ശൈലിതന്നെയാണ് എനിക്ക് ഊര്‍ജം പകരുന്നത്.