തിരുവനന്തപുരം: കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആനി അശോകൻ അടക്കമുള്ള മുൻ സിപിഎം നേതാക്കളും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ബിജെപിയിൽ ചേർന്നു. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ആരോപണം ഉന്നയിച്ചതിന് സിപിഎം പുറത്താക്കിയ നേതാവാണ് കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന ആനി അശോകൻ.

To advertise here,

ആനി അശോകന് പുറമേ ഡിവൈഎഫ്‌ഐ മുൻ കൂന്തല്ലൂർ ലോക്കൽ സെക്രട്ടറി ഡി. ഹരീഷ്, ഡിവൈഎഫ്‌ഐ മുൻ മേഖല ജോയിന്റ് സെക്രട്ടറി വി. ദിലീപ്, ഡിവൈഎഫ് നേതാവായ അഖിൽ വേണു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇസ്സാൻ ഹുസൈൻ എന്നിവരാണ് തിങ്കളാഴ്ച പാർട്ടിയിൽ ചേർന്നതെന്ന് ബിജെപി നേതാവ് എസ്. സുരേഷ് പറഞ്ഞു. വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പ് വളരെ നിർണായകമാണെന്നും സംസ്ഥാന സർക്കാരിന്റെ നയങ്ങളോട് വിയോജിച്ചുകൊണ്ട് ഓരോദിവസവും ബിജെപിയിൽ ആളുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് നിലപാട് വ്യക്തമാക്കണം- വി. മുരളീധരൻ

ഉപമുഖ്യമന്ത്രി പദത്തിന് മുസ്ലീംലീഗിന് അവകാശമുണ്ടെന്ന കെ.എൻ.എ. ഖാദറിന്റെ വാദം, തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽവന്നാൽ ആരായിരിക്കും കാര്യങ്ങൾ നടത്തുക എന്നതിന്റെ സൂചനയാണെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. കോൺഗ്രസ് മുന്നണിയുടെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നുകൊണ്ടിരിക്കുന്നു. മുസ്ലിംലീഗിന്റെ നിയന്ത്രണത്തിലുള്ള നാമമാത്ര നേതൃത്വം ആയിരിക്കും കോൺഗ്രസ്. ഭരിക്കുന്നത് മുസ്ലീം ലീഗ് ആയിരിക്കും എന്ന സാഹചര്യമാണ് കേരളം നേരിടാൻ പോകുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ നിലപാട് എന്തെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.