
കുമ്പള(കാസർകോട്): ആരിക്കാടിയിൽ പ്രവർത്തനം തുടങ്ങിയ ടോൾപ്ലാസയ്‌ക്കെതിരേയുള്ള ജനകീയ സമരസമിതിയുടെ അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങി. എ.കെ.എം.അഷ്‌റഫ് എംഎൽഎയുടെ നേതൃത്വത്തിലാണ് സമരം. ചൊവ്വാഴ്ച രാവിലെ എൻ.എ.നെല്ലിക്കുന്ന് എംഎൽഎന ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി.പി.അബ്ദുൾ ഖാദർ അധ്യക്ഷനായി.
ആരിക്കാടിയിൽ ടോൾപ്ലാസ നിർമിക്കുന്നതിനെതിരെ സമരസമിതി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ധൃതിപിടിച്ച് ടോൾപിരിക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ നയത്തിനെതിരെയാണ് സമരം. ചൊവ്വാഴ്ച രാവിലെ സമരസമിതി പ്രവർത്തകരെത്തുമ്പോഴേക്കും ടോൾപ്ലാസ ജീവനക്കാർ ടോൾപിരിവ് തുടങ്ങിയിരുന്നു. ഫാസ് ടാഗ് ഉപയോഗിച്ചാണ് ഉച്ചവരെ ടോൾപിരിവ് നടന്നത്.
ജില്ലാപഞ്ചായത്തംഗം അസീസ് കളത്തൂരിന്റെ വാഹനം ടോൾ പ്ലാസയുടെ ബാരിക്കേഡിൽ തട്ടാനിടയാക്കിയത് നേരിയ സംഘർഷത്തിനിടയാക്കിയിരുന്നു. ഉച്ചയ്ക്കുശേഷം കുമ്പള ഇൻസ്‌പെക്ടർ ടി.കെ.മുകുന്ദന്റെ സാന്നിധ്യത്തിൽ, ടോൾപ്ലാസ ജീവനക്കാർ വാഹന ഡ്രൈവർമാരിൽനിന്ന് പണമായും ടോൾവാങ്ങാൻ തുടങ്ങി. അതുവരെ ഫാസ് ടാഗിൽ മാത്രമായിരുന്നു പിരിവ്.
പോലീസ് സഹായത്തോടെ പിരിവ് തുടങ്ങിയത് പ്രതിഷേധത്തിനിടയാക്കി. സമരക്കാർ പോലീസിനെതിരെ ഗോബാക്ക് മുദ്രാവാക്യം വിളികളുയർത്തി. എ.കെ.എം.അഷ്‌റഫ് എംഎൽഎയും കുമ്പള ഇൻസ്‌പെക്ടറും തമ്മിൽ നേരിയ വാക്കേറ്റവുമുണ്ടായി. സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതി തീരുമാനം. രാത്രി സമരപരിപാടികളില്ല. ബുധനാഴ്ച രാവിലെ വീണ്ടും പ്രതിഷേധം തുടരും.
സിപിഎം പ്രവർത്തകരെത്തി
സിപിഎം കുമ്പള ഏരിയാ സെക്രട്ടറി സി.എ.സുബൈറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ സമരപ്പന്തലിലെത്തി. തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിൽ സിപിഎം നേതാക്കളും പ്രവർത്തകരുമെത്താതിരുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതുസംബന്ധിച്ച് സിപിഎമ്മിനെതിരെ വ്യാപക പ്രചാരണവുമുണ്ടായിരുന്നു.
ആരിക്കാടിയിലെ ടോൾപിരിവ്: ജനങ്ങളുടെ ആശങ്ക ദൂരീകരിക്കണം -ജില്ലാപഞ്ചായത്ത്
കാസർകോട്: ദേശീയപാത 66-ലെ പ്രവൃത്തി മെല്ലെപ്പോക്കിലും കുമ്പള ആരിക്കാടിയിലെ ടോൾപ്ലാസ വിഷയത്തിലും ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി ജില്ലാപഞ്ചായത്ത് ഭരണസമിതിയുടെ ആദ്യയോഗം. ചെങ്കള-നീലേശ്വരം റീച്ചിന്റെ പ്രവൃത്തി പൂർത്തീകരിക്കണമെന്നും സർവീസ് റോഡിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മടിക്കൈ ഡിവിഷൻ അംഗം കെ.സബീഷും കുമ്പള ആരിക്കാടിയിലെ ടോൾപ്ലാസ പ്രവർത്തനം ആരംഭിച്ച ദേശീയപാതാ അതോറിറ്റിയുടെ നടപടി അന്യായവും ജനങ്ങളെ പ്രയാസപ്പെടുത്തുന്നതുമാണെന്ന് കാണിച്ച് കുമ്പള ഡിവിഷൻ അംഗം അസീസ് കളത്തൂരുമാണ് പ്രമേയം അവതരിപ്പിച്ചത്.
ടോൾബൂത്തുകൾ തമ്മിലുള്ള ദൂരപരിധി പാലിക്കണമെന്നും മാനദണ്ഡങ്ങൾ പാലിക്കാൻ ബന്ധപ്പെട്ടവർ ടോൾപിരിവിൽനിന്ന് പിന്മാറണമെന്നും പ്രമേയത്തിലുണ്ട്. ടോൾബൂത്തിൽ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്നും ഇതുസംബന്ധിച്ച് സംഘർഷഭരിതമായ സാഹചര്യം ഒഴിവാക്കാൻ ജില്ലാഭരണകൂടവും എൻഎച്ച്എഐയും യോഗം വിളിക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്നും പ്രമേയചർച്ചയിൽ അംഗങ്ങൾ പറഞ്ഞു.
ദേശീയപാതയുടെ പ്രവൃത്തി വേഗത്തിലാക്കാനും സർവീസ് റോഡിന്റെ പ്രവൃത്തി പൂർത്തിയാക്കാനും അടിയന്തരമായി ഇടപെടണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
ഇരുവിഷയത്തിലും ജില്ലാ ഭരണകൂടത്തിന്റെയും സംസ്ഥാന സർക്കാറിന്റെയും സഹായത്തോടെ ദേശീയപാതാ അതോറിറ്റിയെ സമീപിക്കാനും തീരുമാനിച്ചു.
Content Highlights: Citizens` committee launches indefinite protest against Arikkadi toll plaza in Kumbla (Kasargod). MLA AKM Ashraf leads the satyagraha. Concerns over toll collection methods and highway development.
Published: 14 Jan 2026, 07:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented