ആലപ്പുഴ: സർവീസ് തുടങ്ങി കുറച്ചുനാളിനുള്ളിൽ കെ.എസ്.ആർ.ടി.സി. ബിനിനസ് ക്ലാസ് ബസുകൾ വമ്പൻ ഹിറ്റ്. കെ.എസ്.ആർ.ടി.സി.ക്കു മികച്ച വരുമാനവും യാത്രക്കാർക്ക് സുഖകരമായ അനുഭവവും സമ്മാനിക്കുകയാണ് ബിസിനസ് ക്ലാസ് ബസുകൾ.

To advertise here,

ആലപ്പുഴ-ബെംഗളൂരു, തിരുവനന്തപുരം-എറണാകുളം എന്നിങ്ങനെ രണ്ടു റൂട്ടുകളിലാണ് ആഡംബര സൗകര്യങ്ങളോടെ രണ്ടു ബിസിനസ് ക്ലാസ് ബസുകൾ സർവീസ് നടത്തുന്നത്. രണ്ടു ബസുകളിലുമായി ഇതുവരെ 4,361 പേർ യാത്രചെയ്തു. 33.76 ലക്ഷം രൂപ വരുമാനം കെ.എസ്.ആർ.ടി.സി.ക്കു ലഭിച്ചു.

ആലപ്പുഴ-ബെംഗളൂരു സർവീസ് ഓഗസ്റ്റ് 16-നാണു തുടങ്ങിയത്. 19 യാത്രകളാണ് ഈ റൂട്ടിൽ നടത്തിയത്. വരുമാനം 15 ലക്ഷം. 1,125 യാത്രക്കാരാണ് സർവീസ് പ്രയോജനപ്പെടുത്തിയത്. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ വൈകീട്ട് 5.30-ന് ആലപ്പുഴയിൽനിന്നും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി എട്ടിന് ബെംഗളൂരൂവിൽനിന്നും ബസ് പുറപ്പെടും.

തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കുള്ള ബസും ജനപ്രിയമായിട്ടുണ്ട്. ഓഗസ്റ്റ് 20 മുതലാണു സർവീസ് തുടങ്ങിയത്. തിങ്കൾ മുതൽ വെള്ളി വരെ എറണാകുളം വരെയും ശനി, ഞായർ ദിവസങ്ങളിൽ ഗുരുവായൂർ വരെയുമാണ് സർവീസ്. 43 സർവീസിലായി ഇതുവരെ 3,236 പേർ യാത്രചെയ്തു. 18.76 ലക്ഷം രൂപ വരുമാനവും ലഭിച്ചു. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.30-നു പുറപ്പെടുന്ന ബസ് എറണാകുളത്തെത്തിയശേഷം വൈകീട്ട് 5.30-ന് അവിടെനിന്നു തിരിക്കും. ഗുരുവായൂരിൽനിന്നു വൈകീട്ട് 5.30-നു ബസ് പുറപ്പെടും.

പ്രത്യേക പരീശീലനം ലഭിച്ച ജീവനക്കാരെയാണ് ബസിൽ നിയോഗിച്ചിരിക്കുന്നത്. സ്ഥിരംയാത്രക്കാരെ സഹായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പും സക്രിയമായുണ്ട്. ബസിന്റെ വിവരങ്ങൾ ഗ്രൂപ്പിൽ ലൈവ് ലോക്കേഷനിലൂടെ യാത്രക്കാർക്കു കൃത്യമായി ലഭിക്കും. ബസിന്റെ നീക്കമനുസരിച്ച് ബുക്കുചെയ്ത യാത്രക്കാർക്ക് യാത്ര ക്രമീകരിക്കാനാകും.

ആലപ്പുഴയിൽനിന്ന് ബസിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഓണനാളുകളിലുൾപ്പെടെ ബുക്കിങ് പൂർണമായിരുന്നു. വാരാന്ത്യങ്ങളിൽ ബെംഗളൂരുവിലേക്കും തിരിച്ച് ആലപ്പുഴയിലേക്കും മുഴുവൻ സീറ്റും ബുക്കിങ്ങായിരിക്കും. ശൗചാലയം ഉൾപ്പെടെയുള്ള അത്യാഡംബര സൗകര്യമാണ് ബസിലുള്ളത്.

അന്തർസംസ്ഥാന യാത്രയ്ക്ക് സ്വകാര്യബസുകൾ കൊള്ളനിരക്ക് ഈടാക്കുമ്പോൾ കെ.എസ്.ആർ.ടി.സി. ബിസിനസ് ക്ലാസ് ബസുകൾ യാത്രക്കാർക്ക് വലിയ ആശ്വാസമാണ്. കെ.എസ്.ആർ.ടി.സി. സി.എം.ഡി. പ്രമോജ് ശങ്കർ നേരിട്ടാണ് ബിസിനസ് ക്ലാസ് യാത്രാക്രമീകരണങ്ങൾക്കു മേൽനോട്ടം വഹിക്കുന്നത്.