കൊച്ചി: തൃപ്പൂണിത്തുറയിൽ മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടാനായതിൽ കൂടുതൽ അഭിമാനമുണ്ടെന്ന് നടിയും എൻഡിഎ സ്ഥാനാർഥിയുമായ അഞ്ജലി നായർ. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന്റെ പിറ്റേദിവസമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഞ്ജലി പ്രതികരിച്ചത്. കേരളത്തിൽ എൻഡിഎ മൂന്ന് സീറ്റുകൾ നേടിയതിൽ അഭിമാനമുണ്ടെന്നും അഞ്ജലി പറഞ്ഞു.

To advertise here,

'കേരളത്തിൽ ആഞ്ഞടിച്ച ഭരണവിരുദ്ധ തരംഗത്തിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കി വിടർത്തിയ മൂന്ന് താമരകൾ അഭിമാനം നൽകുന്നതാണ്. ഈ അവസരത്തിൽ തൃപ്പൂണിത്തുറയിൽ എൻഡിഎ സ്ഥാനാർത്ഥി എന്ന നിലയിൽ മുപ്പതിനായിരത്തിനടുത്ത് വോട്ടുകൾ നേടാനായത് എനിക്ക് കൂടുതൽ അഭിമാനം തോന്നുന്ന സന്ദർഭമാണ്. പ്രബുദ്ധരായ എല്ലാ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദി. ഇതിൽ നിന്നും ഊർജം കണ്ടെത്തി എന്നും എപ്പോഴും ഞാൻ നിങ്ങളോടൊപ്പം ഉണ്ടാവും', അഞ്ജലി നായർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ട്വന്റി20-എൻഡിഎ സ്ഥാനാർഥിയായാണ് സിനിമാ താരമായ അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ മത്സരിച്ചത്. 70256 വോട്ടുകൾ നേടിയ കോൺഗ്രസിന്റെ ദീപക് ജോയിയാണ് മണ്ഡലത്തിൽ വിജയിച്ചത്. 18468 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അദ്ദേഹത്തിന്റെ വിജയം. സിപിഎം സ്ഥാനാർഥി കെ.എൻ. ഉണ്ണികൃഷ്ണൻ 51788 വോട്ടുകൾ നേടി. മൂന്നാമതെത്തിയ അഞ്ജലി നായർക്ക് 29471 വോട്ടുകളാണ് കിട്ടിയത്.