അരൂര്‍: വ്യാഴാഴ്ച രാത്രി മുഴുവന്‍ പെയ്ത മഴയില്‍ ഗര്‍ത്തങ്ങള്‍ നിറഞ്ഞ ദേശീയപാതയാകെ പുഴപോലെയായി. അരൂര്‍മുതല്‍ എരമല്ലൂര്‍വരെ പാതയുടെ ഇരുവശത്തും ഏതാണ്ട് എല്ലായിടത്തും കനത്ത വെള്ളക്കെട്ടായി. ഇതോടെ പാതയില്‍ സഞ്ചരിക്കാന്‍ വഞ്ചി വേണോ വാഹനം വേണോ എന്ന തരത്തിലെ യാത്രക്കാരുടെ ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. എരമല്ലൂര്‍മുതല്‍ അരൂര്‍ വരെ പൊതുവേ ഉയരപ്പാത താഴ്ന്നും ഇരുഭാഗത്തെ ഭൂമി ഉയര്‍ന്നുമാണ് നില്‍ക്കുന്നത്. വെള്ളം നിറഞ്ഞ കുഴികളില്‍ വീണ് കാല്‍നടക്കാര്‍ക്കും പരിക്കേല്‍ക്കുന്നുണ്ട്.

To advertise here,

ഇതിനിടെ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ ലോഞ്ചിങ് ഗ്യാന്‍ട്രിയുടെ റെയിലുകള്‍ സ്ഥാപിച്ചപ്പോളുണ്ടായ ഉയരക്കൂടുതലും കെണിയായി. നിലവിലെ പാതയേക്കാള്‍ ഉയര്‍ന്നനിലയില്‍ പണിയുന്ന കാനയിലേക്കും നിലവില്‍ വെള്ളം പോകുന്നില്ല. എന്നാല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോഴുള്ള ഓളത്തില്‍ കാനയുടെ വശത്ത് സ്ഥാപിച്ചിരിക്കുന്ന ചെറുദ്വാരങ്ങളിലൂടെ വെള്ളം ഇതിലേക്ക് കയറുന്നുമുണ്ട്. ഇതുവഴി കാനയ്ക്കകം ചെളിയും മണ്ണും നിറയുന്ന സ്ഥിതിയാണ്. ഇത്തരത്തില്‍ അടഞ്ഞാല്‍ ഇത് നീക്കംചെയ്യുന്നത് പ്രതിസന്ധിയാണ്. കാരണം ഇവിടെ നിര്‍മിക്കുന്ന കാനയുടെ മുകള്‍ ഭാഗമാകെ കോണ്‍ക്രീറ്റ് ചെയ്ത് പോവുകയാണ്.

ഇത്തരത്തില്‍ ദീര്‍ഘവീക്ഷണമില്ലാതെ ചെയ്യുന്ന പ്രവൃത്തികളാണ് ഒറ്റമഴയില്‍ കൊച്ചിയെയും തിരുവനന്തപുരം നഗരത്തെയുമൊക്കെ മുക്കിക്കൊല്ലുന്നത്. ഇക്കാര്യത്തില്‍ ഉയരപ്പാത നിര്‍മാണം പൂര്‍ത്തീകരിക്കുംമുന്‍പേ ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് ദേശീയപാതയോരത്തെ വ്യാപാരികളും താമസക്കാരും ആവശ്യപ്പെടുന്നത്.

12 മണിക്കൂറിനിടെ രണ്ട് അപകടങ്ങള്‍; തകര്‍ന്ന ദേശീയപാതയില്‍ വാഹനങ്ങള്‍ മറിഞ്ഞു

അരൂര്‍: ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍ -തുറവൂര്‍ ദേശീയപാതയില്‍ വെള്ളിയാഴ്ച മറിഞ്ഞത് രണ്ട് ലോറികള്‍. 12 മണിക്കൂറിനിടെയാണ് രണ്ടപകടവും ഉണ്ടായത്. പുലര്‍ച്ചെ തടികയറ്റി എത്തിയ ലോറി അരൂര്‍ എസ്എന്‍ നഗറിന് എതിര്‍ഭാഗത്താണ് ഗര്‍ത്തത്തില്‍ അകപ്പെട്ട് മറിഞ്ഞത്. വൈകീട്ട് നാലോടെ പുണെയില്‍ നിന്ന് വന്ന കൂറ്റന്‍ കവചിത ലോറി ചന്തിരൂരിന് സമീപം യു -ടേണ്‍ എടുക്കവേ മറിഞ്ഞു. രണ്ട് അപകടങ്ങളിലും ആര്‍ക്കും പരിക്കില്ല. മാത്രമല്ല, ലോറികള്‍ രണ്ടും മറിഞ്ഞത് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയ്ക്ക് എതിര്‍വശത്തേക്കാണ്. ചന്തിരൂരിലെ അപകടത്തിന് കാരണം ഇവിടെ സ്ഥാപിച്ചിരുന്ന ലോഞ്ചിങ് ഗ്യാന്‍ട്രിയോട് ചേര്‍ന്ന് ആവശ്യത്തിന് മെറ്റലിട്ട് ഇവിടം ഉറപ്പിക്കാത്തതാണ്.

വ്യാഴാഴ്ച രാത്രിമുഴുവന്‍ പെയ്ത മഴയില്‍ ദേശീയപാതയാകെ വെള്ളക്കെട്ടില്‍ കുരുങ്ങിയതിനിടെയാണ് രണ്ട് ലോറികള്‍ മറിഞ്ഞത്. പെരുമ്പാവൂരിലെ പ്ലൈവുഡ് നിര്‍മാണ കമ്പനിയിലേക്ക് റബ്ബര്‍മരങ്ങള്‍ കയറ്റിപ്പോയ ലോറിയാണ് അരൂരില്‍ മറിഞ്ഞത്. ഇവിടെത്തന്നെ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ തടികയറ്റിയെത്തിയ നാലുലോറികള്‍ മറിഞ്ഞിട്ടുണ്ട്. ഇത്തരം വലിയ വാഹനങ്ങള്‍ ഉയരപ്പാതയുടെ നിര്‍മാണം കഴിയുംവരെ ഇതുവഴി വരരുത് എന്ന വിലക്ക് നിലനില്‍ക്കെയാണ് ലോറി എത്തിയത്. ഉച്ചയ്ക്ക് ശേഷം മറ്റൊരു ലോറിയിലേക്ക് തടികള്‍ കയറ്റി കൊണ്ടുപോയി. തുടര്‍ന്ന് മറിഞ്ഞ ലോറി ഉയര്‍ത്തി അവിടനിന്നും മാറ്റി.

കുട്ടികള്‍ക്ക് പ്രിയങ്കരമായ കിന്‍ഡര്‍ ജോയിയുമായെത്തിയതാണ് കവചിത ലോറി എന്നാണ് വിവരം. കേരളത്തില്‍ വിതരണം ചെയ്യുന്നതിന്റെ മുന്നോടിയായി ചന്തിരൂരിലെ ദേശീയപാതയോരത്തുള്ള കോള്‍ഡ് സ്റ്റോറേജിലേക്ക് വന്നതാണ്. യു-ടേണ്‍ തിരിയുമ്പോള്‍ മറിഞ്ഞ ലോറി വൈകീട്ടും ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്. വാഹനത്തിന്റെ പിന്‍ഭാഗത്തെ വാതില്‍ തുറന്നാല്‍ മാത്രമേ, ഇതിനുള്ളിലെ ചരക്കിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയൂ. ഇരു അപകടങ്ങളിലും ആളുകള്‍ക്ക് പരിക്കില്ലാത്തതിനാല്‍ അഗ്‌നിരക്ഷാസേന വിവരം അറിഞ്ഞിട്ടില്ല. എന്നാല്‍ രണ്ടിടത്തും അരൂര്‍ പോലീസ് എത്തി.