ഫ്ലോറിഡ: ജീവനുവേണ്ടി കേണപേക്ഷിക്കുന്ന അടിയന്തര സന്ദേശത്തിനു പിന്നാലെ അന്വേഷിച്ചെത്തിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഒരു കുടുംബത്തിലെ നാലുപേർ അതിദാരുണമായി കൊല്ലപ്പെട്ട നിലയിലും ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിലുമായിരുന്നു. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള പ്ലാന്റ് സിറ്റിയിലാണ് സംഭവം.
ദമ്പതികളായ റാക്വൽ ലൂച്ചെഫെൽഡ് (34), ഐസക് ലൂച്ചെഫെൽഡ് (34), ഇവരുടെ മക്കളായ എനോക്ക് (അഞ്ച്), ഹന്ന (മൂന്ന്), ഒരു വയസ്സുകാരൻ ജോബ് എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടിൽനിന്ന് കണ്ടെത്തിയത്. കുട്ടികളുടെ പിതാവായ ഐസക് മക്കളേയും പങ്കാളിയേയും കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന് തൊട്ടുമുൻപ് എമർജൻസി നമ്പറായ 911-ലേക്ക് വന്ന ഫോൺ കോളിലെ വിവരങ്ങൾ ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ചാഡ് ക്രോണിസ്റ്റർ പുറത്തുവിട്ടു. ഇതാണ് കൊലപാതകവിവരം പുറം ലോകത്തെ അറിയിച്ചത്.
നവംബർ 19 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്ലാന്റ് സിറ്റിയിലെ സ്പാർക്ക്മാൻ റോഡിലുള്ള വീട്ടിൽ നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 3:29-നാണ് ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസിലെ 911 എമർജൻസി സെന്ററിലേക്ക് ആ വീട്ടിൽ നിന്ന് കോൾ എത്തിയത്. മറുതലയ്ക്കൽ ആരും നേരിട്ട് സംസാരിച്ചില്ലെങ്കിലും ഫോൺ ലൈൻ ഓണായിരുന്നു. വീട്ടിൽ വലിയ ബഹളങ്ങളും സംസാരവും നടക്കുന്നത് എമർജൻസി ഡിസ്പാച്ചർക്ക് വ്യക്തമായി കേൾക്കാമായിരുന്നു.
തൊട്ടുപിന്നാലെ "സോറി, ബഡ്ഡി" എന്നൊരു പുരുഷശബ്ദവും വലിയൊരു വെടിയൊച്ചയും കേട്ടു. പിന്നാലെ, "അച്ഛാ, ദയവായി എന്നെ വെടിവെക്കരുത്" എന്ന് ഒരു കുട്ടി പലതവണ കരഞ്ഞപേക്ഷിക്കുന്ന ശബ്ദമാണ് ഫോണിലൂടെ കേട്ടതെന്ന് ഷെരീഫ് ക്രോണിസ്റ്റർ വെളിപ്പെടുത്തി. നിമിഷങ്ങൾക്കകം വീണ്ടും വെടിയൊച്ചകൾ മുഴങ്ങി. വിവരമറിഞ്ഞ് പത്ത് മിനിറ്റിനുള്ളിൽ പോലീസ് സംഘം വീട്ടിലെത്തിയെങ്കിലും അഞ്ചുപേരും മരിച്ചിരുന്നു.
മൊബൈൽ മെക്കാനിക്കാണ് ഐസക് ലൂച്ചെഫെൽഡ്. കഴിഞ്ഞ ഒരു വർഷമായി ഈ കുടുംബം ഇവിടെയാണ് താമസിക്കുന്നത്. ഈ കുടുംബവുമായി ബന്ധപ്പെട്ട് മുൻപ് യാതൊരുവിധ പരാതികളോ പോലീസ് ഇടപെടലുകളോ ഉണ്ടായിട്ടില്ലെന്നും ദമ്പതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഷെരീഫ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച റാക്വലിന്റെ പിറന്നാൾ ആഘോഷിക്കാൻ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടിയിരുന്നു. എന്നാൽ, അന്നൊന്നും യാതൊരുവിധ പ്രശ്നങ്ങളും ദമ്പതികൾക്കിടയിൽ ഉള്ളതായി തോന്നിയിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ആഴ്ചയുടെ തുടക്കത്തിൽ കുട്ടികളേ മുത്തശ്ശിയെ ഏൽപ്പിച്ച് ദമ്പതികൾ ഒരുമിച്ച് പുറത്തുപോയിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
എന്താണ് ഇത്തരമൊരു ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും 911-ലേക്ക് ഫോൺ വിളിച്ചത് ആരാണെന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും ഡിജിറ്റൽ രേഖകളും ഡിറ്റക്ടീവുകളുടെ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.
Content Highlights: A father killed his wife and three children in Plant City, Florida., A chilling 911 emergency call captured a child pleading for their life before gunshots were fired., Police and Hillsborough County Sheriff are investigating the motive behind the tragic incident., The family had no prior criminal history or reported domestic disputes.
Published: 24 Nov 2026, 06:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented