2006 ഫെബ്രുവരിയിലാണ് വെറും 17 ദിവസം മാത്രം പ്രായമായ ഇരട്ടപ്പെണ്‍കുഞ്ഞുങ്ങളും യുവതിയായ അമ്മയും വാടകവീട്ടില്‍ അതിക്രൂരമായി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. മക്കളുടെ പിതൃത്വം ഏറ്റെടുക്കണമെന്ന് അഞ്ചല്‍ അലയമണ്‍ രജനി വിലാസത്തില്‍ രഞ്ജിനി പ്രതി ദിബില്‍കുമാറിനോട് ആവശ്യപ്പെട്ടതാണ് അരുംകൊലയ്ക്ക് കാരണം. അഞ്ചല്‍ അലയമണ്‍ സ്വദേശി തന്നെയായ ദിബില്‍കുമാര്‍ കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെ യുവതി നിയമനടപടികളുമായി മുന്നോട്ടുനീങ്ങി. ആ നീക്കം ദിബിലിനെ പ്രകോപിപ്പിച്ചു. സുഹൃത്തും സൈനികനുമായ കണ്ണൂര്‍ സ്വദേശി രാജേഷും ദിബിലും ഒന്നിച്ചാണ് അവധിയ്ക്ക് നാട്ടിലെത്തുന്നത്. യുവതിയുടെ വീട്ടില്‍ ആളില്ലാത്ത നേരം നോക്കി അതിക്രമിച്ചുകയറിയ പ്രതികള്‍ യുവതിയെയും പിഞ്ചുകുഞ്ഞുങ്ങളെയും അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
സൈനിക പശ്ചാത്തലം, പിതൃത്വത്തെക്കുറിച്ചുള്ള തര്‍ക്കം, കൊലപാതകം
പത്താംകോട്ട് റെജിമെന്റില്‍ സൈനികരായിരുന്നു ദിബിലും രാജേഷും. ദിബിലിനെതിരെ യുവതി നിയമപരമായി നീങ്ങിയതാണ് പ്രതികളെ പ്രകോപ്പിച്ചത്. യുവതിയുടെ അമ്മ പഞ്ചായത്ത് ഓഫീസില്‍ പോയ സമയത്തായിരുന്നു നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. രഞ്ജിനി നല്കിയ കേസിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ദിബില്‍കുമാറിനെതിരെ നീങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. രഞ്ജിനിയുടെ അമ്മ ശാന്തമ്മ എസ്.ഐ.ടി ആശുപത്രിയില്‍ സര്‍ജറിക്ക് വിധേയമായപ്പോള്‍ ദിബിലിന്റെ സുഹൃത്താണെന്ന് പറഞ്ഞ് കണ്ണൂരുകാരനായ രാജേഷ് സമീപിക്കുകയും രഞ്ജിനിയെയും കുഞ്ഞുങ്ങളെയും ദിബില്‍ ഏറ്റെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും വാക്കു കൊടുത്തു. അതേ രാജേഷാണ് ഈ ക്രൂരകൊലപാതകങ്ങളിലെ കൂട്ടുപ്രതി. രഞ്ജിനിയുടെ വീട്ടുകാരുടെ വിശ്വാസ്യത നേടിയെടുത്ത് വീട്ടില്‍ വരാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു രാജേഷ്.
മകള്‍ക്കും പേരക്കുഞ്ഞുങ്ങള്‍ക്കും മരണാനന്തരമെങ്കിലും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിനിയുടെ അമ്മ കയറാത്ത ഓഫീസ് വരാന്തകളില്ല. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുന്നത് അങ്ങനെയാണ്. ഇതേ കേസിന്റെ പശ്ചാത്തലത്തില്‍ പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യവും കേസ് ഫയല്‍ചെയ്തതോടെ സൈന്യവും നിയമനടപടികള്‍ ആരംഭിച്ചു.
തികച്ചും ആസൂത്രിതമായിരുന്ന കൊലപാതകങ്ങള്‍ക്കുശേഷം എന്തു ചെയ്യണമെന്നതിനെക്കുറിച്ച് പ്രതികള്‍ കൃത്യമായ പദ്ധതി തയ്യാറാക്കി. കൃത്യനിര്‍വഹണത്തിനുശേഷം നാടുവിട്ട പ്രതികള്‍ അധികം അകലെയൊന്നുമല്ല എത്തിപ്പെട്ടത്. പോണ്ടിച്ചേരിയില്‍ പോയി പേരും രൂപവും തന്നെ മാറ്റി. ഇത്രയധികം സാങ്കേതിക വിദ്യകള്‍ പുരോഗമിച്ച കാലത്ത് പതിനെട്ട് വര്‍ഷമാണ് പോണ്ടിച്ചേരിയില്‍ ആരാലും തിരിച്ചറിയപ്പെടാതെ സ്വൈര്യജീവിതം ഇവര്‍ നയിച്ചുവന്നത്.
സുഖജീവിതം, മറ്റൊരു പേര്, മറ്റൊരു ആധാര്‍!
ഒരു ഇന്ത്യന്‍ പൗരന്റെ അടിസ്ഥാനരേഖയായി കരുതിപ്പോരുന്ന ആധാര്‍കാര്‍ഡിന്റെ ആധികാരികതയെപ്പോലും ചോദ്യം ചെയ്യുന്ന പ്രവര്‍ത്തിയാണ് ആദ്യം പ്രതികള്‍ നടത്തിയത്. പുതുച്ചേരിയില്‍ സ്വന്തമായി വിലാസമുണ്ടാക്കി, അവിടെനിന്നും ആധാര്‍കാര്‍ഡെടുത്തു. പുതുച്ചേരിയില്‍ ഒരു ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം തുടങ്ങി. കാര്‍പെന്റര്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് സ്ഥാപനം നല്ലരീതിയില്‍ നടത്തിപ്പോന്നു. പ്രതികളില്‍ ഒരാള്‍ വിഷ്ണു എന്ന പേരിലാണ് സ്ഥാപന ഉടമയായി ബിസിനസ് നടത്തിയത്.
ജീവിതത്തെക്കുറിച്ച് കൃത്യമായ ധാരണകള്‍ ഉണ്ടാക്കിയ പ്രതികള്‍ ഇത്രയും കാലം നാടുമായോ കുടുംബവുമായോ ബന്ധപ്പെട്ടില്ല എന്ന സംശയാസ്പദമായ കാര്യമാണ്. രണ്ടുപേരും വിവാഹം ചെയ്തു. പുതുച്ചേരിയില്ത്തന്നെ അധ്യാപികമാരായി ജോലി ചെയ്യുന്ന യുവതികളെയാണ് ഇവര്‍ വിവാഹം ചെയ്തത്. രണ്ടുപേര്‍ക്കും കുട്ടികളുമായി. പതിനെട്ട് വര്‍ഷക്കാലം നിയമത്തിന്റെ കണ്ണില്‍പ്പെടാതെ കഴിഞ്ഞെങ്കിലും ചെന്നൈ സി.ബി.ഐ ഓഫീസിലേക്ക് അജ്ഞാതമായൊരു സന്ദേശം ഇവരെക്കുറിച്ച് ലഭിച്ചതോടെയാണ് പ്രതികള്‍ നിരീക്ഷണത്തിലാവുന്നത്.
ചെന്നൈ സി.ബി.ഐയും കേരളത്തിലെ സംഭവവും
അഞ്ചല്‍ കൊലപാതകങ്ങളിലെ പ്രതികളെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ കേരള പോലീസ് പ്രതികളെ കണ്ടെത്തുന്നവര്‍ക്കായി 50000 രൂപ ഇനാം പ്രഖ്യാപിച്ചുവെങ്കിലും ഫലമുണ്ടായില്ല. പ്രതികള്‍ക്കായി രാജ്യവ്യാപകമായ തിരച്ചില്‍ നടത്തി. പിന്നീട് ഇനാം തുക 2 ലക്ഷമാക്കി ഉയര്‍ത്തി നോക്കി. ദിബിലും രാജേഷും നിയമസംവിധാനങ്ങളെ കബളിപ്പിച്ച് കാണാമറയത്തുതന്നെ. പിന്നീട് കേസ് സിബി.ഐയ്ക്ക് വിടുകയായിരുന്നു. 2006-ല്‍ സംഭവം നടക്കുമ്പോള്‍ കേരളത്തിലെ ക്രൈം കേസുകളുടെ ചുമതല സി.ബി.ഐ ചെന്നൈ യൂണിറ്റിനായിരുന്നു. അതുകൊണ്ടാണ് പ്രതികളെത്തിരഞ്ഞ് ചെന്നൈ യൂണിറ്റ് തന്നെ പുതുച്ചേരിയിലെത്തിയത്. വിഷ്ണു എന്ന പേരില്‍ പുതുച്ചേരിയില്‍ കാര്‍പെന്റര്‍ ഇന്റീരിയര്‍ സ്ഥാപനം നടത്തുന്നയാള്‍ കേരളത്തിലെ പ്രമാദമായ കൊലപാതകങ്ങളിലെ പ്രതിയാണ് എന്ന് ചെന്നൈ സി.ബി.ഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിലൊടുവില്‍ വ്യക്തമായ തെളിവുകളോടെയാണ് സി.ബി.ഐ പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുന്നത്.
Content Highlights: anchal tripple murder case cbi arrested accused dibil kumar and rajesh
Published: 04 Jan 2025, 06:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented