തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ: ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ അദ്ദേഹം നടത്തിയ അധ്യാപക നിയമനങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം. ഗോപിനാഥ് രവീന്ദ്രന് വിസിയായി പുനർ നിയമനം നൽകിയ ശേഷം അദ്ദേഹം നടത്തിയ എല്ലാ അധ്യാപക നിയമനങ്ങളും പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും കണ്ണൂർ സർവകലാശാല വിസിക്കും നിവേദനം നൽകി. ഇന്റർവ്യൂകൾ എല്ലാം ഓൺലൈനായി നടത്തിയതിൽ ദുരൂഹതയുണ്ടെന്നും നിവേദനത്തിൽ ആരോപിക്കുന്നു.

To advertise here,

ഡൽഹിയിലെ സർവകലാശാലകളിലെ മുൻ വൈസ് ചാൻസലറുടെ സഹപ്രവർത്തകരായിരുന്ന അധ്യാപകരെ വിഷയവിദഗ്ധരായി നാമനിദ്ദേശം  ചെയ്ത് ഓൺലൈനായിട്ടായിരുന്നു എല്ലാ ഇൻറർവ്യൂകളും നടത്തിയത്. ഇൻറർവ്യൂ നേരിട്ട് നടത്താത്തതിനാൽ ഇന്റർവ്യൂവിൽ ആരെല്ലാം പങ്കെടുത്തെന്നുപോലും മറ്റ് ഉദ്യോഗാർത്ഥികൾക്ക് അറിയാൻ കഴിയുന്നില്ല. കോവിഡ് കാലത്ത് പ്രത്യേക സാഹചര്യത്തിൽ നടത്തിയ ഓൺലൈൻ രീതി കണ്ണൂരിൽ  മാത്രമായി തുടർന്നത് ബോധപൂർവ്വമാണ്.

സുപ്രീംകോടതി വിധി വന്ന ദിവസം പോലും ഇൻറർവ്യൂ നടത്തി ഡോ. ഗോപിനാഥ് രവീന്ദ്രന് താൽപ്പര്യമുള്ള ഒരാൾക്ക് ജ്യോഗ്രഫി വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി ഒന്നാം റാങ്ക് നൽകി. രണ്ട് ദിവസമായി നടന്ന ഇന്റർവ്യൂവിന്റെ ആദ്യദിവസം മുഴുവൻ സമയവും വിധിവന്ന ദിവസം മറ്റൊരു പ്രൊഫസ്സറെ ചുമതലപ്പെടുത്തിയും ഇന്റർവ്യൂ പൂർത്തിയാക്കി നിയമനം നൽകിയതിൽ ദുരൂഹതയുണ്ട്. ഒരു വിഷയത്തിൽ വ്യത്യസ്ത ബോർഡ് ഇന്റർവ്യൂ നടത്തുന്നതും മറ്റൊരാളെ വിസിയുടെ നോമിനിയായി ഇന്റർവ്യൂ നടത്താൻ ചുമതലപ്പെടുത്തുന്നതും ചട്ടവിരുദ്ധമാണെന്നാണ് ആരോപണം. ഒന്നാം റാങ്ക് നൽകിയിട്ടുള്ള ടി. പി. സുധീപിന്റെ ഗവേഷണ ഗൈഡ് ആയ ജെഎൻയുവിലെ പ്രൊഫസ്സറെ മുൻ വി.സി വിഷയ വിദഗ്ധനായി നിയമിച്ചത് ഈ ഉദ്യോ​ഗാർഥിക്ക്  ഒന്നാം റാങ്ക് നൽകാനായിരുന്നുവെന്നും വിമർശനമുണ്ട്.

പുനർ നിയമനത്തിന് ശേഷം മുൻ വി.സി ഗോപിനാഥ് രവീന്ദ്രൻ നടത്തിയ എല്ലാ നിയമനങ്ങളും പുനഃപരിശോധിക്കണമന്നും ജ്യോഗ്രഫി അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം റദ്ദാക്കണമെന്നും അധ്യാപക നിയമനങ്ങൾ ഓൺലൈനായി നടത്തുന്ന രീതി തുടരരുതെന്നും ചാൻസലർക്കും കണ്ണൂർ വിസിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു.