പത്തനംതിട്ട: ആറന്മുള വള്ളംകളിയിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങൾക്ക് ഗ്രാന്റ് നൽകുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനം നടപ്പായില്ല. പ്രഖ്യാപനം വന്ന് പത്തുവർഷം പിന്നിട്ടിട്ടും കേന്ദ്രസർക്കാരിൽനിന്ന് ഗ്രാന്റ് ലഭിച്ചുതുടങ്ങിയിട്ടില്ല.
2015-ൽ വള്ളംകളി ഉദ്ഘാടനത്തിന് അന്നത്തെ കേന്ദ്ര ടൂറിസംമന്ത്രി മഹേഷ് ശർമയാണ് പള്ളിയോടങ്ങൾക്ക് ഗ്രാന്റായി 52 ലക്ഷം രൂപ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്.
2017-ൽ വള്ളംകളി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗ്രാന്റ് നേടിയെടുക്കാൻ ശ്രമിക്കുമെന്ന് ഉറപ്പുംനൽകി. ഓരോ പള്ളിയോടത്തിനും ഒരു ലക്ഷം രൂപവീതം സഹായം നൽകാനുള്ള സാധ്യത ആരാഞ്ഞ് 2016 ഓഗസ്റ്റ് 10-ന് കേന്ദ്ര ടൂറിസം വകുപ്പിൽനിന്ന് കേരളത്തിന് അയച്ച കത്തിന് ഒരുവർഷം കഴിഞ്ഞ് 2017 ജൂലായിലാണ് സംസ്ഥാന സർക്കാർ മറുപടിനൽകിയത്. ഇതും ഗ്രാന്റ് ലഭിക്കുന്നതിന് തടസ്സമായി. കേന്ദ്രസഹായത്തിനായി പള്ളിയോടസേവാസംഘവും ശുപാർശ നൽകിയിരുന്നു.
ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക്, പമ്പാനദിയുടെ റാന്നി ഇടക്കുളം മുതൽ ചെന്നിത്തല വരെ 52 പള്ളിയോടങ്ങളാണ് എത്തുന്നത്. ഈ പൈതൃക പള്ളിയോടങ്ങൾ ഓരോന്നും അറ്റകുറ്റപ്പണി നടത്തുന്നതിന് വർഷംതോറും നാലുമുതൽ അഞ്ചുലക്ഷം രൂപ വരെ ചെലവാകുന്നുണ്ട്. കരക്കാരാണ് ചെലവ് വഹിക്കുന്നത്.
രണ്ടുവർഷംമുമ്പ് നിയമസഭയിൽ പ്രമോദ് നാരായൺ എംഎൽഎ ഈ ആവശ്യം ഉന്നയിച്ചപ്പോൾ, പള്ളിയോടങ്ങൾക്ക് ഗ്രാന്റ് നൽകാൻ ഏത് വിധേനയും പണം കണ്ടെത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. 2024-ൽ സംസ്ഥാന ടൂറിസം വകുപ്പിൽനിന്ന് ആകെ പത്തുലക്ഷം രൂപ ഗ്രാന്റായി ലഭിച്ചു.
സാംസ്കാരിക വകുപ്പിൽനിന്ന് വള്ളംകളിയുടെ നടത്തിപ്പിനായി ധനസഹായം അനുവദിച്ചിരുന്നു. നിലവിൽ ഗ്രാന്റായി പള്ളിയോടങ്ങൾക്ക് തുച്ഛമായ തുകയാണ് ലഭിക്കുന്നത്.
ജില്ലാ പഞ്ചായത്തിൽനിന്ന് ഓരോ പള്ളിയോടത്തിനും പതിനായിരം രൂപാവീതം വള്ളംകളി നടക്കുന്നതിനുമുമ്പ് ഗ്രാന്റ് നൽകും. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തിൽനിന്ന് ഗ്രാന്റുണ്ട്. വള്ളംകളിയും വള്ളസ്സദ്യയും കഴിഞ്ഞശേഷമാണ് പള്ളിയോടസേവാസംഘം എല്ലാ പള്ളിയോടങ്ങൾക്കും തുക അനുവദിക്കുന്നത്.
Content Highlights: Central government`s promised grant for Aranmula boat race snake boats remains undelivered after ten
Published: 03 Sept 2025, 08:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented