
ധാക്ക: 2024-ലെ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിന് ശേഷമുള്ള ബംഗ്ലാദേശിന്റെ ആദ്യ പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. ഈ വോട്ടെടുപ്പ് രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ അതീവ നിർണ്ണായകമായ ഒരു ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും വോട്ട് രേഖപ്പെടുത്തി. അടുത്ത സർക്കാരിന്റെ ഭാഗമാകാൻ തനിക്ക് ആഗ്രഹമില്ലെന്നും വോട്ടെടുപ്പിന് ശേഷം താനോ തന്റെ ഉപദേഷ്ടാക്കളോ അധികാരത്തിൽ തുടരില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻപ് രാജ്യം ഭരിച്ചിരുന്ന ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കിയിട്ടുണ്ട്. 2024-ലെ പ്രക്ഷോഭകാരികൾക്കെതിരെ മാരകമായ ബലപ്രയോഗത്തിന് ഉത്തരവിട്ടതിന് ഹസീനയ്ക്ക് ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണൽ കഴിഞ്ഞ വർഷം വധശിക്ഷ വിധിച്ചിരുന്നു. അവർ ഇപ്പോൾ ഇന്ത്യയിൽ അഭയാർത്ഥിയായി കഴിയുകയാണ്.
ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ പ്രവാസത്തിന് ശേഷം ലണ്ടനിൽനിന്ന് മടങ്ങിയെത്തിയ താരിഖ് റഹ്‌മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ആണ് മത്സരരംഗത്തുള്ള പ്രധാന കക്ഷി. ജമാഅത്തെ ഇസ്ലാമിയാണ് എതിരാളികൾ. പൊതുതിരഞ്ഞെടുപ്പിനൊപ്പം തന്നെ, ഭാവിയിൽ ഏകാധിപത്യ ഭരണം തടയുന്നതിനായി യൂനസ് വിഭാവനം ചെയ്ത പരിഷ്‌കരണ ചാർട്ടറിലും (reform charter) ജനങ്ങൾ വോട്ട് രേഖപ്പെടുത്തുന്നുണ്ട്. 'പുതിയ ബംഗ്ലാദേശ്' കെട്ടിപ്പടുക്കുന്നതിനായി ജനങ്ങൾ ഇതിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് യൂനസ് ആഹ്വാനം ചെയ്തു. ഭരണകൂടം കൂടുതൽ ജനാധിപത്യപരമാകാനും അധികാരം കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാനുമുള്ള അടിസ്ഥാനപരമായ മാറ്റങ്ങളാണ് ഈ 'പരിഷ്കരണ ചാർട്ടറിലൂടെ' ലക്ഷ്യമിടുന്നത്
തിരഞ്ഞെടുപ്പ് സമാധാനപരമാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പലയിടത്തും അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഗോപാൽഗഞ്ച്, മുൻഷിഗഞ്ച് എന്നിവിടങ്ങളിൽ ബോംബ് സ്‌ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഉച്ച വരെയുള്ള കണക്കുകൾ പ്രകാരം 32 ശതമാനത്തിലധികം വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആഭ്യന്തരവും ബാഹ്യവുമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്നും യൂനുസ് മുന്നറിയിപ്പ് നൽകി. നിലവിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ച അവാമി ലീഗ്, യൂനുസ് സർക്കാർ ജനാധിപത്യത്തെ തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ചു.
Published: 12 Feb 2026, 04:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented