ഓണക്കാലം വന്നതോടെ ഓണാട്ടുകുന്നിലെ മൃഗങ്ങൾക്കും പക്ഷികൾക്കും വലിയ ഉത്സാഹമായി. തിരുവോണദിവസം മൃഗങ്ങളുടെ ഒരു വള്ളംകളി മത്സരം സംഘടിപ്പിക്കാൻ അവർ നേരത്തേ തീരുമാനിച്ചിരുന്നു. കാട്ടുമൂപ്പൻ കരിമ്പുലിയച്ചനാണ് അതിന് മുൻകൈയെടുത്തത്. അദ്ദേഹം പറഞ്ഞു:
''ഓണത്തപ്പനു കണ്ടു രസിക്കാൻ
ഇക്കുറി വള്ളംകളി വേണം
ഓരോരുത്തരുമോരോ ടീമായ്
കളിവള്ളവുമായ് വന്നാട്ടെ!''
കരിമ്പുലിയച്ചന്റെ കൽപനകേട്ട് ഭീമൻകരടിയും ചങ്ങാതിമാരും ചേർന്ന് ഒരുവമ്പൻ ടീം ഉണ്ടാക്കി. പിന്നാലെ കുരങ്ങനുണ്ണിയും കൂട്ടരും ചേർന്ന് മറ്റൊരു ടീമിനെ സംഘടിപ്പിച്ചു. അതോടെ ഇരുകൂട്ടർക്കും വാശിയായി: ''ഞങ്ങളുടെ ചുണ്ടൻ വള്ളം ചമ്പക്കുളം തച്ചനുണ്ടാക്കിയതാണ്. ഏതു കൊലകൊമ്പൻ വന്നാലും ഞങ്ങളേ ജയിക്കൂ!'', ഭീമൻകരടിയും ചങ്ങാതിമാരും വീമ്പിളക്കി.
''ങും ഞങ്ങളും ഒരു കൈ നോക്കട്ടെ. ഞങ്ങളുടെ വള്ളം ആറന്മുളയിൽനിന്നു കൊണ്ടു വന്നതാണ്!'', കുരങ്ങനുണ്ണിയും കൂട്ടരും വിട്ടുകൊടുത്തില്ല. മത്സരദിവസം അടുക്കുന്തോറും ഓരോ കൂട്ടരുടെയും വാശി കൂടിക്കൂടി വന്നു. ഒടുവിൽ കാത്തിരുന്ന് കാത്തിരുന്ന് തിരുവോണദിവസം വന്നെത്തി.
മത്സരം നടക്കുന്ന ഓണാട്ടു പുഴയോരം കൊടിതോരണങ്ങളും കാട്ടുപൂക്കളുംകൊണ്ട് നിറഞ്ഞു.
നേരം 'പരപരാ' വെളുത്തപ്പോൾത്തന്നെ മാവേലിമുത്തച്ഛനും അവിടെ വന്നെത്തി. പക്ഷികളും മൃഗങ്ങളും അദ്ദേഹത്തെ എതിരേറ്റു. ഇതിനിടയിൽ കരിമ്പുലിയച്ചൻ മുന്നോട്ടു വന്നു. അദ്ദേഹം വള്ളംകളിക്കാരോടു പറഞ്ഞു:
''എന്നുടെ 'വിസിലടി' കേട്ടാലപ്പോൾ
വള്ളം നിങ്ങൾ തുഴയേണം
മുന്നിൽ വരുന്നൊരു കളിവള്ളത്തിനു
ചെങ്കദളിക്കുല സമ്മാനം!''
കരിമ്പുലിയച്ചന്റെ നിർദേശം കേട്ട ഉടനെ ഭീമൻ കരടിയുടെയും കുരങ്ങനുണ്ണിയുടെയും ടീമുകൾ പുറപ്പെടാൻ ഒരുങ്ങിനിന്നു. വിസിലടി കേട്ടതോടെ ചുണ്ടൻ വള്ളങ്ങൾ 'തിത്തെയ് തകതെയ്' പാടിക്കൊണ്ട് മുന്നോട്ടു പായാൻ തുടങ്ങി.
മൃഗങ്ങളും പക്ഷികളും വള്ളക്കാർക്ക് ആവേശം പകർന്നു. രണ്ടുവള്ളങ്ങളും ഒപ്പത്തിനൊപ്പമാണ് നീങ്ങിക്കൊണ്ടിരുന്നത്. ഭീമൻ കരടിയുടെ വള്ളം അപ്പോഴേക്കും കുറെക്കൂടി മുന്നിലെത്തി. കരടിക്കൂട്ടം ജയിക്കുമെന്ന് കാണികൾക്ക് ഉറപ്പായി.
ഇതിനിടയിലാണ് പുഴയിലൂടെ ഒരു വലിയ വാളമീൻ തലയും പൊക്കിവരുന്നത് ഭീമൻ കരടി കണ്ടത്. ''ഹായ്! ഉഗ്രൻ വാളമീൻ!''
ഭീമൻ കരടി മീനിനെപ്പിടിക്കാനായി വെള്ളത്തിലേക്ക് ഒരു ചാട്ടം 'ബ്ലും!'
അതോടെ തുഴച്ചിൽക്കാരുടെ താളം തെറ്റി. ഭീമന്റെ വള്ളം പെട്ടെന്ന് മറിഞ്ഞു. കരടികൾ വെള്ളത്തിൽ മുങ്ങിപ്പൊങ്ങി. ഇതിനിടയിൽ കുരങ്ങനുണ്ണിയുടെ ചുണ്ടൻവള്ളം ഒന്നാം സ്ഥാനത്തെത്തിക്കഴിഞ്ഞിരുന്നു. എല്ലാവരും സന്തോഷത്തോടെ ആർപ്പുവിളിച്ചു.
''ആർപ്പോയ്, ഹിർറോ! ഹിർറോ! ഹിർറോ!'' കുരങ്ങനുണ്ണിയും കൂട്ടരും ഒന്നാം സ്ഥാനത്തിനുള്ള ചെങ്കദളിക്കുല ഏറ്റുവാങ്ങി. അതുകണ്ട് മാവേലി മുത്തച്ഛൻ പറഞ്ഞു: ''ആർത്തിയും അഹംഭാവവും നന്നല്ല!''
Content Highlights: Engaging children's story written by renowned author Sippy Pallippuram.
Published: 19 Aug 2026, 09:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented