
ധാക്ക: 2024-ലെ ജനകീയ പ്രക്ഷോഭത്തിന് ശേഷം ബംഗ്ലാദേശിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ തരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വ്യക്തമായ വിജയം ഉറപ്പിച്ചെങ്കിലും ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന തന്ത്രപ്രധാനമായ മേഖലകളിൽ ജമാഅത്തെ ഇസ്‌ലാമി നിർണ്ണായകമായ വിജയങ്ങൾ സ്വന്തമാക്കിയത് പുതിയ ഭൗമരാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
പശ്ചിമ ബംഗാൾ, അസം അതിർത്തികളോടും സിലിഗുരി ഇടനാഴിയോടും ചേർന്നു കിടക്കുന്ന സത്‌ഖിര, കുഷ്തിയ, രംഗ്പൂർ മേഖലകളിലാണ് ജമാഅത്തെ ഇസ്‌ലാമി കരുത്തറിയിച്ചത്. ഇത് കേവലം നഗരപ്രതിഷേധ വോട്ടുകളല്ലെന്നും മറിച്ച് ഗ്രാമീണ മേഖലകളിലെ പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചുള്ള ശക്തമായ ശൃംഖലയുടെ ഫലമാണെന്നും സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു. ഈ വിജയത്തിലൂടെ അതിർത്തി ജില്ലകളിൽ ജമാഅത്തിന് ലഭിച്ച രാഷ്ട്രീയ അംഗീകാരം തീവ്രവാദ ഗ്രൂപ്പുകൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകാനും അവർക്ക് സുരക്ഷിതമായ ഒളിത്താവളങ്ങൾ ഒരുക്കാനും കാരണമായേക്കാമെന്നും ഏജൻസികൾ സംശയിക്കുന്നു.
അതിർത്തി ജില്ലകളിൽ ജമാഅത്തിന്റെ സ്വാധീനം വർദ്ധിക്കുന്നത് അവിടുത്തെ ന്യൂനപക്ഷങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കിയേക്കും. ഭൂമി തർക്കങ്ങളും ഭീഷണികളും മൂലം ഈ വിഭാഗങ്ങൾ നിശബ്ദമായി കുടിയൊഴിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് ഇന്ത്യയിലേക്ക് കുടിയേറ്റങ്ങൾ വർധിക്കുന്നതിനും കാരണമായേക്കാമെന്നും വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, ജെഎംബി, എക്യുഐഎസ് തുടങ്ങിയ നിരോധിക്കപ്പെട്ട സംഘടനകൾക്ക് വളരാൻ അനുയോജ്യമായ ഒരു സാഹചര്യം ഇവിടെ രൂപപ്പെടുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
അതേസമയം, തിരഞ്ഞെടുപ്പ് ഫലങ്ങളിൽ തങ്ങൾ സംതൃപ്തരല്ലെന്ന് വ്യക്തമാക്കിയ ജമാഅത്തെ ഇസ്‌ലാമി, ഫലപ്രഖ്യാപന പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തി. സമാധാനപരമായ അന്തരീക്ഷത്തിൽ വോട്ട് രേഖപ്പെടുത്തിയ ജനങ്ങളോട് നന്ദി പറഞ്ഞ പാർട്ടി, വോട്ടെടുപ്പ് ശതമാനം പ്രസിദ്ധീകരിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിമുഖത കാണിച്ചുവെന്ന് ആരോപിച്ചു. ചില മണ്ഡലങ്ങളിൽ തങ്ങളുടെ സ്ഥാനാർത്ഥികൾ സംശയാസ്പദമായ രീതിയിൽ പരാജയപ്പെട്ടുവെന്നും ഭരണകൂടത്തിന്റെ ഒരു വിഭാഗം ഒരു പ്രത്യേക പാർട്ടിയോട് പക്ഷപാതം കാണിച്ചുവെന്നും അവർ കുറ്റപ്പെടുത്തി.
Content Highlights: BNP claims victory, but Jamaat`s wins in border regions raise security concerns for India.
Published: 13 Feb 2026, 05:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented