ജന്മനാ അരയ്ക്ക് താഴെ ചലനശേഷിയില്ലാത്ത ഭദ്രാദേവി എന്ന കൊച്ചുമിടുക്കിക്ക് ഒരു ആഗ്രഹമുണ്ട്, അധ്യാപികയാകണം. കടുത്ത സാമ്പത്തിക പ്രതിസന്ധികളേയും ശാരീരിക വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട് മുന്നേറുകയാണ് ഈ മിടുക്കി. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം അവൾ സ്വന്തമാക്കി. ശാരീരിക പ്രയാസങ്ങളെ അതിജീവിച്ച് പൂർണമായും കമിഴ്ന്നുകിടന്ന് കടുത്ത വേദന സഹിച്ചാണ് ഭദ്ര പഠനവും എസ്.എസ്.എൽ.സി. പരീക്ഷയും പൂർത്തിയാക്കിയത്. ഇപ്പോൾ വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പ്ലസ് വൺ പഠനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.
പരമേശ്വരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം കുന്നുവിള വീട്ടിൽ മുകുന്ദൻ-മായ ദമ്പതികളുടെ മകളാണ് ഭദ്ര. അസാധാരണമായ ഓർമശക്തിയുടെ ഉടമയായ ഭദ്ര ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പേരും അവയുടെ തലസ്ഥാനങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പറഞ്ഞ് ഏഷ്യൻ റെക്കോർഡ് നേടിയിട്ടുണ്ട്. കൂടാതെ, 118 മൂലകങ്ങളുടെയും പേരുകൾ അവൾക്ക് കാണാപ്പാഠമാണ്. ഗാനാലാപനം, ചിത്രരചന, വ്ലോഗിങ് എന്നിവയിലും ഭദ്രയ്ക്ക് മികച്ച കഴിവുണ്ട്. എന്നാൽ, ശരീരത്തിലെ മുറിവ് ഗുരുതരമായതിനാൽ ഇപ്പോൾ വീൽചെയറിൽ ഇരിക്കാനുപോലും ഭദ്രയ്ക്ക് ഏറെ പ്രയാസമാണ്.
കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും അതീവ പരിതാപകരമാണ്. ചികിത്സാ ചെലവുകൾ പോലും താങ്ങാനാകാതെ ബുദ്ധിമുട്ടുന്ന കുടുംബം, വീടിന്റെ നിർമ്മാണത്തിനായി എടുത്ത വായ്പയുടെ ബാധ്യതയെ തുടർന്ന് ജപ്തി ഭീഷണിയും നേരിടുകയാണ്. രണ്ട് വർഷം മുമ്പ് പശുവളർത്തലിലൂടെ ഉപജീവനം നടത്തിയിരുന്ന കുടുംബത്തിന്, അമ്മ മായയ്ക്കും മകനും ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങൾക്കുശേഷം ജീവിതം കൂടുതൽ ദുരിതപൂർണമായി. ഇപ്പോൾ അച്ഛന് കൂലിപ്പണിയിലൂടെ ലഭിക്കുന്ന ചെറിയ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം.
ഭദ്രയുടെ ഇളയ സഹോദരൻ കാശിനാഥ് ഇളമ്പ ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. മൂത്ത സഹോദരൻ ജെ.സി.ബി. ഓപ്പറേഷൻ പരിശീലനം നടത്തുകയാണ്.
ഇളമ്പ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ദിവസേന 200 രൂപ ചെലവഴിച്ചാണ് ഓട്ടോറിക്ഷയിൽ ഭദ്രയെ സ്കൂളിലെത്തിച്ചിരുന്നത്. ഇനി വെഞ്ഞാറമൂട് സ്കൂളിലേക്ക് മാറുന്നതോടെ ദിവസേന കുറഞ്ഞത് 300 രൂപയെങ്കിലും യാത്രാച്ചെലവാകുമെന്നാണ് കുടുംബത്തിന്റെ ആശങ്ക. മരുന്നിനും യാത്രാച്ചെലവിനുമായി ദിവസേന ഏകദേശം 1000 രൂപയെങ്കിലും ആവശ്യമാണ്.. ഭദ്രയുടെ തുടർചികിത്സയ്ക്കും സ്കൂളിലേക്കുള്ള സ്ഥിരം യാത്രയ്ക്കായി അനുയോജ്യമായ വാഹന സൗകര്യം ഒരുക്കുന്നതിനും കുടുംബം സഹായം പ്രതീക്ഷിച്ചിരിക്കുകയാണ്.
സ്വന്തമായി ഒരു പഠനമുറി പോലും ഇല്ലാത്തതിനാൽ വീട്ടിലെ ഹാളിലെ സോഫയിലാണ് ഭദ്ര പഠിച്ചിരുന്നത്. സൗകര്യങ്ങളോടുകൂടിയ ഒരു പഠനമുറിയും ദൈനംദിന യാത്രയ്ക്കായി ഒരു വാഹനവുമാണ് ഭദ്രയുടെ ഏറ്റവും വലിയ ആഗ്രഹങ്ങൾ. പഠനമുറിയെന്ന ആഗ്രഹം സഫലമാക്കാൻ എംഎൽഎ സുധീർ ഷാ പാലോട് മുന്നോട്ട് വന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ കണ്ട് തൻ്റെ പ്രയാസം പറയണമെന്ന് ഭദ്രയുടെ ആഗ്രഹവും എംഎൽഎ നടത്തിക്കൊടുത്തു.
നിയമസഭയിൽ വീൽചെയറിൽ എത്തിയ ഭദ്രയെ കണ്ട മുഖ്യമന്ത്രി നേരിട്ട് അടുത്തെത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഭദ്ര നിയമസഭയിലെത്തിയത്. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. അധ്യാപികയാകണമെന്ന ഭദ്രയുടെ ആഗ്രഹം കേട്ട മുഖ്യമന്ത്രി, തന്റെ മകളുടെയും ആഗ്രഹം അധ്യാപികയാകുകയായിരുന്നുവെന്ന് പറഞ്ഞ് ഭദ്രയെ പ്രോത്സാഹിപ്പിച്ചു.
ശാരീരിക വെല്ലുവിളികളെയും ജീവിത പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറുന്ന ഭദ്രയുടെ നിശ്ചയദാർഢ്യം ഏവർക്കും പ്രചോദനമാണ്. അവളുടെ സ്വപ്നങ്ങൾക്ക് ചിറകേകാൻ സമൂഹത്തിന്റെ പിന്തുണയും കരുതലും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
Content Highlights: Despite being paralyzed below the waist and studying while lying face-down due to severe physical pain, Asian Record holder Bhadra Devi cleared her SSLC exams with flying colors and received an assurance of complete medical and financial support from Kerala Chief Minister Pinarayi Vijayan.
Published: 10 Jul 2026, 02:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented