തിരുവനന്തപുരം: സിഎംആർഎൽ കേസിൽ സർക്കാർ യാതൊരുവിധ എടുത്തുചാട്ടവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതിന് മുൻപായി പോലീസ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസ് എടുക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ആരെയും വേട്ടയാടാനോ ആരുടെയും പുറകെ നടന്ന് പ്രതികാരബുദ്ധിയോടെ പകപോക്കാനോ ഉള്ളതല്ല ഈ സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

ഔദ്യോഗികമായി വിവരം കൈമാറിക്കിട്ടിയാൽ അതിൽ അന്വേഷണം നടത്തുക എന്നത് സർക്കാരിന്റെ നിയമപരമായ ബാധ്യതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പി.എം.എൽ.എ. (PMLA) ആക്ട് 66-2 അനുസരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഡി.ജി.പി.ക്കാണ് കത്ത് നൽകിയത്. ഡി.ജി.പി. ഈ കത്ത് തുടർനടപടികൾക്കായി ആഭ്യന്തര വകുപ്പിലേക്ക് കൈമാറി. തുടർന്ന് ആഭ്യന്തര വകുപ്പ് ഇത് നിയമോപദേശത്തിന് അയക്കുകയായിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെയും (എ.ജി.) ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്.

പി.എം.എൽ.എ. ആക്ട് 66-2 പ്രകാരം വിവരങ്ങൾ കൈമാറിയാൽ കേരള പോലീസ് അന്വേഷണം നടത്തിയേ മതിയാകൂ എന്ന് സുപ്രീം കോടതിയുടെ വ്യക്തമായ വിധി നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, അഴിമതി കേസുകളിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതിന് മുൻപായി അന്വേഷണം വേണമെന്നും മറ്റൊരു സുപ്രീം കോടതി വിധിയിലുണ്ട്. ഈ രണ്ട് പ്രധാനപ്പെട്ട സുപ്രീം കോടതി വിധികൾ മുൻനിർത്തി, ആദ്യം ഒരു അന്വേഷണം നടത്തിയിട്ട് തീരുമാനമെടുക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

ഇത്തരമൊരു തീരുമാനമെടുക്കാൻ സർക്കാർ നിയമപരമായി ബാധ്യസ്ഥരാണെന്നും ആ ബാധ്യത അനുസരിച്ചുള്ള തീരുമാനമാണ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ മുന്നോട്ടുപോകുമെന്നും, അന്വേഷണ വേളയിൽ ബന്ധപ്പെട്ടവർക്ക് തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ വ്യക്തമാക്കാനുള്ള എല്ലാ അവകാശവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.