അങ്കമാലി: അങ്കമാലി മോർണിങ് സ്റ്റാർ കോളേജ് വിദ്യാർഥിനി ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ കാർ ഒാടിച്ചിരുന്ന ഡോക്ടറെ പിടികൂടുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവിലുള്ള കോട്ടയം അതിരമ്പുഴ പണ്ടാരകളം വീട്ടിൽ സിറിയക് പി. ജോർജിനെ പിടികൂടുന്നതിനായാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കുറ്റകരമായ നരഹത്യയ്ക്കാണ് ഇയാൾക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.

To advertise here,

ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് വിവിധ ഇടങ്ങളിൽ അന്വേഷണം നടത്തി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇടുക്കി, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാളുടെ അതിരമ്പുഴയിലെ വീട് പൂട്ടിക്കിടക്കുകയാണ്. ബന്ധുക്കളുടെ വീട്ടിലും പോലീസ് അന്വേഷണം നടത്തി. ഇയാളെ പിടികൂടുന്നതിനായി ആലുവ ഡിവൈ.എസ്.പി. എൻ. ബാബുകുട്ടന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിൽ വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും ഇയാൾ ഉടൻ പിടിയിലാകുമെന്നും റൂറൽ എസ്.പി. കെ.എസ്. സുദർശൻ പറഞ്ഞു.

ഇതിനിടെ സിറിയക് കോടതിയിൽ കീഴടങ്ങിയേക്കുമെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സിറിയക്കിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അങ്കമാലി പോലീസ് സ്‌റ്റേഷന്റെ മുൻപിൽ വിവിധ സംഘടനകൾ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച കാർ പോലീസ് പിടികൂടിയിരുന്നു. ചാലാക്ക മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്ന സിറിയക് ജോർജും സഹപാഠി അക്ഷയുമാണ് കാറിലുണ്ടായിരുന്നത്. സിറിയക് ആണ് കാർ ഓടിച്ചിരുന്നത്. അക്ഷയ് ബുധനാഴ്ച അങ്കമാലി സ്‌റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് സിറിയക് ഓടിച്ചിരുന്ന കാർ ജസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ചത്. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കാർ ഓടിച്ചയാളെ പിടികൂടാത്തതിനാൽ പോലീസിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ജസ്‌ലിയ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ജസ്‌ലിയയുടെ അവയവങ്ങൾ ദാനം ചെയ്തു. എടവനക്കാട് കളത്തിപ്പറമ്പിൽ വീട്ടിൽ ജോൺസന്റെയും ലിമയുടെയും മകളാണ് ജസ്‌ലിയ ജോൺസൺ. അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർഥിനിയായ ജസ്‌ലിയ കോളേജ് ഹോസ്റ്റലിൽ താമസിച്ച് പാർട്ട് ടൈമായി ജോലിയും നോക്കിയിരുന്നു. ജോലി കഴിഞ്ഞ് കോളേജ് ഹോസ്റ്റലിലേക്ക് വരുമ്പോഴാണ് കാർ ഇടിച്ചുതെറിപ്പിച്ചത്.