
കൊല്ലം: എസ്.എസ്.എൽ.സി. ഫിസിക്സ് പരീക്ഷാപേപ്പർ കണ്ടെത്താനുള്ള കൊല്ലം ഗവ. മോഡൽ സ്കൂൾ വിദ്യാർഥി ജോയലിന്റെ ഒരുവർഷമായുള്ള പോരാട്ടം ഫലംകണ്ടു. കാണാതെ പോയ ഉത്തരക്കടലാസ് മറ്റൊരു വിദ്യാർഥിയുടെ പേപ്പറിന്റെ കൂടെ കുത്തിക്കെട്ടിയതായി കണ്ടെത്തി.
പരീക്ഷാ കമ്മിഷണറുടെ ഓഫീസിൽനിന്ന് ഇതുസംബന്ധിച്ച അറിയിപ്പെത്തി. നഷ്ടമായ പേപ്പറിൽ 13 മാർക്കിനുള്ള ഉത്തരങ്ങളുണ്ടായിരുന്നു. ജോയലിന് ഫിസിക്സിന് ഇത്രയും മാർക്കുകൂടി നൽകാനും നിർദേശമുണ്ട്. മാർക്ക് കുറഞ്ഞതിനെതിരേ പരാതിപ്പെട്ട ജോയലിനെ കോപ്പിയടിക്കാരനായി ചിത്രീകരിക്കാനും ശ്രമമുണ്ടായി. ഉത്തരക്കടലാസ് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഇൻവിജിലേറ്റർ, ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവർക്കെതിരേ നടപടിയെടുക്കണമെന്നും പരീക്ഷാ കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു.
2023 മാർച്ച് 24-നായിരുന്നു പത്താംക്ലാസ് ഫിസിക്സ് പരീക്ഷ. നാല് ഷീറ്റുകളിലാണ് ജോയൽ പരീക്ഷയെഴുതിയത്. അപ്രതീക്ഷിതമായി വീശിയ കാറ്റിൽ രണ്ട് ഷീറ്റ് പറന്ന്, അടുത്തിരുന്ന കുട്ടിയുടെ അരികിൽ വീണു. ജോയൽ അതെടുത്ത് ക്ലാസിലുണ്ടായിരുന്ന അധ്യാപികയെ ഏൽപ്പിച്ചു. അധ്യാപിക ജോയലിനെയുംകൂട്ടി പ്രഥമാധ്യാപികയ്ക്ക് അടുത്തെത്തി. പരീക്ഷാപേപ്പർ എല്ലാം കൂട്ടിക്കെട്ടി ഭദ്രമായി ഏൽപ്പിച്ചിട്ടുണ്ടെന്ന് പിന്നീട് ജോയലിെന അറിയിക്കുകയും ചെയ്തു.
ഫിസിക്സിന് ഉയർന്ന മാർക്ക് പ്രതീക്ഷിച്ചിരുന്ന ജോയലിന് ലഭിച്ചത് 22 മാർക്കായിരുന്നു. മോഡൽ സ്കൂളിൽ തുടർപഠനം ആഗ്രഹിച്ചെങ്കിലും അവിടെ പ്രവേശനം ലഭിച്ചില്ല.ഇതിനിടെ കോപ്പിയടിച്ചെന്നും പ്രചാരണമുണ്ടായി. ഇത് പഠനത്തിൽ മിടുക്കനായ ജോയലിന് ഏൽപ്പിച്ച മാനസികാഘാതം വലുതായിരുന്നു. ഇനി പഠിക്കാൻ പോകുന്നില്ലെന്നായിരുന്നു തീരുമാനം.
കൗൺസലിങ്ങും രക്ഷിതാക്കളുടെ നിർബന്ധവുംകൊണ്ടാണ് ജോയൽ നീരാവിൽ സ്കൂളിൽ പ്ലസ് വൺ ക്ലാസിന് പോയിത്തുടങ്ങിയത്.ജോയലിന്റെ പരീക്ഷാപേപ്പർ നഷ്ടമായെന്ന തിരിച്ചറിവിൽ അച്ഛൻ ആന്റണി വിദ്യാഭ്യാസമന്ത്രിക്കും ഉദ്യോഗസ്ഥർക്കും പലതവണ പരാതി നൽകി. ബാലാവകാശ കമ്മിഷനിലും ശിശുക്ഷേമസമിതിയിലും ഹിയറിങ്ങുകൾ പലതും നടന്നു.
പരീക്ഷാപേപ്പറിന്റെയും മറ്റും പകർപ്പെടുത്തപ്പോൾ അഡീഷണൽ ഷീറ്റ് നഷ്ടമായതായി കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് പരീക്ഷാപേപ്പർ കിട്ടിയത്. ഉത്തരവാദികൾക്കെതിരേ നിയമനടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആന്റണി.
Content Highlights: answer sheet was stapled together with another students paper
Published: 11 Jun 2024, 07:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented