കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ 'ബൈത്തുസ്സക്കാത്ത്' പദ്ധതിക്ക് പ്രചാരണം നല്‍കിയ പാണക്കാട് തങ്ങന്‍മാരെ വിമര്‍ശിച്ച് എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി. സുന്നി വേഷമുള്ള തങ്ങന്മാര്‍ ജമാഅത്തെ ഇസ്ലാമി പരിപാടികളുടെ പ്രചാരകരാവുമ്പോള്‍ സുന്നി വിശ്വാസികള്‍ തെറ്റിദ്ധരിക്കപ്പെടും. ജമാഅത്തെ ഇസ്ലാമിയുടെ ബൈത്തുസ്സക്കാത്തിന് പ്രചാരണം നല്‍കുന്നത് അപകടകരമാണ്. ഇത്തരം നീക്കങ്ങളില്‍ നിന്ന് തങ്ങന്‍മാര്‍ പിന്തിരിയണമെന്നും ഹക്കീം അസ്ഹരി പറഞ്ഞു.

To advertise here,

സുന്നി വിശ്വാസത്തിന് എതിരെ നില്‍ക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. തങ്ങന്‍മാരെ അംഗീകരിക്കാത്തവരും അവരുടെ കൈ ചുംബിക്കുന്നത് തെറ്റാണെന്ന് പറയുന്നവരുമാണ് അവര്‍. പിന്നെന്തിനാണ് തങ്ങന്‍മാര്‍ ഇവരുടെ സക്കാത്ത് പദ്ധതിക്ക് ഏണിവെച്ചുകൊടുക്കുന്നതെന്നും ഹക്കീം ഫൈസി ചോദിച്ചു. ഇസ്ലാമിക ഗവണ്‍മെന്റ് ഉള്ളയിടങ്ങളിലാണ് സംഘടിത സക്കാത്ത് പദ്ധതി സ്വീകാര്യമായിട്ടുള്ളത്. സമാന്തര സര്‍ക്കാര്‍ സംവിധാനം പോലെയാണോ ജമാഅത്തെ ഇസ്ലാമി സക്കാത്ത് പദ്ധതി പ്രവര്‍ത്തിക്കുന്നതെന്നും അസ്ഹരി ചോദിച്ചു.

ജമാഅത്തെ ഇസ്ലാമിയുടെ ബൈത്തുസ്സക്കാത്ത് പദ്ധതിക്ക് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നല്‍കി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ രംഗത്തുവന്നിരുന്നു. കണ്ണൂരില്‍ നടന്ന പരിപാടിയില്‍ ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ പങ്കെടുക്കുകയും ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് പെരിന്തല്‍മണ്ണയില്‍ നടന്ന ബൈത്തുസ്സക്കാത്ത് പദ്ധതി പരിപാടിയില്‍ പാണക്കാട് റഷീദലി തങ്ങള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.