ചാവക്കാട്: കേരളതീരത്ത് മത്തി കാണാൻപോലും കിട്ടുന്നില്ലെന്നായിരുന്നു ഏതാനും നാൾ മുൻപ് മത്സ്യതൊഴിലാളികളുടെ പരാതി. എന്നാലിപ്പോൾ തീരക്കടലിൽ മത്തി മാത്രമായി എന്നതാണ് പുതിയ പ്രശ്നം. വടക്കൻ മേഖലയെന്നോ തെക്കൻ മേഖലയെന്നോ വ്യത്യാസമില്ലാതെയാണിത്.
ഒരു മാസത്തിലേറെയായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കിട്ടുന്ന മീനുകളിൽ 90 ശതമാനത്തിലേറെയും മത്തിയാണ്. ആദ്യം കിലോഗ്രാമിന് നൂറു രൂപ വരെയൊക്കെ കിട്ടിയെങ്കിലും സ്ഥിരമായതോടെ വിലയുമിടിഞ്ഞു. മത്തി കൂട്ടത്തോടെ തിരയ്ക്കൊപ്പം കരയിലേക്കു കയറുന്ന പ്രതിഭാസമുണ്ടായത് വിലത്തകർച്ചയുടെ ആക്കം കൂട്ടി. ഇപ്പോൾ കിലോഗ്രാമിന് 25-30 രൂപ നിരക്കിലാണ് ഹാർബറുകളിൽനിന്നും ഫിഷ് ലാൻഡിങ് കേന്ദ്രങ്ങളിൽനിന്നും കമ്പനികൾ മത്തി വാങ്ങുന്നത്.
മത്തിയുടെ വലിയ പങ്കും തീറ്റ നിർമാണം, വളം, മീൻ ഓയിൽ ഉപയോഗിച്ചുള്ള ഔഷധങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിനാണ് ഉപയോഗിക്കുന്നതെന്ന് ചേറ്റുവ ഹാർബറിലെ തരകൻ അസോസിയേഷൻ അംഗം പവിത്രൻ കല്ലുമഠത്തിൽ പറഞ്ഞു.
ആഹാരം കൂടിയതോ ഓക്സിജൻ കുറഞ്ഞതോ കാരണമാവാം
മഴ കൂടുതലായി ലഭിച്ചതിനെത്തുടർന്ന്, മത്തിയുടെ പ്രധാന ആഹാരമായ സസ്യ പ്ലവകങ്ങൾ വൻതോതിൽ ഉണ്ടായതാവാം മത്തിക്കൂട്ടത്തിന്റെ കാരണങ്ങളിലൊന്നെന്ന് കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്(സി.എം.എഫ്.ആർ.ഐ.) ഡയറക്ടർ ഡോ. ഗ്രിൻസൻ ജോർജ് പറഞ്ഞു.
കടലിൽ ഓക്സിജന്റെ അളവു കുറഞ്ഞ മേഖലകളുണ്ട്. ഈ മേഖല മാറി വരും. തീരക്കടലിൽ ഈ മേഖലയെത്തുമ്പോൾ ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ രക്ഷപ്പെടാനായി മത്തിക്കൂട്ടം തിരയോടൊപ്പം കരയിലെത്തും.
കേരളതീരത്ത് പത്തോ പന്ത്രണ്ടോ വർഷം കൂടുമ്പോൾ മത്തി വളരെ കുറയുന്ന ഒരു ഘട്ടമുണ്ടാവുകയും പിന്നീട് പഴയ നിലയിലേക്ക് എത്തുന്ന രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kerala coastline faces an unusual surge in Sardines catches, impacting prices and fishing practices
Published: 07 Dec 2024, 07:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented