തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് മുന്നോടിയായി ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് കെ. ജയകുമാർ തുടരുമെന്ന് വ്യക്തമാക്കി സർക്കാർ. ഇതോടെ ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് മാറ്റമുണ്ടാകുമോ എന്ന തരത്തിൽ ഉയർന്നുവന്ന ഊഹാപോഹങ്ങൾക്ക് അവസാനമായി. വരാനിരിക്കുന്ന മണ്ഡലകാല-മകരവിളക്ക് സീസണിൽ കെ. ജയകുമാറിന് സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകും.

To advertise here,

ദേവസ്വം മന്ത്രിയുടെ നിസ്സഹകരണത്തിലും നിലപാടുകളിലും തനിക്കുള്ള കടുത്ത അതൃപ്തി കെ. ജയകുമാർ നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്തിയിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റിനെ ഈ ഘട്ടത്തിൽ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. പ്രസിഡന്റിനെ മാറ്റുന്നത് സർക്കാരിന്റെ അജണ്ടയിൽ ഉള്ള കാര്യമല്ലെന്ന് മന്ത്രി കെ. മരളീധരനും വ്യക്തമാക്കി. പ്രസിഡന്റിന്റെ രാജിയെക്കുറിച്ചുള്ള ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും തീർത്ഥാടനം ഭംഗിയായി നടത്തുക എന്നതിനാണ് സർക്കാർ പ്രധാന പരിഗണന നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.

മണ്ഡലകാല സീസൺ ആരംഭിക്കാൻ ഇനി ഒരു മാസം മാത്രം അവശേഷിക്കെ, ശബരിമലയിലെ മുന്നൊരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നിർമ്മാണ പ്രവർത്തികൾ, ടെൻഡർ നടപടികൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവ വേഗത്തിലാക്കാൻ തീരുമാനമായിട്ടുണ്ട്. ബോർഡും മന്ത്രിയും തമ്മിലുള്ള ഭിന്നത കാരണം മുന്നൊരുക്കങ്ങളിൽ ചില തടസ്സങ്ങൾ നേരിട്ടിരുന്നതായി ആശങ്ക ഉയർന്നിരുന്നെങ്കിലും, അതൃപ്തികൾ പരിഹരിച്ച് സംയുക്തമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം.

തീർത്ഥാടകർക്ക് ആവശ്യമായ അരവണ വിതരണത്തിൽ അടുത്തിടെ നേരിട്ട താൽക്കാലിക ക്ഷാമം പരിഹരിച്ചതായി കെ. ജയകുമാർ വ്യക്തമാക്കി. ഭാവിയിൽ ഇത്തരത്തിൽ അരവണ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ ബോർഡ് സ്വീകരിച്ചിട്ടുണ്ട്. ഇതൊരു വലിയ വിഷയമല്ലെന്നും മുന്നൊരുക്കങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.