കോഴിക്കോട്: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയെ മലപ്പുറം രണ്ടത്താണിയില്‍വെച്ച് ആക്രമിച്ചതായി പരാതി. താന്‍ സഞ്ചരിച്ചിരുന്ന കാറില്‍ ലോറിയിടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പരാതി നല്‍കുമെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

To advertise here,

തിരുവനന്തപുരത്ത് നിന്നും കണ്ണൂരേക്കുള്ള യാത്രമധ്യേ മലപ്പുറം രണ്ടത്താണിയിലായിരുന്നു അപകടം. ചെറിയ കയറ്റം കയറുന്നതിനിടെ ഒരു ടോറസ് ലോറി വന്ന് കാറിനിടിച്ചു. രണ്ട് തവണയാണ് ഇടിച്ചത്. കാറിന്റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്. തനിക്കും കൂടെയുള്ളവര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പിന്നീട് മറ്റൊരു വാഹനത്തിലാണ് യാത്ര തുടര്‍ന്നത്. 

തിരുവനന്തപുരത്ത് നിന്നും കണ്ണൂരേക്ക് വരുന്നതിനിടെ പൊന്നാനിയിലെ വിലയങ്കോട് ഒരു ഫാസ്റ്റ്ഫുഡ് കടയില്‍വെച്ച് ഒരാള്‍ തന്നോട് മോശമായി പെരുമാറിയിരുന്നു. ആ സംഭവത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിലാണ് ആക്രമണം ഉണ്ടായത്. ഉറങ്ങിപ്പോയെന്നാണ് ലോറി ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍ അത് വിശ്വസനീയമല്ല. വാഹനം ആ പരിസരത്ത് നിന്നുള്ളതാണെന്ന് കരുതുന്നു. പോലീസില്‍ പരാതി നല്‍കും. ഇതില്‍ അന്വേഷണം വേണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. 

അതേസമയം എ.പി. അബ്ദുള്ളക്കുട്ടിക്ക് നേരെ മലപ്പുറത്ത് നടന്ന ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.  സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.