അബ്ദുള്ളക്കുട്ടിയും പ്രധാനമന്ത്രി മോദിയും, ഷിബു ബേബി ജോൺ
കോഴിക്കോട്: ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാന്‍ ഉദ്യോഗസ്ഥ സംഘത്തെ ഗുജറാത്തിലേക്ക് അയച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തെ വൈകിവന്ന വിവേകമെന്ന് പറഞ്ഞ് അവഹേളിക്കുന്നില്ലെന്നും പിണറായി വിജയനെ അഭിനന്ദിക്കുകയാണെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നതായും ഇത്തരമൊരു തീരുമാനമെടുത്ത പിണറായിയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് പിടിച്ച് അഭിവാദ്യം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. മുമ്പ് 2009ല്‍ മോദിയുടെ വികസന നയങ്ങള്‍ കേരളം മാതൃകയാക്കണമെന്ന് പ്രസ്താവന നടത്തിയതിനെ തുടര്‍ന്നായിരുന്നു അബ്ദുള്ളക്കുട്ടിയെ സിപിഎം പുറത്താക്കിയത്.
ഗുജറാത്ത് മോഡല്‍ മാതൃകയാക്കണമെന്നും കേരളം മോദിയെ കണ്ടുപഠിക്കണമെന്നും 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിളിച്ചുപറഞ്ഞതിന് അന്നുതാന്‍ ഒരുപാട് ക്രൂശിക്കപ്പെട്ടു. അവരോടെല്ലാം അന്നേ പൊറുത്തതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പല നയങ്ങളോടും ശക്തമായ വിയോജിപ്പുകളുണ്ട്. എന്നാല്‍ ഗുജറാത്തിലെ ഇ-ഗവേണന്‍സ് പഠിക്കാന്‍ ഉന്നത സര്‍ക്കാര്‍ പ്രതിനിധികളെ അയക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം ഏറെ മാതൃകാപരമാണ്. പിണറായി വിജയന് ഇപ്പോഴുണ്ടായ ഈ മാറ്റം കുറേകൂടി ശക്തമാകട്ടെയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
തന്നെ പണ്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും കോടിയേരിയുമെല്ലാം പിണറായിയുടെ ഇപ്പോഴത്തെ ഈ നിലപാടിനോട് എന്തു പറയുന്നുവെന്ന് കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പരിഹസിച്ചു.
'ഇ-ഗവേണന്‍സില്‍ മാത്രമല്ല കൃഷി, വ്യവസായം, അടിസ്ഥാന സൗകര്യം തുടങ്ങിയ എല്ലാ മേഖലകളിലും ഒരുപാട് മാതൃക സൃഷ്ടിച്ച സംസ്ഥാനമാണ് ഗുജറാത്ത്. കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനായി കെഎസ്ആര്‍ടിസി എംഡി നെതര്‍ലന്‍ഡിലേക്ക് പോകുന്നതായി അടുത്തിടെ ഒരു വാര്‍ത്ത കണ്ടു. ഇതിനൊന്നും നെതര്‍ലന്‍ഡിലേക്ക് പോകേണ്ട ആവശ്യമില്ല. പിണറായി കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥനെ അയക്കേണ്ടത് യുപിയിലേക്കാണ്. വലിയ നഷ്ടത്തിലായിരുന്ന യുപി എസ്ആര്‍ടിസിയെ ചുരുങ്ങിയകാലം കൊണ്ട് ലാഭത്തിലാക്കിയ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. അതിനാല്‍ യുപിയിലെത്തിയും കേരളം വികസനം പഠിക്കണം. ഗുജറാത്തും യുപിയും നല്‍കുന്ന വികസനപാത ഹര്‍ത്താലും നോക്കുകൂലിയും ഇല്ലാത്തതാണ്', അബ്ദുള്ളക്കുട്ടി പറഞ്ഞു.
അബ്ദുള്ളക്കുട്ടിയുടെ മോദി സ്തുതി
2009-ല്‍ നരേന്ദ്ര മോദിയുടെ വികസന നയങ്ങള്‍ കേരളം മാതൃകയാക്കണമെന്ന് പ്രസ്താവന നടത്തിയതിനെ തുടര്‍ന്നായിരുന്നു സിറ്റിങ് എംപിയായ അബ്ദുളളക്കുട്ടിക്കെതിരേ സിപിഎം നടപടിയെടുത്തത്. ഗള്‍ഫ് സന്ദര്‍ശനത്തിനിടെയായിരുന്നു അന്നത്തെ വിവാദ പരാമര്‍ശം. ഇതിനുമുമ്പ് അബ്ദുള്ളക്കുട്ടി ഹര്‍ത്താല്‍ വിരുദ്ധ പ്രസ്താവന നടത്തിയതും മതവിശ്വാസവുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടുകളില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടതും സിപിഎമ്മിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. മോദിസ്തുതികൂടി ആയതോടെ അബ്ദുള്ളക്കുട്ടിയെ പുറത്താക്കാനുള്ള തീരുമാനത്തിന് വേഗം കൂടി. ആദ്യം ഒരുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ സസ്‌പെന്‍ഷന്‍ കാലയളവിലും പാര്‍ട്ടിവിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും വര്‍ഗശത്രുക്കളോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് സിപിഎം പുറത്താക്കുകയായിരുന്നു.
സിപിഎം ടിക്കറ്റില്‍ രണ്ടു തവണ കണ്ണൂരില്‍ നിന്ന് എംപിയായ അബ്ദുള്ളക്കുട്ടി പാര്‍ട്ടിയില്‍നിന്ന് പുറത്തായതിന് ശേഷം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. എംപി എന്ന നിലയില്‍ സിപിഎം തനിക്കുവേണ്ടത്ര പിന്തുണ നല്‍കിയില്ലെന്നും ഇക്കാര്യത്തില്‍ യുഡിഎഫിനെ സിപിഎം മാതൃകയാക്കണമെന്നും അബ്ദുള്ളക്കുട്ടി പരസ്യമായി ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിലെത്തിയ ശേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍നിന്ന് വിജയിക്കുകയും ചെയ്തു. നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസും അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയത്. മോദിയെ അനുകൂലിച്ച് പോസ്റ്റിട്ടതിന് പാര്‍ട്ടി വിശദീകരണം ചോദിച്ചെങ്കിലും നിലപാടില്‍ ഉറച്ചുനിന്നതോടെ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ പുറത്താക്കി. പിന്നാലെ ബിജെപിയിലെത്തിയ അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടി ദേശീയ ഉപാധ്യക്ഷനാക്കുകയും ചെയ്തു.
ഗുജറാത്തിന്‍റെ പേരില്‍ ഷിബു ബേബി ജോണും
ഗുജറാത്തിലെ വികസന മോഡല്‍ പഠിക്കാന്‍ പോയതിന് വലിയ വിമര്‍ശനം ഏറ്റുവാങ്ങിയവരില്‍ മുന്‍മന്ത്രിയും ആര്‍.എസ്.പി. നേതാവുമായ ഷിബു ബേബി ജോണുമുണ്ട്. 2013-ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ തൊഴില്‍ മന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിലെത്തി മോദിയ കണ്ടതിന്റെ പേരിലായിരുന്നു ഷിബു ബേബി ജോണ്‍ വലിയ പഴികള്‍ കേട്ടത്. ഗുജറാത്തില്‍ നിന്ന് ഒന്നും പഠിക്കാനില്ലെന്ന് പറഞ്ഞ് അന്നുതന്നെ വിമര്‍ശിച്ച സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയമാണ് ഇപ്പോള്‍ പുറത്തുവന്നതെന്ന് ഷിബു ബേബി ജോണ്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.
രാഷ്ട്രീയത്തില്‍ ഒരാളെ ഇല്ലായ്മ ചെയ്യാനുള്ള ചെയ്തിയാണ് അന്ന് സിപിഎം തനിക്കെതിരേ കാട്ടിയത്. ഗുജറാത്തില്‍ നിന്ന് ഒന്നും പഠിക്കാനായിരുന്നില്ല അന്ന് മോദിയെ കണ്ടത്. മോദിയെ കണ്ടെന്നുവെച്ച് തന്റെ മതേതരത്വ കാഴ്ചപ്പാട് ഇടിഞ്ഞുപോവുകയില്ല. എന്നാല്‍ അതുപോലും രാഷ്ട്രീയമായി വിനിയോഗിക്കാന്‍ സിപിഎം ശ്രമിച്ചു. അതേ ആള്‍ക്കാര്‍ ഇക്കാലമത്രയും പറഞ്ഞത് ഗുജറാത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ഒന്നും പഠിക്കാനില്ലെന്നാണെന്നും അദ്ദേഹം പരിഹസിച്ചു.
ആദ്യമായി ടെക്‌നോ പാര്‍ക്ക് തുടങ്ങിയ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ഇ-ഗവേണന്‍സിന്റെ ഒരു ഡാഷ്‌ബോര്‍ഡ് പഠിക്കാന്‍ ഗുജറാത്തില്‍ പോകുന്നുവെന്ന് പറയുന്നത് മലയാളികള്‍ക്ക് തന്നെ നാണക്കേടാണ്.
ഡാഷ്‌ബോര്‍ഡ് കാര്യങ്ങളൊന്നും ഗുജറാത്തില്‍ പോയി പഠിക്കേണ്ട കാര്യമില്ല. കേരളത്തില്‍ തന്നെ എത്രയോ മികച്ച കമ്പനികളും വിദഗ്ധരുമുണ്ട്. ഒരു യുഡിഎഫിന്റെ മുഖ്യമന്ത്രിയാണ് ഇത്തരമൊരു പഠനത്തിനായി ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് വിട്ടതെങ്കില്‍ കേരളത്തില്‍ എന്താകുമായിരുന്നു സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു. എന്തെങ്കിലും പഠിക്കാനായി ലോകത്ത് എവിടേക്കും പോകുന്നതില്‍ ഒരു തെറ്റുമില്ല. എന്നാല്‍ ഇക്കാലമത്രയും ഗുജറാത്തില്‍ നിന്ന് ഒന്നും പഠിക്കാനില്ലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ അങ്ങോട്ട് പോകുന്നതാണ് വിരോധാഭാസം.
2013-ല്‍ മികച്ച സ്‌കില്‍ ഡെവലപ്പ്‌മെന്റിനുള്ള കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡ് ഗുജറാത്തിന് കിട്ടിയ സാഹചര്യത്തിലാണ് അന്നുതാന്‍ മോദിയെ പോയി കണ്ടത്. കേരളം അന്ന് സ്‌കില്‍ ഡെവലപ്പ്‌മെന്റില്‍ ഒരു കുതിച്ചുചാട്ടത്തിന് നില്‍ക്കുമ്പോള്‍ എന്താണ് അതെന്ന് മനസിലാക്കാനായിരുന്നു ആ കൂടിക്കാഴ്ച. ഔദ്യോഗിക ചര്‍ച്ച കൊണ്ടുതന്നെ ആ പദ്ധതികള്‍ ഫലപ്രദമല്ലെന്നും കേരളത്തിന്റെ സാഹചര്യത്തില്‍ അത് പ്രയോജനപ്പെടില്ലെന്നും മനസിലാക്കാന്‍ സാധിച്ചു. ആ ഔദ്യോഗിക കൂടിക്കാഴ്ച്ചയുടെ പേരില്‍ രാഷ്ട്രീയ കോലാഹലങ്ങള്‍ ഉണ്ടാക്കിയവരാണ് ഇപ്പോള്‍ ഇരട്ടത്താപ്പ് നയവുമായി ഗുജറാത്തിലേക്ക് പഠനത്തിന് പോകുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഒന്നാം സ്ഥാനത്തുള്ള കേരളത്തിന് മറ്റൊരു സംസ്ഥാനത്തില്‍ നിന്നും ഒന്നും പഠിക്കാനില്ലെന്നും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഞാന്‍ മോദിയെ കണ്ടതെന്നുമൊക്കെയായായിരുന്നു ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്ന് ഉന്നയിച്ച ആരോപണങ്ങള്‍. താന്‍ രാജിവയ്ക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടിരുന്നു. ഇന്നിപ്പോള്‍ ഗുജറാത്തിലെ വികസന മാതൃക പഠിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഗുജറാത്തിലേക്ക് പോകുമ്പോള്‍ കോടിയേരിക്ക് എന്താണ് പറയാനുള്ളത്? പിണറായി രാജിവയ്ക്കണമെന്ന് പറയാന്‍ കോടിയേരിക്ക് ധൈര്യമുണ്ടോയെന്നും ഷിബു ബോബി ജോണ്‍ ചോദിച്ചു.
ഗുജറാത്ത് മാതൃക എന്ന കൊട്ടിഘോഷിക്കപ്പെട്ട വികസന പ്രചരണങ്ങള്‍ വെള്ളത്തില്‍ വരച്ച വരകളായിരുന്നുവെന്നതും തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സ് പോലും ഗുജറാത്തിലേത് എന്ന പേരില്‍ പ്രചരിപ്പിച്ചിരുന്നതുമൊക്കെ രാജ്യം തിരിച്ചറിഞ്ഞ വസ്തുതകളാണ്. എന്നിട്ടും ഗുജറാത്ത് വികസനമെന്ന വ്യാജമാതൃക പഠിക്കാന്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവരെ മുഖ്യമന്ത്രി ഗുജറാത്തിലേക്ക് അയക്കുമ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു കേരളം എന്നാണ് ചിന്തിക്കേണ്ടത്. മോദിയ്ക്ക് പ്രധാനമന്ത്രിയാകാന്‍ തട്ടിക്കൂട്ടി ഉണ്ടാക്കിയ പുകമറയായിരുന്നു ഗുജറാത്ത് വികസന മാതൃക. മോദി പ്രധാനമന്ത്രിയായതോടെ ബി.ജെ.പിക്കാര്‍ പോലും ആ വാദം ഉപേക്ഷിച്ചു. എന്നിട്ടും ഗുജറാത്ത് വികസന പറുദീസയാണെന്ന മിഥ്യാധാരണയില്‍ വികസനം പഠിക്കാന്‍ ഉദ്യോഗസ്ഥരെ അയക്കുന്ന കേരളമുഖ്യന്റെ ലക്ഷ്യമെന്താണ്. എല്ലാ കാര്യങ്ങള്‍ക്കും മോദിയെ മാതൃകയാക്കുന്ന കേരള മുഖ്യമന്ത്രി, ഇല്ലാത്ത വികസനങ്ങള്‍ പ്രചരിപ്പിക്കുന്ന മോദി മാജിക്ക് പഠിക്കാനാണോ ഉദ്യോഗസ്ഥരെ അയച്ചിരിക്കുന്നതെന്ന് സംശയിക്കാവുന്നതാണെന്നും ഷിബു ബേബി ജോണ്‍ വിമര്‍ശിച്ചു.
മോദി-ഷിബു ബേബി ജോണ്‍ കൂടിക്കാഴ്ച
2013-ല്‍ സംസ്ഥാന തൊഴില്‍ മന്ത്രിയായിരുന്ന കാലത്തായിരുന്നു ഷിബു ബേബി ജോണ്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ സന്ദര്‍ശിക്കാനായിരുന്നു ഷിബു ബേബി ജോണ്‍ ഗുജറാത്തിലെത്തിയത്. ഇതിനിടെയാണ് അഹമ്മദാബാദിലെ ഓഫീസിലെത്തി നരേന്ദ്ര മോദിയെ കണ്ടത്. ഗുജറാത്ത് തൊഴില്‍ മന്ത്രിയുമായും അന്നദ്ദേഹം കൂടിക്കാഴ്ച നടത്തി.
മുന്‍കൂട്ടി നിശ്ചയിക്കാതെ മോദിയുമായി നടത്തിയ 10 മിനിറ്റോളം നീണ്ട കൂടിക്കാഴ്ച വലിയ വിവാദമാവുകയും ചെയ്തു. ഇതോടെ കേരളത്തിലെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ചയെന്നും കേരളത്തിലെ ഐടിഐകളുടെ വികസനവും വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങുന്നതുമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നും ഷിബു ബേബി ജോണ്‍ വിശദീകരിച്ചിരുന്നു.
സിപിഎമ്മിന്റെ ബിജെപി ബന്ധത്തിന്റെ തെളിവെന്ന് പ്രതിപക്ഷം
പകല്‍ ബി.ജെ.പി വിരോധം പറയുകയും രാത്രിയാകുമ്പോള്‍ സംഘപരിവാറുമായി സന്ധി ചേരുകയും ചെയ്യുന്ന നിലപാട് വ്യക്തമാക്കുന്നതാണ് ഗുജറാത്തിലേക്ക് ചീഫ് സെക്രട്ടറിയെ അയയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമര്‍ശനം. സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിലും കോണ്‍ഗ്രസിനെ തകര്‍ത്ത് ബി.ജെ.പിയെ സഹായിക്കുകയെന്ന ലൈനാണ് കേരള ഘടകം സ്വീകരിച്ചത്. ആ നിലപാടിന് നേതൃത്വം നല്‍കിയതും പിണറായി വിജയനാണ്. ഗുജറാത്തില്‍ സദ്ഭരണമാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ടെത്തല്‍. മോദിയുടെ സദ്ഭരണം പഠിക്കാന്‍ പിണറായി ഇനി എന്നാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നു കൂടി അറിഞ്ഞാല്‍ മതിയെന്നും സതീശന്‍ പരിഹസിച്ചു.
സംഘപരിവാറുമായുള്ള സി.പി.എം ബന്ധത്തിനിടയില്‍ ഇടനിലക്കാരുണ്ട്. ഗുജറാത്ത് സര്‍ക്കാരും കേരള സര്‍ക്കാരും തമ്മില്‍ ബന്ധമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് സി.പി.എമ്മിന്റെ ബി.ജെ.പി-സംഘപരിവാര്‍ ബന്ധത്തിനുള്ള ഏറ്റവും അവസാനത്തെ തെളിവാണെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. തീവ്രഹിന്ദു നിലപാടുകള്‍ പകര്‍ത്താനാണോ ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാര്‍ ഗുജറാത്തിലേക്ക് അയച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും ചോദിച്ചു. അതേസമയം വികസന മാതൃകകളോട് പുറംതിരിഞ്ഞു നില്‍ക്കേണ്ടതില്ലെന്ന പുതിയ നിലപാടാണ് വിമര്‍ശനങ്ങള്‍ക്കെതിരേയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധം.
Content Highlights: ap abdullakutty and shibu bay john reactions in keralas gujarat model study
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..