
കണ്ണൂർ: പോലീസിനെ വെല്ലുവിളിച്ചും രാഷ്ട്രീയപ്രതികരണം നടത്തിയുമുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റ്. മണിക്കൂറുകൾക്കകം ആയിരക്കണക്കിന് ലൈക്കും കമന്റും. ഗൗരവസ്വഭാവമുള്ള കേസുകൾ നിലനിൽക്കുമ്പോഴും അർജുൻ ആയങ്കിക്ക് സൈബർലോകത്ത് കിട്ടിയത് വലിയ പിന്തുണ.
പാർട്ടി അംഗത്വത്തിലില്ലാതിരുന്നപ്പോഴും സി.പി.എമ്മിന്റെ നിഴൽ പറ്റിയായിരുന്നു ആയങ്കിയുടെ യാത്ര. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ തള്ളിപ്പറഞ്ഞപ്പോൾ തന്റെ പാർട്ടിപ്രവർത്തന പാരമ്പര്യം പറഞ്ഞ് മറുപടി നൽകാനും ആയങ്കി മടികാണിച്ചില്ല. ശനിയാഴ്ചയിട്ട ഈ പോസ്റ്റിന് 17 മണിക്കൂർ കഴിഞ്ഞപ്പോൾ കിട്ടിയത് 14,000 ലൈക്കും 2300 കമന്റും.
പൊതുരംഗത്തേക്കുള്ള അർജുന്റെ വരവ് അഴീക്കോട് കപ്പക്കടവിൽ ഡി.വൈ.എഫ്.ഐ.യുടെ പ്രവർത്തകനായിട്ടായിരുന്നു. കുറച്ചുകാലം സി.പി.എം. അംഗവുമായി. രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികളുമായുള്ള ബന്ധത്തിലൂടെ തട്ടകം വികസിച്ചു. 2021-ൽ രാമനാട്ടുകര സ്വർണംപൊട്ടിക്കൽ ശ്രമത്തോടെയാണ് അർജുന്റെ അടിത്തറയും ശേഷിയും പുറംലോകത്ത് ചർച്ചയായത്.
എതിരാളികൾക്കുനേരേ സാമൂഹിക മാധ്യമ പോസ്റ്റുകളിലൂടെ സൈബർ ലോകത്ത് പിന്തുണ സമ്പാദിക്കലായിരുന്നു ആയങ്കിയുടെ രീതി. പാർട്ടിപിന്തുണ പ്രഖ്യാപിച്ച് നിരന്തരം വിപ്ലവ വചനങ്ങളും നേതാക്കൾക്കുള്ള വാഴ്ത്തുപാട്ടുകളുമായി പ്രത്യക്ഷപ്പെടാറുമുണ്ടായിരുന്നു. പലപ്പോഴും കണ്ണൂരിലെ ഒരു നേതാവിനുവേണ്ടിയുള്ള ആഹ്വാനങ്ങളും മുഴക്കി. അർജുന്റെ പോസ്റ്റുകൾ ലൈക്ക് ചെയ്യുന്ന ഡി.വൈ.എഫ്.ഐ. അംഗങ്ങളും ഭാരവാഹികളുമുണ്ട്.
പാർട്ടിയെ ജനങ്ങളിൽനിന്ന് അകറ്റിയെന്നു വിമർശം
ഇപ്പോഴത്തെ സംഭവത്തിൽ, താൻ പ്രവർത്തിച്ച പാർട്ടി വേറെയാണ് എന്നുപറഞ്ഞ് അർജുൻ ഭീഷണിമുഴക്കിയപ്പോൾ ക്രിമിനൽ പശ്ചാത്തലമുള്ള സ്വയംപ്രഖ്യാപിത വിപ്ലവകാരികളെ തള്ളിപ്പറയേണ്ട അവസ്ഥയിലായി സി.പി.എം.
പാർട്ടിയെ ജനങ്ങളിൽനിന്ന് അകറ്റുന്നതിൽ നിർണായക പങ്കു വഹിച്ച അതിതീവ്ര സൈബർ വിപ്ലവകാരികളുണ്ടെന്നാണ് സി.പി.എം. വിട്ട മുൻ ജില്ലാക്കമ്മിറ്റിയംഗം മനുതോമസ് സാമൂഹിക മാധ്യമത്തിൽ പ്രതികരിച്ചത്.
പാർട്ടിയിലെ ചില നേതാക്കൾക്ക് ഇത്തരം ക്രിമിനൽകേസ് പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മനു പാർട്ടി വിട്ടത്.
Content Highlights: Arjun Ayanki's recent Facebook post garnered massive engagement despite serious criminal cases., CPM leadership, including M.V. Jayarajan, previously distanced the party from Ayanki., Former district committee member Manu Thomas criticized extreme cyber revolutionaries for alienating the party from the public.
Published: 10 Aug 2026, 06:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented