പത്തനംതിട്ട: എല്ലാ ശബരിമല സീസണിലും അരവണവിതരണം പ്രതിസന്ധിയിലാക്കുന്ന ടിൻക്ഷാമം പരിഹരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥാപിക്കുന്ന ഫാക്ടറി നിലയ്ക്കലിൽത്തന്നെ. കഴിഞ്ഞ ദേവസ്വം ബോർഡ് ഭരണസമിതി, തിരുവല്ല താലൂക്കിൽ ഫാക്ടറി സ്ഥാപിക്കാൻ ധാരണയിലെത്തിയിരുന്നു. എന്നാൽ ഉദ്പാദിപ്പിക്കുന്ന ടിന്നുകൾ സന്നിധാനത്ത് എത്രയും വേഗം എത്തിക്കാനുള്ള സൗകര്യം നോക്കിയാണ് ഫാക്ടറി നിലയ്ക്കലിലേക്ക് മാറ്റിയിട്ടുള്ളത്.
നിലയ്ക്കലിൽ പള്ളിയറക്കാവ് ക്ഷേത്രത്തിനും ഗോശാലയ്ക്കും അടുത്തുള്ള അഞ്ച് വലിയഷെഡ്ഡുകൾ നവീകരിച്ച് ഫാക്ടറിയായിമാറ്റാനാണ് ഉദ്ദേശിക്കുന്നത്. 65 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള മൂന്ന് ഷെഡ്ഡുകൾ പള്ളിയറക്കാവ് ക്ഷേത്രത്തിനടുത്തും രണ്ടെണ്ണം ഗോശാലയ്ക്കടുത്തുമാണുള്ളത്. പള്ളിയറക്കാവ് ക്ഷേത്രത്തിനടുത്തുള്ളവ പ്രയോജനപ്പെടുത്താനാണ് സാധ്യത.
നിർമിച്ച്, പ്രവർത്തിപ്പിച്ച്, കൈമാറുന്ന (ബി.ഒ.ടി.) വ്യവസ്ഥയിലായിരിക്കും ഫാക്ടറി സ്ഥാപിക്കുക എന്നാണ് വിവരം. ഇതിനുള്ള താത്പര്യപത്രം ക്ഷണിക്കാനുള്ള തീരുമാനം ചൊവ്വാഴ്ച ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിലുണ്ടാകും.ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ടിന്നിന്റെ മുകളിലും താഴെയും ലോഹ അടപ്പുകളാണ്. പ്രധാനഭാഗം ഹാർഡ്‌ബോർഡിന് സമാനമായ വസ്തുവാണ്. 20 കൊല്ലം മുമ്പ് മുതൽ ഉപയോഗിച്ചുവരുന്നതാണിത്. മുഴുവൻ ലോഹത്തിലുള്ള ടിൻ നിർമിക്കണമെന്ന അഭിപ്രായവും ഉയർന്നിരുന്നു.
ടിന്നിന്റെ പ്രധാനഭാഗം ഫാക്ടറിയിൽ നിർമിച്ചശേഷം അടപ്പുകൾക്ക് വേറേ കരാറുകാരെ ആശ്രയിക്കേണ്ടിവരുന്ന സ്ഥിതി ഒഴിവാക്കാൻ ഇതാണ് നല്ലതെന്ന അഭിപ്രായമുണ്ട്.മണ്ഡല, മകരവിളക്ക് സീസണിൽ ഒന്നരക്കോടി ടിന്നുകളാണ് ആവശ്യം. കഴിഞ്ഞ സീസണിൽ ഇത് രണ്ട് കരാറുകാർക്ക് തുല്യമായി നൽകുകയായിരുന്നു. എന്നാൽ ഇതിൽ ഒരാൾ കൃത്യമായി സാധനം എത്തിക്കുന്നതിൽ ഗുരുതരമായ വീഴ്ചവരുത്തി.
ഇതേത്തുടർന്ന് സന്നിധാനത്ത് അരവണവിതരണം പ്രതിസന്ധിയിലായിരുന്നു. ഒരാൾക്ക് അഞ്ച് അരവണ എന്ന നിയന്ത്രണം ഏർപ്പെടുത്തേണ്ടിയുംവന്നു. ഇപ്പോൾ ഉദ്ദേശിക്കുന്ന ഫാക്ടറിയിൽനിന്ന് ദേവസ്വം ബോർഡിന്റെ മറ്റ് ക്ഷേത്രങ്ങളിലേക്കുള്ള പ്രസാദടിന്നുകൾ ഉണ്ടാക്കാനുള്ള സാധ്യതയും തേടുന്നുണ്ട്.
Content Highlights: Aravanatin factory of Travancore Devaswom is at Nilakkal
Published: 11 Jun 2024, 07:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented