തിരുവനന്തപുരം: മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കെ. കൃഷ്ണന്‍കുട്ടിയും എതിര്‍പ്പ്  പ്രകടിപ്പിച്ചു. മന്ത്രിമാരുടെ അധികാരം ലഘൂകരിക്കുന്നതാണ് ഭേദഗതിയെന്ന പ്രധാനപ്പെട്ട വിമര്‍ശനം ആണ് ഇരുവരും ഉയര്‍ത്തിയത്.

To advertise here,

ഭേദഗതിയുമായി ബന്ധപ്പെട്ട കരട് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് മന്ത്രിമാര്‍ എതിര്‍ത്ത് പ്രകടിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ യോഗം നടന്നത്. 

15 വര്‍ഷത്തിന് ശേഷമാണ് റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കം തുടങ്ങിയത്. ഏകദേശം ഒരു വര്‍ഷം മുമ്പാണ് സര്‍ക്കാര്‍ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. റൂള്‍സ് ഓഫ് ഭേദഗതിയില്‍ ഏറ്റവും പ്രധാനപ്പെട്ട മാറ്റം വകുപ്പ് സെക്രട്ടറിമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നു. നിലവില്‍ പ്രധാനപ്പെട്ടതും അല്ലാത്തതുമായ എല്ലാ ഫയലുകളും വകുപ്പ് മന്ത്രിമാര്‍ കണ്ടതിന് ശേഷം മാത്രമെ തീര്‍പ്പാക്കാൻ കഴിയു.  

നിലവില്‍ മന്ത്രിമാര്‍ അവധിയിലോ, വിദേശത്തേക്കോ മറ്റോ പോകുമ്പോള്‍ മറ്റര്‍ക്കെങ്കിലും ചുമതലകൊടുക്കണമെങ്കില്‍ അതിനുള്ള അന്തിമ അധികാരം നിലവിലെ റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ച് ഗവര്‍ണര്‍ക്കാണ്. എന്നാല്‍ അത് മാറ്റി മുഖ്യമന്ത്രിക്ക് അത്തരത്തിലുള്ള അധികാരം നല്‍കുന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ഭേദഗതി. ഇത്തരത്തില്‍ മുഖ്യമന്ത്രിയിലേക്കും വകുപ്പ് സെക്രട്ടറിമാരിലേക്കും കൂടുതല്‍ അധികാരം കേന്ദ്രീകരിക്കുന്നു എന്നതാണ് ഈ പുതിയ റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയുമായി ബന്ധപ്പെട്ട് വരുന്ന പ്രധാനപ്പെട്ട വിമര്‍ശനം.

മന്ത്രിക്കൊപ്പം സെക്രട്ടറിയും

നിലവിലെ വ്യവസ്ഥപ്രകാരം ഒരു വകുപ്പിന്റെ ചുമതല ആ വകുപ്പിന്റെ മന്ത്രിക്കാണ്. മന്ത്രിക്കൊപ്പം പ്രാഥമിക ചുമതലയിലേക്ക് വകുപ്പ് സെക്രട്ടറിയെക്കൂടി ഉൾപ്പെടുത്താനാണ് പുതിയ ശുപാർശ. സെക്രട്ടറിക്ക് ഇങ്ങനെ ലഭിക്കുന്ന അധികാരത്തിലൂടെ വേണമെങ്കിൽ ബന്ധപ്പെട്ട മന്ത്രിയറിയാതെയും ഫയൽ തീർപ്പാക്കാൻ കഴിയും. വകുപ്പ് മന്ത്രി മുഖേനയാണ് നിലവിൽ ഫയലുകൾ മുഖ്യമന്ത്രി വിളിച്ചുവരുത്തുക. പുതിയ ശുപാർശയിൽ മുഖ്യമന്ത്രിക്ക് സ്വന്തം ഇഷ്ടപ്രകാരം ഏതു വകുപ്പിലെയും ഫയലും വിളിച്ചുവരുത്തി തീരുമാനമെടുക്കാം. വകുപ്പ് മന്ത്രിയുടെ അഭിപ്രായം അറിയുകയോ, കൂടിയാലോചിക്കുകയോ വേണമെന്നില്ല.

പുതുതായി മൂന്നാം ഷെഡ്യൂൾ

നിലവിലുള്ള രണ്ട് വിഭാഗങ്ങൾക്കുപുറമേ മൂന്നാം ഷെഡ്യൂൾകൂടി നിലവിൽവരും. മൂന്നാം ഷെഡ്യൂൾ മുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ച് ചീഫ് സെക്രട്ടറിക്ക് അപ്പപ്പോൾ ഭേദഗതി ചെയ്യാം. നിലവിൽ ഗവർണറുടെ അംഗീകാരത്തോടെയാണ് ഷെഡ്യൂളിലും മാറ്റം വരുത്തുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന കാര്യങ്ങളിൽ തീരുമാനം വകുപ്പ് സെക്രട്ടറിക്ക് എടുക്കാം, മന്ത്രിയറിയണമെന്നില്ല.

പി.എസ്.സി. ഉൾപ്പെടെ സമാന സ്വഭാവമുള്ള സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയിലെ ചെയർമാൻ, ഡയറക്ടർ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എന്നിവരുടെ നിയമനം മുഖ്യമന്ത്രിക്ക് നടത്താം. സെക്രട്ടറിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നിയമന ഫയൽ മന്ത്രിസഭയിൽ വേണമെങ്കിൽ വെക്കാമെന്നല്ലാതെ നിർബന്ധമില്ല.

പി.എസ്.സി.ക്കും സ്റ്റാറ്റ്യൂട്ടറി ഏജൻസികൾക്കും റഫർ ചെയ്യുന്ന കേസുകളും ക്ലാസ് ത്രീ, ക്ലാസ് ഫോർ, ഡെപ്യൂട്ടേഷൻ നിയമനം, ജീവനക്കാരുടെ അച്ചടക്ക നടപടി തീർപ്പാക്കൽ എന്നിവയൊക്കെ സെക്രട്ടറിതലത്തിൽ തീർപ്പാക്കാം. പ്രധാനപ്പെട്ട കാര്യങ്ങൾ സെക്രട്ടറിക്ക് തീരുമാനിക്കാം. വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ മന്ത്രിക്ക്‌ അയക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും വളരെ പ്രധാനപ്പെട്ടത് എന്താണെന്ന് വ്യവസ്ഥചെയ്തിട്ടില്ല.

മന്ത്രിസഭാ തീരുമാനം മാറ്റുന്നതും മന്ത്രിയറിയില്ല

മന്ത്രിസഭായോഗ തീരുമാനം പുനഃപരിശോധിക്കുന്നതിന് വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവർ മുഖേന മുഖ്യമന്ത്രിക്ക് ഫയൽ നൽകണമെന്നാണ് പുതിയ നിർദേശം. ക്രമസമാധാനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സെക്രട്ടറി തലത്തിലാണ് തീരുമാനം. കോടതി ഉത്തരവ് നടപ്പാക്കുന്നതിനുള്ള അധികാരവും സെക്രട്ടറിക്കാണ്. വിദഗ്‌ധരെ നിയമിക്കുന്ന എക്സ് ഒഫിഷ്യോ സെക്രട്ടറി തസ്തികയും സെക്രട്ടറിമാരുടെ പട്ടികയിൽ ഉൾപ്പെടുത്താനും നിർദേശമുണ്ട്.

Content Highlight: Amendment the rules of business